പല കാരണങ്ങള്‍ കൊണ്ടും നമുക്ക് തലവേദന അനുഭവപ്പെടാറുണ്ട്. വിശ്രമമില്ലാതെ നിരന്തരം ജോലി ചെയ്യുന്നത് മൂലം, ഉറക്കമില്ലായ്മ മൂലം, മാനസിക സമ്മര്‍ദ്ദം മൂലം, ദഹനപ്രശ്‌നങ്ങളെ തുടര്‍ന്ന് എന്നിങ്ങനെ നിത്യജീവിതത്തിലെ മറ്റ് അവസ്ഥകളുമായി ബന്ധപ്പെട്ടും ഏതെങ്കിലും അസുഖങ്ങളുടെ ഭാഗമായും എല്ലാം തലവേദ അനുഭവപ്പെട്ടേക്കാം. 

എന്നാല്‍ ഇക്കൂട്ടത്തില്‍ അധികമാരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന മറ്റൊരു കാരണമാണ് ലൈംഗികത. ലൈംഗിക വികാരങ്ങള്‍ ഉണര്‍ന്നുതുടങ്ങുമ്പോഴോ, ലൈംഗികതയിലേര്‍പ്പെടുമ്പോഴോ, അതിന് ശേഷമോ എല്ലാമാകാം ഈ തലവേദന രൂപപ്പെടുന്നത്. 

അപ്പോഴും മറ്റേതെങ്കിലും കാരണങ്ങള്‍ കൊണ്ടാകാം തലവേദനയെന്ന അനുമാനത്തിലേക്കാണ് മിക്കവരും എത്തിച്ചേരുക. എങ്കില്‍ കേട്ടോളൂ, സെക്‌സുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രത്യേക തരം തലവേദന തന്നെയുണ്ട്. 'സെക്‌സ് ഹെഡേക്ക്' എന്നാണ് ഇത് അറിയപ്പെടുന്നത്. മിക്കവാറും പുരുഷന്മാരിലാണ് ഇത് കാണപ്പെടുന്നത്. സ്ത്രീകളിലും അപൂര്‍വ്വമായി കാണാറുണ്ട്. 

തലയില്‍ നിന്നും കഴുത്തില്‍ നിന്നുമായി ചെറുതായി തുടങ്ങുന്ന വേദന പിന്നീട് ലൈംഗികതയുടെ സമയം മുന്നോട്ടുപോകും തോറും കൂടി വരിക, രതിമൂര്‍ച്ഛയുടെ തൊട്ടുമുമ്പോ, അതിനോടുകൂടിയോ, ശേഷമോ തുളച്ചുകയറുന്നത് പോലെ ഈ വേദന അധികരിക്കുക എന്നിവയെല്ലാമാണ് ഇതിന്റെ പ്രത്യേകത. 

നിമിഷങ്ങള്‍ മുതല്‍ മണിക്കൂറുകള്‍ വരെയോ, രണ്ടോ മൂന്നോ ദിവസം വരെയോ ഒക്കെയാണ് ഈ തലവേദന നീണ്ടുനില്‍ക്കുന്നതിന്റെ സമയം. മൈഗ്രേയ്‌നുള്ളവരില്‍ ഇതിനുള്ള സാധ്യത കൂടുതലാണ്. ചിലരിലാണെങ്കില്‍ 'സെക്‌സ് ഹെഡേക്ക്' പതിവാകുന്നതോടെ ലൈംഗികതയോട് വിരക്തി, ഭയം എന്നിവ അനുഭവപ്പെടാനും കാരണമാകാറുണ്ട്. 

എന്തുകൊണ്ടാണ് സെക്‌സുമായി ബന്ധപ്പെട്ട് തലവേദനയുണ്ടാകുന്നത് എന്നത് ശാസ്ത്രീയമായി വ്യക്തമല്ല. ഭൂരിപക്ഷം പേരിലും ഇത് തിരിച്ചറിയപ്പെടുക പോലും ചെയ്യാത്ത തരത്തില്‍ വന്നുപോവുക മാത്രമാണെന്നും ചിലരില്‍ മാത്രമാണ് ഇത് ആരോഗ്യ- ലൈംഗിക പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. എന്തെങ്കിലും ന്യൂറോളജിക്കല്‍ തകരാര്‍ നേരിടുന്നവരിലും, അതുപോലെ ചില മരുന്നുകള്‍ കഴിക്കുന്നവരിലുമെല്ലാം 'സെക്‌സ് ഹെഡേക്ക്' ഉണ്ടാകാറുണ്ടെന്നും അത് കൃത്യമായി കണ്ടെത്തി ചികിത്സ തേടേണ്ടത് ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. 

ലൈംഗികതയുമായി ബന്ധപ്പെട്ട് തലവേദനയുണ്ടാകുന്നത് വ്യക്തിയെ മാത്രമല്ല, അയാളുടെ പങ്കാളിയേയും ഭാഗികമായി ബാധിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഗൗരവമുള്ളതാണെന്ന് തോന്നിയാല്‍ തീര്‍ച്ചയായും ഇക്കാര്യം ഒരു ഡോക്ടറോട് വിശദീകരിക്കാവുന്നതാണ്. അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം മരുന്ന് കഴിക്കുകയോ ജീവിതരീതികളില്‍ മാറ്റം വരുത്തുകയോ ചെയ്യാവുന്നതാണ്. 

Also Read:- 'ഓറല്‍ സെക്‌സ്' ചിലരില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് പഠനം...