സിംഹങ്ങളെ പോലും കടന്നുപിടിച്ച് കൊവിഡ് 19; ഇന്ത്യയുടെ സഹായം തേടി ശ്രീലങ്ക

By Web TeamFirst Published Jun 18, 2021, 8:46 PM IST
Highlights

 2013ല്‍ മൂന്ന് വയസ് മാത്രം പ്രായമുള്ളപ്പോള്‍ ദക്ഷിണ കൊറിയയിലെ സീയോള്‍ കാഴ്ചബംഗ്ലാവില്‍ നിന്ന് ദെഹിവാള കാഴ്ചബംഗ്ലാവിലേക്ക് ഒരു സമ്മാനമെന്ന നിലയില്‍ കൈമാറ്റം ചെയ്യപ്പെട്ട സിംഹമാണ് ഇപ്പോള്‍ കൊവിഡ് ബാധിച്ച് മരണത്തെ മുഖാമുഖം കണ്ട് തുടരുന്നത്

കൊവിഡ് 19 മഹാമാരി മനുഷ്യരെ മാത്രമല്ല, മൃഗങ്ങളെയും ബാധിക്കുമെന്ന് നാം കണ്ടറിഞ്ഞതാണ്. യുകെ, യുഎസ് പോലുള്ള വിദേശരാജ്യങ്ങളിലാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ ആദ്യഘട്ടത്തില്‍ വന്നത്. വളര്‍ത്തുനായ, വളര്‍ത്തുപൂച്ച എന്നിവയിലെല്ലാം കൊവിഡ് 19 സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. 

ഇതിന് ശേഷം ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ കാഴ്ചബംഗ്ലാവിലെ മൃഗങ്ങളിലും കൊവിഡ് കണ്ടെത്തിയിരുന്നു. ഹൈദരാബാദ് നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്ക്, ചെന്നൈ അരിങ്ങ്യര്‍ അണ്ണാ സുവേളജിക്കല്‍ പാര്‍ക്ക് എന്നിവിടങ്ങളിലെ സിംഹങ്ങളെ കൂട്ടമായി കൊവിഡ് കടന്നുപിടിക്കുന്ന കാഴ്ചയും നാം കണ്ടു. ഇതില്‍ ഹൈദരാബാദിലെ സുവോളജിക്കല്‍ പാര്‍ക്കിലുള്ള സിംഹങ്ങള്‍ കൊവിഡ് മുക്തരായെങ്കിലും ചെന്നൈയില്‍ രണ്ട് സിംഹങ്ങള്‍ക്ക് രോഗബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായി. മറ്റ് ഏഴ് സിംഹങ്ങള്‍ ഇവിടെ കൊവിഡ് ചികിത്സയില്‍ തുടരുകയാണ്.

ഇപ്പോഴിതാ ശ്രീലങ്കയിലെ ദെഹിവാളാ കാഴ്ചബംഗ്ലാവിലെ 11 വയസ് പ്രായമായ സിംഹവും കൊവിഡ് ബാധ മൂലം ഗുരുതരാവസ്ഥയിലായിരിക്കുകയാണ്. 2013ല്‍ മൂന്ന് വയസ് മാത്രം പ്രായമുള്ളപ്പോള്‍ ദക്ഷിണ കൊറിയയിലെ സീയോള്‍ കാഴ്ചബംഗ്ലാവില്‍ നിന്ന് ദെഹിവാള കാഴ്ചബംഗ്ലാവിലേക്ക് ഒരു സമ്മാനമെന്ന നിലയില്‍ കൈമാറ്റം ചെയ്യപ്പെട്ട സിംഹമാണ് ഇപ്പോള്‍ കൊവിഡ് ബാധിച്ച് മരണത്തെ മുഖാമുഖം കണ്ട് തുടരുന്നത്. 

ശ്രീലങ്കയില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച വന്യജീവി കൂടിയാണ് തോര്‍ എന്ന് പേരുള്ള ഈ സിംഹം. നിലവില്‍ സിംഹത്തിന്റെ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്ത്യയുടെ സഹായം തേടുകയാണ് ശ്രീലങ്ക. 'സെന്‍ട്രല്‍ സൂ അതോറിറ്റി ഒാഫ് ഇന്ത്യ'യില്‍ നിന്നുള്ള വിദഗ്ധരുമായാണ് ശ്രീലങ്കന്‍ കാഴ്ചബംഗ്ലാവ് അധികൃതര്‍ ബന്ധപ്പെട്ടിരിക്കുന്നത്. 

'കൊവിഡ് സംശയം തോന്നിയതോടെ പലവട്ടം ഞങ്ങള്‍ പരിശോധന നടത്തി. എല്ലാ പരിശോധനയിലും പൊസിറ്റീവ് ആയതോടെയാണ് തോറിന് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇപ്പോള്‍ കടുത്ത ശ്വാസതടസം നേരിടുകയാണ് തോര്‍. ഭക്ഷണം കഴിക്കാതെ ആയി ദിവസങ്ങളായി. ഈ സാഹചര്യത്തില്‍ ഞങ്ങള്‍ ഇന്ത്യയിലെ വിദഗ്ധരോട് സഹായം തേടിയിരിക്കുകയാണ്....'- 'നാഷണല്‍ സുവോളജിക്കല്‍ ഗാര്‍ഡന്‍സ്' വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഇഷിനി വക്രമസിംഗെ പറഞ്ഞു.

കാഴ്ചബംഗ്ലാവിലെ മറ്റ് സിംഹങ്ങളെ ഐസൊലേഷനിലേക്ക് മാറ്റിയതായും തോറിന് ഓക്‌സിജന്‍ നല്‍കി വരികയാണെന്നും വിക്രമസിംഗെ അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മറ്റൊരു വന്യജീവി സങ്കേതത്തിലെ ആനകളിലും അധികൃതര്‍ കൊവിഡ് പരിശോധന നടത്തിയിട്ടുണ്ട്. 

മനുഷ്യരുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ജീവികളിലും മൃഗങ്ങളിലും കൊവിഡ് ബാധയുണ്ടാകുന്നത് ഏറെ ആശങ്കയാണ് സൃഷ്ടിക്കുന്നത്. കാഴ്ചബംഗ്ലാവുകളിലാണെങ്കില്‍ ആകെ അവശേഷിക്കുന്ന ജൈവ സമ്പത്താണ് ഇത്തരത്തില്‍ കൈവിട്ട് പോകുന്നത്. ഇതും ഓരോ രാജ്യത്തെയും സംബന്ധിച്ച് മൂല്യമേറിയ വിഷയമാണ്. ഏതായാലും മൃഗസംരക്ഷരും അത്തരത്തിലുള്ള സംഘനകളുമെല്ലാം വലിയ പ്രാധാന്യത്തോടെയാണ് കാഴ്ചബംഗ്ലാവുകളിലെ മൃഗങ്ങളിലെ കൊവിഡ് ബാധ ഏറ്റെടുക്കുന്നത്.

Also Read:- കൊവിഡ് ബാധിച്ച് കാഴ്ച ബംഗ്ലാവിലെ സിംഹത്തിന് അന്ത്യം; മറ്റ് 8 സിംഹങ്ങള്‍ക്ക് കൂടി കൊവിഡ് ബാധ...

click me!