മുടി 'കറക്ട്' അല്ലെങ്കില്‍ പ്രാകൃതമായ ശിക്ഷയുമായി സ്‌കൂളുകള്‍; തെരുവിലിറങ്ങി പ്രതിഷേധിച്ച് കുട്ടികള്‍

By Web TeamFirst Published Aug 24, 2020, 7:14 PM IST
Highlights

ആദ്യഘട്ടത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ മാത്രമായിരുന്നു സമരമുഖത്ത് എങ്കില്‍ ഇപ്പോള്‍ അത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും മനുഷ്യാവകാശ പ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരുമെല്ലാം ഉള്‍പ്പെടുന്ന വമ്പന്‍ മുന്നേറ്റമായിട്ടുണ്ട്. സ്‌കൂളുകളുടെ അങ്കണത്തില്‍ മാത്രം സമരം നടത്തിയാല്‍ അത് ആരും അറിയാന്‍ പോകുന്നില്ലെന്നും ഏവരുടേയും ശ്രദ്ധ ലഭിക്കാന്‍ തന്നെയാണ് തെരുവിലേക്കിറങ്ങിയതെന്നും പ്രതിഷേധക്കാരായ വിദ്യാര്‍ത്ഥികളുടെ നേതാക്കള്‍ പറയുന്നു

ചരിത്രത്തില്‍ രേഖപ്പെടുത്താനും മാത്രം പ്രാധാന്യമുള്ളൊരു വിദ്യാര്‍ത്ഥി മുന്നേറ്റത്തിനാണ് ഏതാനും നാളുകളായി തായ്‌ലാന്‍ഡ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കടുത്ത നിയമങ്ങള്‍ക്കെതിരെ തുടങ്ങിയ സമരം ഇന്ന് സര്‍ക്കാരിനെ തന്നെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിലെത്തി നില്‍ക്കുകയാണ്. 

വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ മുടി എത്തരത്തില്‍ സൂക്ഷിക്കണമെന്ന് അതത് സ്ഥാപനങ്ങള്‍ നിഷ്‌കര്‍ശിക്കും. ഇതിന് അനുസരിച്ചല്ല വിദ്യാര്‍ത്ഥികള്‍ നടക്കുന്നതെങ്കില്‍, പിന്നെ അധ്യാപകരുടെ വക പ്രാകൃതമായ ശിക്ഷയാണ്. മറ്റ് കുട്ടികളെയെല്ലാം വിളിച്ചുകൂട്ടി അവര്‍ക്ക് മുന്നില്‍ വച്ച് 'തെറ്റ്' ചെയ്ത കുട്ടിയുടെ മുടി അധ്യാപകര്‍ മോശം രീതിയില്‍ മുറിച്ചുമാറ്റും. 

കടുത്ത അപമാനത്തിനാണ് ഇതോടെ കുട്ടികള്‍ ഇരയാകുന്നത്. ഇത്തരം പ്രാകൃതമായ നിയമങ്ങള്‍ സ്‌കൂളുകളോ കോളേജുകളോ സ്വതന്ത്രമായി കൈക്കൊള്ളുന്നതല്ല. തായ് സര്‍ക്കാരിന്റെ നയങ്ങളില്‍ ഉള്‍പ്പെട്ടതാണ്. അതിനാല്‍ തന്നെ സര്‍ക്കാരിനെതിരായാണ് ഇപ്പോള്‍ സമരം കൊടുമ്പിരി കൊള്ളുന്നത്. 

ആദ്യഘട്ടത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ മാത്രമായിരുന്നു സമരമുഖത്ത് എങ്കില്‍ ഇപ്പോള്‍ അത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും മനുഷ്യാവകാശ പ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരുമെല്ലാം ഉള്‍പ്പെടുന്ന വമ്പന്‍ മുന്നേറ്റമായിട്ടുണ്ട്. സ്‌കൂളുകളുടെ അങ്കണത്തില്‍ മാത്രം സമരം നടത്തിയാല്‍ അത് ആരും അറിയാന്‍ പോകുന്നില്ലെന്നും ഏവരുടേയും ശ്രദ്ധ ലഭിക്കാന്‍ തന്നെയാണ് തെരുവിലേക്കിറങ്ങിയതെന്നും പ്രതിഷേധക്കാരായ വിദ്യാര്‍ത്ഥികളുടെ നേതാക്കള്‍ പറയുന്നു. 

ഇതിനിടെ വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ റാലിക്കിടയിലേക്ക് മന്ത്രി ഇറങ്ങിവരികയും വരുമായി സംസാരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ തങ്ങള്‍ സര്‍ക്കാരിനെതിരെ മുന്നോട്ടുവയ്ക്കുന്ന ഉപാധികള്‍ അംഗീകരിക്കുക എന്നതല്ലാതെ മറ്റ് ചര്‍ച്ചകള്‍ക്കൊന്നും തയ്യാറല്ലെന്നാണ് വിദ്യാര്‍ത്ഥി പ്രക്ഷോഭകാരികള്‍ പറയുന്നത്. 

സര്‍ക്കാരിന്റെ പല ജനവിരുദ്ധ നയങ്ങളും സമരത്തിനിടെ ഉയര്‍ന്നുവരുന്നുണ്ട്. അതിനാല്‍ തന്നെ, കേവലം കുട്ടികളുടെ സമരമായി ഇതിനെ എഴുതിത്തള്ളാന്‍ കഴിയാത്ത അവസ്ഥയിലേക്കാണ് തായ് ഭരണകൂടം ഇപ്പോള്‍ എത്തിയിട്ടുള്ളത്.

Also Read:- 'എനിക്ക് ക്യാന്‍സറില്ല, മയക്കുമരുന്ന് ഉപയോഗിക്കാറില്ല'; പരിഹസിച്ചവരോട് സ്വാസ്തിക മുഖര്‍ജി...

click me!