2020 -ൽ കലാലയം വിട്ടിറങ്ങുന്നവർക്ക് പറയാനുള്ളത്

By Web TeamFirst Published May 2, 2020, 3:46 PM IST
Highlights

തങ്ങളുടേതല്ലാത്ത കാരണത്താൽ സാദ്ധ്യതകൾ ഏറെക്കുറെ അസ്തമിച്ച ഈ വർഷത്തിലേക്ക് കോഴ്സ് പൂർത്തിയാക്കി ജോലി തേടി ഇറങ്ങുന്നവരുടെ ശുഭപ്രതീക്ഷകൾ എന്തൊക്കെയാവും? 

2020 കൊവിഡിന്റെ വർഷമാണ്, സാമ്പത്തിക മാന്ദ്യത്തിന്റെ വർഷമാണ്. വിപണിയിൽ നിലവിലുള്ള ജീവനക്കാർ തൊഴിൽ നഷ്ടത്തെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന, കമ്പനികളെല്ലാം തന്നെ തങ്ങളുടെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കുന്ന, ഇൻക്രിമെന്റുകൾ വെട്ടിക്കുറക്കുന്ന, പുതിയ റിക്രൂട്ട്മെന്റുകൾ വേണ്ടെന്നു വെക്കുന്ന ഒരു വർഷമാവും 2020. 

അങ്ങനെ കൊവിഡ് എന്ന മഹാമാരി വിഷാദഛായ പടർത്തി നിൽക്കുന്ന 2020 -ലും കോഴ്സ് പൂർത്തിയാക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളുണ്ട്. അച്ഛനമ്മമാരുടെ ചിറകിൻ കീഴിൽ നിന്ന് പുറത്തിറങ്ങി, വിപണിയുടെ കാർക്കശ്യങ്ങളെ അതിജീവിച്ച്, സ്വന്തമായി ജോലിചെയ്ത്, നാലുകാശുണ്ടാക്കി സ്വതന്ത്രരാകാൻ സ്വപ്നം കണ്ടുകൊണ്ടിരിക്കുന്ന അവരിൽ എഞ്ചിനീയർമാരുണ്ട്, ഡോക്ടർമാരുണ്ട്, വക്കീലന്മാരുണ്ട്, ചാർട്ടേർഡ് അക്കൗണ്ടന്റുമാരുണ്ട്, എന്റർടെയ്ൻമെന്റ് രംഗത്തെ പ്രൊഫഷനലുകളുണ്ട്. കൊറോണ തകർത്തത് അവരുടെ യാത്രയയപ്പു പാർട്ടികളുടെ സ്വപ്നങ്ങളാണ്. ഇല്ലാതാക്കിയത് പ്രിയപ്പെട്ട സഹപാഠികളോട് ഒന്ന് ബൈ പറഞ്ഞിറങ്ങാനുള്ള അവസരമാണ്. 

തങ്ങളുടേതല്ലാത്ത കാരണത്താൽ സാദ്ധ്യതകൾ ഏറെക്കുറെ അസ്തമിച്ച ഈ വർഷത്തിലേക്ക് കോഴ്സ് പൂർത്തിയാക്കി ജോലി തേടി ഇറങ്ങുന്നവരുടെ ശുഭപ്രതീക്ഷകൾ എന്തൊക്കെയാവും? ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ അതേപ്പറ്റി ചില വിദ്യാർത്ഥികളോട് ചോദിക്കുകയുണ്ടായി. അവരുടെ മറുപടികളിലേക്ക്. ദുരന്തമുഖത്തും വറ്റാത്ത പ്രതീക്ഷകളിലേക്ക്.


സ്വാതി ലക്ഷ്മി വിക്രം, ഇംഗ്ലീഷ് സാഹിത്യ വിദ്യാർത്ഥിനി, സിഎംഎസ് കോളേജ് കോട്ടയം 

 

 

നാട്ടിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതൊക്കെ എന്ത്? എന്തുകൊണ്ട്? എവിടേക്ക്?

ജനങ്ങൾ എല്ലാം തന്നെ വീട്ടിലിരിപ്പുമായി പൊരുത്തപ്പെട്ട് വരുകയാണെന്ന് തോന്നുന്നു. ഇനി ലോക്ക് ഡൗൺ കഴിയുമ്പോൾ സങ്കടം തോന്നുന്നവർ ഉണ്ടാകാനും സാധ്യതയുണ്ട്. അഞ്ച് മണീടെ ടി.വി കാഴ്ചയും മിസ്സാവും. നാട്ടിൻ പുറത്തൊക്കെ ചക്കയാണ് താരം. വീട്ടിലെ ചക്ക തീർന്നപ്പോൾ ഒരു നെടുവീർപ്പ് പാസാക്കാം എന്ന് കരുതിയതാണ്. അപ്പോ ദേ അയൽപ്പക്കത്ത് നിന്നും തോളേൽ കേറി ചക്ക വരുന്നു. ( കാര്യം ചക്ക മടുത്തെങ്കിലും മലയാളികൾക്ക് ഇപ്പൊ ഇവൻ പ്രീയപ്പെട്ടവൻ തന്നെ ആടിന് പോലും കൊടുക്കാതെ പ്ലാവില വരെ ഇവന്മാര് ഫ്രൈ ചെയ്യുന്നു എന്നാണ് പ്ലാവിന്റെ പരാതി ) . ചക്കയും ചക്കകുരുവും മാമ്പഴ പുളിശ്ശേരിയും ഇപ്പോ ടോപ്പ് ടെണ്ണിൽ ഇടം നേടിയിരിക്കുന്നു.                  
           
ഇതുകഴിഞ്ഞാലും നമുക്ക് ജീവിക്കണം. നാം അതിജീവിക്കും. അല്ലേ?

കൃഷിയിലേക്ക് മടങ്ങണം എന്ന് മുഖ്യമന്ത്രി ഇടക്കിടെ ഓർമ്മിപ്പിക്കുന്നുമുണ്ട്. വറുതി കാലം വിദൂരമല്ല എന്നും കരുതാം. പതിയെ പറമ്പിലോട്ടൊക്കെ മലയാളി ഇറങ്ങി തുടങ്ങുന്നുണ്ട് . നാട്ടിലെ എക്കോ ഷോപ്പുകളിൽ പോളിത്തീൻ ഗ്രോ ബാഗുകൾ ബെസ്റ്റ് സെല്ലറായി എന്നത് സന്തോഷം പകരുന്ന കാഴ്ചയാണ്. 

കൊറോണാനന്തര കാലം എങ്ങനെയായിരിക്കും? നമ്മളെ വല്ലതും പഠിപ്പിക്കുമോ ഈ മഹാമാരി?

കൊറോണാനന്തര കാലം ഓർക്കുന്നത് അൽപ്പം രസം പകരുന്ന പരിപാടിയാണ്. മാസ്ക് നിർബന്ധമാക്കുന്നതിനെപ്പറ്റിയാണ് ചർച്ചകൾ . അങ്ങനെയാണേൽ കാമുകീ കാമുകൻമാർക്ക് ഒരു പരിധി വരെ നിരീക്ഷണ കണ്ണുകളിൽ നിന്നും രക്ഷനേടാൻ ഇത് നല്ലൊരു ഇതായിരിക്കും എന്ന് തോന്നുന്നു. എന്നാലും ഒന്ന് ചുംബിക്കണം എന്ന് തോന്നിയാൽ അവർ കുറച്ച് കഷ്ടപ്പെടും. പിന്നെ ഇതിൽ നിന്നൊക്കെ മലയാളി പഠിക്കുമോ എന്നത് ഉത്തരമില്ലാത്ത ചോദ്യമാണ്. രണ്ട് തവണ പ്രളയം ഒരു കൈ നോക്കിയതാണ് ... എങ്കിലും ശുഭാപ്തി വിശ്വാസത്തിനാണ് മുഖ്യമന്ത്രി പോലും പ്രാധാന്യം കൊടുക്കുന്നത് എന്നിരിക്കെ ഞാൻ നെഗറ്റീവ് അടിക്കരുതല്ലോ. മലയാളി നന്നാവും ...പിന്നല്ലാതെ

നിങ്ങളുടെ തൊഴിൽ സാധ്യതകളെ കൊവിഡ് ബാധിക്കുമോ?

തൊഴിൽ സാധ്യതകളെ കോവിഡ് ബാധിക്കുമോ എന്ന ഭയം നല്ല പോലെയുണ്ട്. അതിനാൽ തന്നെ മറ്റ് പല സാധ്യതകളെയും തേടുന്നുണ്ട്. ഇപ്പോൾ സിനിമകൾക്ക് സബ് ടൈറ്റിൽ ചെയ്ത് പഠിക്കുന്നു. ചെറിയ ഒന്ന് രണ്ട് വർക്കും കിട്ടി. ഒരു ഉപജീവന മാർഗ്ഗം കൂടിയായി. ഭാഷ പഠിക്കുന്നതിന്റെ ഒരു ഗുണമേ ...!


രൂപ ലക്ഷ്മി കെ എസ് : എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി, RIT ഗവ. എഞ്ചിനീയറിംഗ് കോളേജ്, കോട്ടയം 

 

 

നിങ്ങളുടെ കരിയർ പ്രോസ്പെക്റ്റുകളെ എങ്ങനെയാണ് കൊറോണ ബാധിച്ചിട്ടുള്ളത്?

രണ്ടുമാസം കൂടി കഴിഞ്ഞാൽ കോഴ്സ് പൂർത്തിയാക്കി ഒരു ജോലിക്ക് ശ്രമിക്കാം എന്ന് കരുതിയതാണ്. ഇപ്പോൾ രണ്ടു മാസം കഴിഞ്ഞാൽ വീട്ടിനു പുറത്തിറങ്ങാൻ സാധിക്കുമോ എന്നുപോലും അറിയാനാവാത്ത അവസ്ഥയാണ്.

കൊറോണ ഭീതിയിൽ ലോകമൊട്ടാകെ സ്തംഭിച്ചിരിക്കുകയാണ്. എല്ലാറ്റിനെയും പോലെ വിദ്യാഭ്യാസ രംഗവും ആകെ തകിടം മറിഞ്ഞിരികുകയാണ്.  ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി എന്ന നിലയിൽ എനിക്കു മുന്നിൽ ഇപ്പോൾ പ്രതിസന്ധികൾ ഇങ്ങനെ നിരന്നു നിൽക്കുകയാണ്. 

ജോലി നേടുക എന്ന ഒഴിവാക്കാനാവാത്ത ലക്ഷ്യത്തെ ഇനി എങ്ങനെ സമീപിക്കാനാണ് പ്ലാൻ?

ഭാവിയെ കുറിച്ച് ഏറ്റവും ആശങ്കയിൽ അകപെട്ടിരിക്കുന്നത് അവസാന വർഷ എഞ്ചിനീയറിംഗ് വിദ്യാർഥികളാണ്. പലർക്കും കൊറോണ വരും മുമ്പ് തന്നെ, പല നല്ല സ്ഥാപനങ്ങളിലും ക്യാമ്പസ് പ്ലേസ്മെന്റുകൾ വഴി ജോലി ഉറപ്പായെങ്കിലും മിക്കവർക്കും അപ്പോയിന്റ്മെന്റ് ഓർഡർ കിട്ടിയിട്ടില്ല. ഇനി എന്ന് കിട്ടുമെന്നും അറിയില്ല.  പലരും പറയുന്നത് വേറെ എവിടുന്നെങ്കിലും ഓഫർ വരുന്നുണ്ടെങ്കിൽ ഓക്കേ പറഞ്ഞോളൂ എന്ന മട്ടിലാണ്. ഇത് കുറച്ച് വൈകും എന്ന മുന്നറിയിപ്പ് അവർ തരുന്നുണ്ട്. എത്രകാലം വൈകും എന്ന് പറയുന്നില്ല. അതുകൊണ്ട് തന്നെ ജോലി ഉറപ്പായെന്ന് കരുതിയിട്ടും മുന്നോട്ടുള്ള തൊഴിൽജീവിതം വഴിമുട്ടിയ നിലയിലാണ് പലരും.

ഈ ലോക്ക് ഡൌൺ കാലത്തെ എങ്ങനെ സമീപിക്കാനാണ് നിങ്ങളുടെ പ്ലാൻ? ഇതിനെ എങ്ങനെ പോസിറ്റീവ് ആയി വിനിയോഗിക്കാമെന്നാണ്?

ഇതിനെ ഒരു വീട്ടുതടങ്കൽ എന്ന് കണ്ടാലേ 'ഫ്രസ്‌ട്രേഷൻ' തോന്നു. മറിച്ച് ചെയ്യാൻ ആഗ്രഹിച്ചിരുന്ന പലതും ചെയ്യാൻ ഒരു അവസരമായി കണ്ടാൽ പ്രശ്നം വരുന്നില്ല. ചെയ്യുന്നത് എഞ്ചിനീയറിംഗ് ആയതുകൊണ്ട് ഇഷ്ടം പോലെ ഓൺലൈൻ കോഴ്സ് ഉണ്ട്. നാളേക്ക് ഉപകാരമുള്ള പല സെർട്ടിഫിക്കേഷൻസും എടുക്കാനുള്ള ഒരു സമയം ആയിട്ടാണ് ഞാൻ ഈ ലോക്ക് ഡൗണിനെ കാണുന്നത്. ഒപ്പം, പാചകം, കല എന്നീ ഫീൽഡിലൊക്കെ നമുക്ക് കഴിവുണ്ടോ എന്ന് പരീക്ഷിക്കാനും ഈ സമയം ഉപകരിക്കും. അങ്ങനെ ഓരോ പരീക്ഷണത്തിൽ മുഴുകുമ്പോൾ നേരവും പോകും, ഫ്രസ്‌ട്രേഷനും വരില്ല.  അതിലുപതി, അവനവനെ വേണ്ടുംവിധം വിലയിരുത്താനും സ്വന്തം ശക്തിദൗര്ബല്യങ്ങൾ കണ്ടെത്താനും ഒക്കെയുള്ള ഏറ്റവും യോജ്യമായ ഒരു കാലഘട്ടമായാണ് ഈ ലോക്ഡൗൺ കാലഘട്ടത്തെ ഞാൻ നോക്കിക്കാണുന്നത്.


ഗോപിക ജയരാജ്, ഡാൻസർ, സിഎംഎസ് കോളേജ് കോട്ടയം  

 

 

വലിയ പ്രശ്നങ്ങൾ ഇല്ലാതെ തന്നെ ലോക്ക്ഡൗൺ കാലത്തെ അതിജീവിക്കാൻ കഴിയുന്നുണ്ട്. നൃത്തം പാഷൻ ആയത് കൊണ്ട് അതിന് വേണ്ടി സമയം ചിലവഴിക്കാൻ ശ്രമിക്കുന്നു. സാധകം ചെയ്യുന്നതിനാണ് ഇപ്പൊൾ ശ്രദ്ധകൊടുക്കുന്നത്. പിന്നെ പുതിയ ഐറ്റംസ് ചെയ്യാനും അത് സോഷ്യൽ മീഡിയ വഴി കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും ഈ ലോക്ക് ഡൗൺ കാലത്ത് കഴിയുന്നുണ്ട്. അങ്ങനെ മനസ്സ് കലങ്ങാതെ കൊണ്ടുപോകുന്നു. 

ഇഷ്ടമുള്ള കാര്യങ്ങൾക്ക് തന്നെ സമയം വിനിയോഗിക്കുന്നത് കൊണ്ടാവും കാര്യമായ സമ്മർദ്ദമോ ,മാനസിക സംഘർഷങ്ങളോ ഒന്നും അലട്ടുന്നില്ല. ഭാവിയെ കുറിച്ച് തീർച്ചയായും ആശങ്കയുണ്ട്. ഉപരിപഠനം ഇനി എന്ന് തുടങ്ങാനാകും എന്നറിയില്ല. എങ്കിലും എന്നിലെ കലാകാരിക്ക് ഈ ലോക്ക് ഡൗൺ കാലം പ്രിയങ്കരമാണ്. പക്ഷെ ഈ പ്രിവിലേജുകൾക്ക് ഒക്കെ അതീതരായി ഒരുപാട് കലാകാരന്മാർ നമ്മുക്ക് ചുറ്റുമുണ്ട്. അവർക്ക് കല ഉപജീവനം കൂടിയാണ്. അവരെ കൂടി ഈ സാഹചര്യത്തിൽ ഓർക്കേണ്ടതുണ്ട്, അതോർക്കുമ്പോൾ സങ്കടവുമുണ്ട്. 
  
 ക്രിസ്റ്റഫർ ദേവ് ജോസ് :  ജേർണലിസം വിദ്യാർത്ഥി, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി.

 

 

ഈ ലോക്ക് ഡൌൺ കാലത്തെ എങ്ങനെ അതിജീവിക്കുന്നു? 

സുഹൃത്തുക്കളുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. സോഷ്യൽ മീഡിയ വഴി, പ്രധാനമായും. ഹാർഡ് ഡിസ്ക്കിൽ കൊറേ സിനിമകളുണ്ട്. സിനിമകൾ കാണുന്നു,സീരീസും. (വെബ്ബും, അല്ലാത്തതും.). ടെലഗ്രാം വഴി ഡൗൺലോഡ് ചെയ്തും കാണുന്നുണ്ട് സിനിമയും സീരീസും. പിന്നെ ഒരു നേരം പോക്ക് മീമുകൾ ആണ്. അത് ഉണ്ടാക്കുകയും, മറ്റുള്ളവർ ഉണ്ടാക്കിയത് കണ്ടു ചിരിക്കുകയും ചെയ്യുന്നു.  പിന്നെ, മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സർക്കാർ ചെയ്യുന്ന പ്രധിരോധ പ്രവർത്തനങ്ങൾ കാണുന്നത് സർവൈവ് ചെയ്യാൻ മാനസികമായി വലിയ പോസിറ്റീവ് എനർജി നൽകുന്നുണ്ട്. 

ലോക്ക് ഡൗൺ കൊണ്ടുണ്ടായ നഷ്ടങ്ങളെന്തൊക്കെ ? 

ഹോസ്റ്റൽ ജീവിതം, യൂണിവേഴ്സിറ്റി ലൈഫ്, കാമുകിയുമായി നേരിട്ട് കാണുന്നത്, കാമ്പസിലെ സൗഹൃദസദസുകൾ, അല്ലാതുള്ള സംഘം ചേരലുകൾ, ക്ലാസ്സുകൾ, ക്ലാസുമുടക്കിയുള്ള സമരങ്ങൾ. പിന്നെ, ബിവറേജസ് അടച്ചതുകൊണ്ട് കള്ളുകുടിക്കാൻ വകുപ്പില്ല. പിന്നെ, രാത്രികൾ, യാത്രകൾ, വിശേഷിച്ച് നമ്മുടെ കേസാർട്ടീസി ട്രിപ്‌സ്.

അതൊക്കെ സോഷ്യൽ നഷ്ടങ്ങൾ. അല്ലാതെ, അക്കാദമിക് നഷ്ടങ്ങൾ ഉണ്ട്. ഉണ്ടായിരുന്ന അസൈൻമെന്റുകൾ, ഡോക്യുമെന്ററി പ്രൊഡക്ഷൻ, ന്യൂസ് റിപ്പോർട്ടിങ്, ഫോട്ടോ എസ്സേ അങ്ങനെ പലതും മുടങ്ങിയിട്ടുണ്ട്. അതൊന്നും നമുക്ക് വീട്ടിലിരുന്ന് ചെയ്യാൻ പറ്റില്ലല്ലോ. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ ആ അന്തരീക്ഷം മിസ് ചെയ്യുന്നുണ്ട്. യൂണിവേഴ്സിറ്റിയിലെ പോലെ ഹൈസ്പീഡ് ഇന്റർനെറ്റും കംപ്യൂട്ടർ ലാബും ഉപയോഗിക്കാൻ കഴിയാത്തതിനാൽ മറ്റ് പ്രോജക്ട്/ അസൈൻമെന്റുകൾ വീട്ടിൽ ഇരുന്നു ചെയ്യാനും പരിമിതികളുണ്ട്.

കൊവിഡാനന്തര കാലത്തെക്കുറിച്ചുള്ള  പ്രതീക്ഷകൾ?

അമേരിക്ക സാമ്പത്തികമായി ഒന്നൊതുങ്ങിയതിൽ സത്യം പറഞ്ഞാൽ ഉള്ളിൽ  സന്തോഷമുണ്ട്.  ഒരു ഡോമിനൻ്റ് പവറായി നിലനിൽക്കുമെങ്കിലും അമേരിക്ക ഒറ്റയ്ക്കൊരു സൂപ്പർ പവർ എന്ന അവസ്ഥ മാറും നാളെ എന്നൊരു പ്രതീക്ഷയുണ്ട് കൊവിഡാനന്തരം.  

click me!