വണ്ണം കുറയ്ക്കണോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് സുഗന്ധവ്യജ്ഞനങ്ങൾ...

By Web TeamFirst Published Dec 6, 2020, 8:34 PM IST
Highlights

രോഗപ്രതിരോധശേഷി കൂട്ടാന്‍ സുഗന്ധവ്യജ്ഞനങ്ങൾ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണെന്നും വിദഗ്ധര്‍ പറയുന്നു. 

വണ്ണം കുറയ്ക്കാൻ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടത്? മുടങ്ങാതെ വ്യായാമം ചെയ്തും ഭക്ഷണം നിയന്ത്രിച്ചും മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയുകയുള്ളൂ. മധുരം, അന്നജം, എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കി,  ഫൈബര്‍, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി ഡയറ്റ് ക്രമീകരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. നമ്മുടെ സുഗന്ധവ്യജ്ഞനങ്ങളെല്ലം തന്നെ വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ്  വിദഗ്ധര്‍ പറയുന്നത്. 

ഇവയ്ക്കെല്ലാം തന്നെ പല രോഗങ്ങളെയും ശമിപ്പിക്കാനുള്ള അത്ഭുത സിദ്ധിയുമുണ്ട്. രോഗപ്രതിരോധശേഷി കൂട്ടാന്‍ സുഗന്ധവ്യജ്ഞനങ്ങൾ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണെന്നും വിദഗ്ധര്‍ പറയുന്നു. വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന സുഗന്ധവ്യജ്ഞനങ്ങൾ ഏതൊക്കെയെന്ന് നോക്കാം. 

ഒന്ന്...

മഞ്ഞള്‍ നമ്മുടെ അടുക്കളയിലെ ഏറ്റവും പരിചിതമായ വസ്തുവാണ്.  ഇരുമ്പിന്റെ കനത്തശേഖരം മഞ്ഞളിലുണ്ട്. കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് അനേകം രോഗാവസ്ഥകളില്‍ പ്രയോജനം ചെയ്യുന്നതാണ്. ബാക്റ്റീരിയ ഉണ്ടാക്കുന്ന രോഗങ്ങള്‍, ഉണങ്ങാത്ത വ്രണം, നീര്‍വീഴ്ച തുടങ്ങിയ അവസ്ഥകളില്‍ ശരീരബലം വര്‍ധിപ്പിച്ച് രോഗശമനം ഉണ്ടാക്കുന്നു. ഒപ്പം ശ്വാസകോശത്തെ ബാധിക്കുന്ന വൈറസിനെതിരേയും മഞ്ഞള്‍ ഫലപ്രദമെന്ന് തെളിഞ്ഞിട്ടുണ്ട്. രോഗപ്രതിരോധശേഷി കൂട്ടാനും മഞ്ഞള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഒപ്പം ശരീരഭാരം കുറയ്ക്കാനും മഞ്ഞൾ ഫലപ്രദമാണ്. കൊഴുപ്പ് കത്തിച്ചു കളയാന്‍ ഇവയ്ക്ക് കഴിവുണ്ട്. അതുവഴി വയര്‍ കുറയ്ക്കാനും സാധിക്കും.  ഇതിനായി ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ച് അതിലേയ്ക്ക് അര ടീസ്പൂൺ മഞ്ഞളും അര ടീസ്പൂണ്‍ ഇഞ്ചി നീരും ചേർക്കുക. എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ ഈ പാനീയം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. 

രണ്ട്...

ഉലുവയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവ വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും.  ദിവസവും രാവിലെ ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് സ്വാഭാവികമായി എരിച്ചു കളയുവാനും സഹായിക്കും. 

മൂന്ന്...

ധാരാളം ഔഷധ ​ഗുണങ്ങളുള്ള ഒന്നാണ് കറുവപ്പട്ട.  ആന്റിഓക്സിഡന്‍സ് ധാരാളം അടങ്ങിയ കറുവപ്പട്ട പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. ഒപ്പം ഹൃദയസംബന്ധമായ അസുഖങ്ങൾ തടയാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും ഇവ സഹായിക്കും. കൂടാതെ ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നതാണ് കറുവപ്പട്ട.  അമിതവണ്ണം ഇല്ലാതാക്കാൻ ദിവസവും രാവിലെ വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിക്കാം. 

നാല്...

കുരുമുളക് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഭക്ഷണത്തെ രുചികരമാക്കുന്നതിനപ്പുറം നിരവധി ഗുണങ്ങൾ കുരുമുളകിനുണ്ട്​. വിറ്റാമിൻ എ, കെ, സി, കാത്സ്യം, പൊട്ടാസ്യം, സോഡിയം എന്നിവയാൽ സമ്പന്നമാണ്​ കുരുമുളക്​. ഫൈബര്‍ അടങ്ങിയ ഇവ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. 

അഞ്ച്...

അടുക്കളയിലെ വീരനായ വറ്റൽ മുളക് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാപ്‌സെയ്‌സിന്‍റെ കലവറയായ മുളക് കഴിച്ചതിനു ശേഷം വയറ്റിനുള്ളില്‍ ഉണ്ടാകുന്ന ചെറിയ രീതിയിലുള്ള അസ്വസ്ഥതകളെല്ലാം വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കും. കൊഴുപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ, മധുര പലഹാരങ്ങൾ, ഉപ്പ് അധികമായി അടങ്ങിയ ഭക്ഷണങ്ങൾ എന്നിവയോടുള്ള ആസക്തി കുറയ്ക്കുന്നതിനും ഇത് സഹായകമാണ്. 

Also Read: കുടവയര്‍ കുറയ്ക്കണോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് പച്ചക്കറികള്‍...

click me!