ജിമ്മന്മാര്‍ 'ഗോ ബാക്ക്'; സ്ത്രീകള്‍ക്ക് വേണ്ടത് നിങ്ങളെയല്ല...

By Web TeamFirst Published Sep 6, 2020, 10:21 PM IST
Highlights

മിക്കവാറും പേരും 'ഫിറ്റ്' ആയിരിക്കുന്നത് സ്ത്രീകളില്‍ ആകര്‍ഷണം ജനിപ്പിക്കാന്‍ കൂടി വേണ്ടിയാണെന്ന് ചിന്തിക്കുന്നവരാണ്. എന്നാല്‍ ഈ ചിന്തയ്ക്ക് ചെറിയ മങ്ങലേല്‍പിക്കുന്ന പുതിയൊരു പഠനറിപ്പോര്‍ട്ടാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്
 

ശരീരത്തിന്റെ ഫിറ്റ്‌നസ് കാര്യങ്ങളില്‍ സ്ത്രീകളെക്കാള്‍ ബോധവാന്മാരാണ് ഇന്ന് പുരുഷന്മാര്‍. മുന്‍കാലങ്ങളില്‍ സ്ത്രീകള്‍ക്ക് അഴകളവുകള്‍ നിഷ്‌കര്‍ശച്ചിരുന്നത് പോലെ ഇപ്പോള്‍ പുരുഷന്മാര്‍ക്കും അഴകളവുകളുണ്ട്. മിക്കവാറും പേരും 'ഫിറ്റ്' ആയിരിക്കുന്നത് സ്ത്രീകളില്‍ ആകര്‍ഷണം ജനിപ്പിക്കാന്‍ കൂടി വേണ്ടിയാണെന്ന് ചിന്തിക്കുന്നവരുമാണ്. 

എന്നാല്‍ ഈ ചിന്തയ്ക്ക് ചെറിയ മങ്ങലേല്‍പിക്കുന്ന പുതിയൊരു പഠനറിപ്പോര്‍ട്ടാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അതായത്, കേവലം ആകര്‍ഷണത്തിന് പുറമെ പങ്കാളിയായി ഒരാളെ തെരഞ്ഞെടുക്കുമ്പോള്‍ സ്ത്രീകള്‍ ജിമ്മന്മാരെ വേണ്ടെന്ന് വയ്ക്കുന്നുവെന്നാണ് പഠനറിപ്പോര്‍ട്ട്. 

'യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ മിസിസിപ്പി'യില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകരാണ് രസകരമായ ഈ പഠനത്തിന് പിന്നില്‍. സിക്‌സ് പാക്കൊന്നുമില്ലാത്ത, അല്‍പം പരന്ന, എന്നാല്‍ കുടവയറില്ലാത്ത ശരീര പ്രകൃതിയുള്ള പുരുഷന്മാരെയാണ് മിക്കവാറും സ്ത്രീകള്‍ പങ്കാളിയായി തെരഞ്ഞെടുക്കാന്‍ താല്‍പര്യപ്പെടുന്നതത്രേ. 

രണ്ട് കാരണങ്ങളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. അതായത്, ജിമ്മന്‍ ശരീരമുള്ള പുരുഷന്മാര്‍ പൊതുവേ ഇണകളെ ആകര്‍ഷിക്കുന്ന കാര്യത്തില്‍ മുന്‍പന്തിയിലായിരിക്കുമെന്നും അതിനാല്‍ അവരുടെ ശ്രദ്ധ അധികവും ഇക്കാര്യത്തിലായിരിക്കുമെന്നും സ്ത്രീകള്‍ ചിന്തിക്കുന്നുവത്രേ. അതിനാല്‍ പങ്കാളിയാക്കാന്‍ തെരഞ്ഞെടുക്കുമ്പോള്‍ എപ്പോഴും തന്നോട് തന്നെ പ്രണയത്തിലായി നില്‍ക്കുന്ന തരം പുരുഷന്മാരെയാണ് സ്ത്രീകള്‍ കൂടുതള്‍ ആഗ്രഹിക്കുന്നതെന്നതാണ് ഒരു കാരണമായി പഠനം ചൂണ്ടിക്കാട്ടുന്നത്. 

രണ്ടാമതായി, 'ഫിറ്റ്‌നസ്' തല്‍പരരായ പുരുന്മാര്‍ക്ക് പൊതുവേ കുട്ടികളോട് വലിയ സ്‌നേഹമുണ്ടാകില്ലെന്നും അതിനാല്‍ അവരൊരിക്കലും നല്ല അച്ഛന്മാര്‍ ആകില്ലെന്നും സ്ത്രീകള്‍ ചിന്തിക്കുന്നുണ്ടത്രേ. ഇങ്ങനെ രണ്ട് കാരണങ്ങള്‍ കൊണ്ട് ജിമ്മന്മാരെ ജീവിതപങ്കാളിയാക്കാന്‍ കൊള്ളില്ലെന്നാണ് പഠനത്തില്‍ അധിക സ്ത്രീകളും അഭിപ്രായപ്പെട്ടിരിക്കുന്നത്. മുമ്പും സമാനമായ നിഗമനങ്ങളുമായി പഠനറിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിലും ഫിറ്റ്‌നസിലല്ല കാര്യം എന്ന മട്ടിലായിരുന്നു സ്ത്രീകള്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരുന്നത്.

Also Read:- സെക്‌സുമായി ബന്ധപ്പെട്ട് തലവേദന; കൂടുതല്‍ ശ്രദ്ധിക്കേണ്ടത് പുരുഷന്മാര്‍...

click me!