'ഡിപ്രഷന്‍ ലീവ്' ചോദിച്ചു; വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി

By Web TeamFirst Published Apr 7, 2019, 8:00 PM IST
Highlights

മാനസികമായ അസ്വസ്ഥതകളെ തുടര്‍ന്ന് ഡോക്ടറെ കണ്ടപ്പോഴാണ് 'മോഡറേറ്റ് ഡിപ്രസീവ് ഡിസോര്‍ഡര്‍' എന്ന അവസ്ഥയിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്ന് വിദ്യാര്‍ത്ഥിനി തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഒരാഴ്ചത്തേക്ക് ലീവിന് വേണ്ടി അപേക്ഷിക്കുകയായിരുന്നു

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഏറ്റവുമധികം വിഷാദരോഗികളുള്ള രാജ്യം ഇന്ത്യയാണ്. രാജ്യത്തെ ആകെ ജനസംഖ്യയില്‍ ഏതാണ്ട് 6.5 ശതമാനവും എന്തെങ്കിലും തരത്തിലുള്ള മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നവരാണത്രേ. 

ഇത്രയും അപകടകരമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോഴും മാനസികാരോഗ്യം എന്ന വിഷയത്തെ നമ്മള്‍ എത്ര അപ്രധാനമായിട്ടാണ് കാണുന്നത് എന്നതിന് തെളിവാണ് ഇന്ന് മദ്ധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്ന് പുറത്തുവന്ന ഒരു വാര്‍ത്ത. 

വിഷാദരോഗത്തെ തുടര്‍ന്ന് ഒരാഴ്ച ലീവ് ചോദിച്ച കോളേജ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയെന്നാണ് വാര്‍ത്ത. ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഉള്‍പ്പെടെയുള്ള കടലാസുകള്‍ ഹോസ്റ്റലില്‍ കാണിച്ചെങ്കിലും അവയെല്ലാം വ്യാജമാണെന്നാരോപിച്ചായിരുന്നു ഹോസ്റ്റല്‍ അധികൃതരുടെ നടപടി. 

ഭോപ്പാലിലെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനിലെ വിദ്യാര്‍ത്ഥിനിക്കാണ് ഈ ദുര്‍ഗതി ഉണ്ടായിരിക്കുന്നത്. മാനസികമായ അസ്വസ്ഥതകളെ തുടര്‍ന്ന് ഡോക്ടറെ കണ്ടപ്പോഴാണ് 'മോഡറേറ്റ് ഡിപ്രസീവ് ഡിസോര്‍ഡര്‍' എന്ന അവസ്ഥയിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്ന് വിദ്യാര്‍ത്ഥിനി തിരിച്ചറിഞ്ഞത്. 

തുടര്‍ന്ന് ഒരാഴ്ചത്തേക്ക് ലീവിന് വേണ്ടി അപേക്ഷിക്കുകയായിരുന്നു. എന്നാല്‍ ലീവ് അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ച ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ വ്യാജമാണെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിനിയോട് ഹോസറ്റല്‍ കാലിയാക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. കൂട്ടത്തില്‍ മാതാപിതാക്കള്‍ ആരെങ്കിലും ഹോസ്റ്റലിലേക്ക് ഉടന്‍ എത്തണമെന്നും ആവശ്യപ്പെട്ടു. 

ആശുപത്രിയില്‍ നിന്ന് നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ എന്തോ ഒപ്പ് കാണുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അവരത് വ്യാജമാണെന്ന് വാദിച്ചത്. അത് ആശുപത്രിയുടെ ഭാഗത്ത് നിന്ന് സംഭവിച്ച അശ്രദ്ധയായിരുന്നു. വൈകാതെ ഇത് പരിഹരിക്കുകയും ചെയ്തു. 

എന്നാല്‍ ഇതൊന്നും ഹോസ്റ്റല്‍ അധികൃതര്‍ കൂട്ടാക്കിയില്ല. അവര്‍ വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ വിളിച്ചുവരുത്തി, മകള്‍ വ്യാജ ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് തന്നുവെന്നും ഇത് പൊലീസില്‍ അറിയിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയെ പുറത്താക്കിയതായും അറിയിച്ചു.

'Pinjra Tod: Break the Hostel Locsk' എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇതിനോടകം തന്നെ വലിയ പ്രതിഷേധമാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തന്നെ കീഴിലുള്ള വിനയ് നികേതന്‍ ഹോസ്റ്റലിനെതിരായി വന്നിരിക്കുന്നത്. 

click me!