വീട്ടില്‍ വളര്‍ത്തുമൃഗങ്ങളുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് സന്തോഷിക്കാനിതാ പുതിയൊരു കണ്ടെത്തല്‍...

By Web TeamFirst Published Jan 9, 2023, 10:06 AM IST
Highlights

വളര്‍ത്തുമൃഗങ്ങളുള്ള വീട്ടുകാര്‍ക്ക് സന്തോഷം പകരുന്ന മറ്റൊരു പഠന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. 'മിഷിഗണ്‍ യൂണിവേഴ്സ്റ്റി'യില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് അഞ്ച് വര്‍ഷത്തിലധികം നീണ്ട പഠനം നടത്തിയിരിക്കുന്നത്.

വളര്‍ത്തുമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ബന്ധം പലപ്പോഴും മനുഷ്യരും മനുഷ്യരും തമ്മിലുള്ള ബന്ധത്തെക്കാള്‍ ഗാഢമായി തോന്നാറില്ലേ? മിക്കവരും വീട്ടിലെ വളര്‍ത്തുമൃഗങ്ങളെ വീട്ടിലെ മറ്റ് അംഗങ്ങളെ പോലെ തന്നെയാണ് കരുതാറ്. അവ തിരിച്ചും അങ്ങനെയായിരിക്കും. 

വളര്‍ത്തുമൃഗങ്ങളോടൊത്ത് ജീവിക്കുന്നത് കൊണ്ട് മനുഷ്യന് ആരോഗ്യപരമായി പല ഗുണങ്ങളുമുണ്ടെന്ന് നേരത്തെ പല പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വളര്‍ത്തുനായ്ക്കളൊക്കെയാണെങ്കില്‍ അവ വീട്ടിലും പരിസരത്തുമുണ്ടാകുന്നത് അവിടെയുള്ള മനുഷ്യരുടെ ആകെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നും ഇത് ഇവയിലൂടെ മനുഷ്യര്‍ക്ക് ലഭിക്കുന്ന ചില ബാക്ടീരിയകള്‍ മൂലമാണെന്നും ഒരു പഠനം പറയുന്നു.

അതുപോലെ ആരോഗ്യകരമായ ജീവിതരീതികളും ചിട്ടയും കൊണ്ടുപോകുന്നതിനും മറ്റും വളര്‍ത്തുമൃഗങ്ങള്‍ ഏറെ സഹായിക്കും. നമ്മുടെ ഉറക്കം, വിശ്രമം, ഭക്ഷണം, വ്യായാമം എന്നിങ്ങനെയുള്ള അടിസ്ഥാനപരമായ കാര്യങ്ങളിലെല്ലാം ഇവ വലിയ പങ്ക് വഹിക്കുന്നതോടെയാണ് ഇവ നമ്മുടെ നിത്യജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടവരായി മാറുന്നത്. 

ഇപ്പോഴിതാ വളര്‍ത്തുമൃഗങ്ങളുള്ള വീട്ടുകാര്‍ക്ക് സന്തോഷം പകരുന്ന മറ്റൊരു പഠന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. 'മിഷിഗണ്‍ യൂണിവേഴ്സ്റ്റി'യില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് അഞ്ച് വര്‍ഷത്തിലധികം നീണ്ട പഠനം നടത്തിയിരിക്കുന്നത്.

അമ്പത് വയസ് കടന്നവരുടെ ബുദ്ധിയുടെ പ്രവര്‍ത്തനത്തെ വളര്‍ത്തുമൃഗങ്ങള്‍ കാര്യമായി സ്വാധീനിക്കുന്നുവെന്നാണ് ഇവരുടെ കണ്ടെത്തല്‍. അതായത് ചിന്ത, ഓര്‍മ്മ, ഉണര്‍വ് എന്നിങ്ങനെ ബുദ്ധിയുടെ വിവിധ പ്രവര്‍ത്തനങ്ങളെ അനുകൂലമാം വിധം കൊണ്ടുപോകാൻ പ്രായമായവരെ വളര്‍ത്തുമൃഗങ്ങള്‍ സഹായിക്കുമത്രേ.

അഞ്ച് വര്‍ഷം നീണ്ട പഠന കാലയളവില്‍ പലപ്പോഴായി പഠനത്തില്‍ പങ്കെടുത്തവരുടെ ബുദ്ധിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനുള്ള പരീക്ഷണങ്ങള്‍ ഗവേഷകര്‍ നടത്തി. ഇതില്‍ വളര്‍ത്തുമൃഗങ്ങളുള്ളവരുടെ ബുദ്ധിയുടെ പ്രവര്‍ത്തനം പ്രായമായിക്കൊണ്ടിരിക്കുമ്പോഴും നന്നായി പോകുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തി. ഒരു ഘട്ടത്തിലും വളര്‍ത്തുമൃഗങ്ങളില്ലാത്തവര്‍ ഉള്ളവരെ ഇക്കാര്യത്തില്‍ പരാജയപ്പെടുത്തിയില്ലെന്നതാണ് കൗതുകം. 

ഇതിന് പുറമെ വാര്‍ധക്യത്തിലുണ്ടാകുന്ന ഏകാന്തത, വിഷാദം, വിരക്തി പോലുള്ള പ്രശ്നങ്ങള്‍ മറികടക്കാനും കായികമായി നല്ലരീതിയില്‍ മുന്നോട്ട് പോകാനുമെല്ലാം വളര്‍ത്തുമൃഗങ്ങളുമായുള്ള സമ്പര്‍ക്കം ഏറെ നല്ലതാണ്.

Also Read:- പ്രായം കൂടുന്നതിനെ നിങ്ങള്‍ക്ക് നീട്ടിവയ്ക്കാം; എങ്ങനെയെന്ന് മനസിലാക്കൂ...

click me!