
വിവിധ രാജ്യങ്ങളിലെ മദ്യപാനത്തിന്റെ തോത് അടയാളപ്പെടുത്തുന്ന പുതിയൊരു പഠനത്തില്‍ ശ്രദ്ധിക്കപ്പെട്ട് ഇന്ത്യയും. രാജ്യത്തെ മദ്യപാനത്തിന്റെ തോത് ഓരോ വര്‍ഷവും കൂടിവരികയാണെന്നും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 2017ല്‍ 38 ശതമാനം വരെ വര്‍ധനവില്‍ എത്തിയെന്നുമാണ് കണക്ക്.
ജര്‍മ്മനിയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകരാണ് പഠനത്തിന് പിന്നില്‍. ഇന്ത്യയെ കൂടാതെ ചൈനയും വിയറ്റ്‌നാമും വര്‍ധിച്ചുവരുന്ന മദ്യപാനത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലെത്തിയിട്ടുണ്ട്. തീര്‍ന്നില്ല വിശേഷം, 2030 ആകുമ്പോഴേക്ക് ഇനിയും കുടിയന്മാരുടെ എണ്ണം രാജ്യത്ത് കൂടുമത്രേ.
ജനസംഖ്യാവര്‍ധനവും ജീവിതസാഹചര്യങ്ങളും തന്നെയാണ് വര്‍ധിച്ചുവരുന്ന മദ്യപാനത്തിന്റെ കാരണമായി പഠനം ചൂണ്ടിക്കാണിക്കുന്നത്. മുമ്പ് യൂറോപ്പ് പോലുള്ള ധനികരായിരുന്നു മദ്യപാനത്തിന്റെ കാര്യത്തില്‍ മുന്‍നിരയില്‍ എത്താറുള്ളതെങ്കില്‍ ഇപ്പോള്‍ അത്ര ധനികരല്ലാത്ത രാജ്യങ്ങളിലാണ് വര്‍ധിച്ച മദ്യപാനമുള്ളതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകര്‍ പറയുന്നു.
'1990 മുതലുള്ള കാലം എടുത്താല്‍, അന്നെല്ലാം ധനികരായ രാജ്യങ്ങളിലായിരുന്നു വലിയ തോതില്‍ മദ്യപാനമുണ്ടായിരുന്നത്. പിന്നീടുള്ള മാറ്റം വളരെ വ്യക്തമാണ്. ചൈനയേയും ഇന്ത്യയേയും വിയറ്റ്‌നാമിനേയും പോലുള്ള മധ്യവര്‍ഗ- രാജ്യങ്ങളില്‍ മദ്യപാനത്തിന്റെ തോത് വര്‍ധിച്ചുവന്നു'- പഠനസംഘത്തിലുള്ള ഗവേഷകനായ ജോക്കബ് മാന്‍തേ പറയുന്നു.
189 രാജ്യങ്ങളിലെ കണക്കുകളാണ് ഗവേഷകര്‍ പഠനത്തിനായി ഉപയോഗിച്ചത്. ആഗോളതലത്തില്‍ മദ്യപാനം വര്‍ധിച്ചുവരുന്ന സാഹചര്യം തന്നെയാണ് കാണാന്‍ സാധിക്കുന്നതെന്നും പഠനം വിലയിരുത്തി.