'9,99,999-ാമത് കൊവിഡ് ടെസ്റ്റ്'; രസകരമായ വീഡിയോയുമായി സോനു നിഗം

By Web TeamFirst Published Nov 23, 2021, 11:47 PM IST
Highlights

സെലിബ്രിറ്റികളടക്കം നിരവധി പേരാണ് സോനുവിന്റെ രസകരമായ വീഡിയോയ്ക്ക് പ്രതികരണമറിയിച്ചിരിക്കുന്നത്. പലരും സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്നതിന്റെ വിഷമതയും പങ്കുവച്ചു

കൊവിഡ് 19 മഹാമാരിയുമായുള്ള ( Covid 19 Pandemic) നമ്മുടെ പോരാട്ടം തുടങ്ങി രണ്ട് വര്‍ഷം പിന്നിട്ടിരിക്കുന്നു. 2019 അവസാനമാണ് കൊവിഡ് 19 എന്ന രോഗം ലോകരാജ്യങ്ങളെയാകെ പിടിച്ചുലച്ചുകൊണ്ട് പടരാന്‍ തുടങ്ങിയത്. 2020ഉം 2021ഉം പൂര്‍ണ്ണമായും കൊവിഡിന്റെ പശ്ചാത്തലത്തില്‍ ( covid Crisis) തന്നെയാണ് കടന്നുപോയതെന്ന് പറയാം. 

2022ലേക്ക് കയറാനൊരുങ്ങുമ്പോഴും കൊവിഡ് ഉയര്‍ത്തിയ ഭീഷണികള്‍ അടങ്ങിയിട്ടില്ല. ഇതിനിടെ എത്രയോ തവണ നമ്മളില്‍ മിക്കവരും കൊവിഡ് പരിശോധന നടത്തിക്കാണും. ആദ്യഘട്ടങ്ങളില്‍ പരിശോധന നടത്തുന്നത് തന്നെ തെരഞ്ഞെടുത്ത അവസരങ്ങളിലായിരുന്നുവെങ്കില്‍, പിന്നീട് കൊവിഡ് പരിശോധന സര്‍വസാധാരണമായി മാറുകയായിരുന്നു. 

ഇതിനിടെ യാത്രകള്‍ക്കും, വിവിധ പരിപാടികളിലും ആഘോഷങ്ങളിലും പങ്കെടുക്കേണ്ട സാഹചര്യങ്ങളിലുമെല്ലാം ഇതിനായി പ്രത്യേകം കൊവിഡ് പരിശോധന നടത്തി, സാക്ഷ്യപത്രം കരുതേണ്ടത് അത്യാവശ്യമായി മാറി. ഈ സാഹചര്യത്തില്‍ ആവര്‍ത്തിച്ച് കൊവിഡ് പരിശോധന നടത്തിയവര്‍ ഏറെയാണ്. സമാനമായ അനുഭവത്തെ കുറിച്ച് രസകരമായി പങ്കുവയ്ക്കുകയാണ് പ്രമുഖ ഗായകന്‍ സോനു നിഗം.

 

 

തന്റെ 9,99,999-ാമത്തെ കൊവിഡ് പരിശോധനയാണിത് എന്ന അടിക്കുറിപ്പുമായി സോനു കൊവിഡ് പരിശോധന നടത്തുന്ന വീഡിയോ ആണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ലാബ് ടെക്‌നീഷ്യന്‍ സ്വാബ് ശേഖരിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇത്രയധികം തവണ പരിശോധനയ്ക്ക് വിധേയനായിട്ടും സാമ്പിള്‍ ശേഖരിക്കുമ്പോള്‍ അനുഭവപ്പെടുന്ന അസ്വസ്ഥതയില്‍ നിന്ന് സോനു മുക്തനല്ലെന്ന് വീഡിയോയില്‍ തന്നെ വ്യക്തമാണ്. 

സെലിബ്രിറ്റികളടക്കം നിരവധി പേരാണ് സോനുവിന്റെ രസകരമായ വീഡിയോയ്ക്ക് പ്രതികരണമറിയിച്ചിരിക്കുന്നത്. പലരും സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്നതിന്റെ വിഷമതയും പങ്കുവച്ചു.

 

 

കൊവിഡ് 19 വ്യാപകമായ സമയത്ത് ബോധവത്കരണ പരിപാടികളിലും മറ്റും സജീവമായിരുന്നു സോനു. കൊവിഡ് രോഗികള്‍ക്ക് സാന്ത്വനമേകാനായി പാട്ടുകള്‍ പാടിയും, ഓക്‌സിജനും മരുന്നുകളും എത്തിച്ചും, വാക്‌സിനേഷന്റെയും മാസ്‌കിന്റെയും പ്രാധാന്യത്തെ കുറിച്ച് ആരാധകരുമായി സംവദിച്ചും കൊവിഡ് കാലത്തെ പ്രവര്‍ത്തനങ്ങളില്‍ സോനു തന്റെ സജീവ പങ്കാളിത്തം അറിയിച്ചിരുന്നു.

Also Read:- 'യൂറോപ്പില്‍ വരും മാസങ്ങളില്‍ ഏഴ് ലക്ഷത്തോളം കൊവിഡ് മരണം'

click me!