Latest Videos

പുതുവത്സരം അടുക്കാറായി; പുതിയ പ്രതിജ്ഞകൾ എടുക്കുമ്പോൾ സൂക്ഷിക്കേണ്ട ഏഴു കാര്യങ്ങൾ

By Web TeamFirst Published Dec 28, 2019, 3:35 PM IST
Highlights

പുതിയ വർഷം പുതുവത്സര പ്രതിജ്ഞകളുടേതു കൂടിയാണ്. അതിനായി നമുക്ക് എങ്ങനെ തയ്യാറെടുക്കാം. എന്തൊക്കെ ശ്രദ്ധിക്കണം.

പുതുവർഷം ഇതാ നിങ്ങളുടെ പടിവാതിൽക്കൽ എത്തി നിൽക്കുകയാണ്. പുതുവർഷം പിറന്നു വീഴുന്ന ദിവസം ചില പുതിയ തീരുമാനങ്ങളും പ്രതിജ്ഞകളും ഒക്കെ എടുക്കുന്ന പതിവുണ്ടല്ലോ. അതെന്താവണം എന്ന്‌ ആലോചിച്ചുറപ്പിക്കാൻ ഇനി രണ്ടുമൂന്ന് ദിവസം മാത്രമാണ് ഉള്ളത്. അന്നേദിവസം രാവിലെ  എഴുന്നേറ്റ്, അതേപ്പറ്റി ആലോചിച്ച് തലപുണ്ണാക്കുന്നതിനു പകരം, നേരത്തെ കൂട്ടി ഓർത്തുവെക്കുന്നതല്ലേ നല്ലത്? എന്തൊക്കെ കാര്യങ്ങളാണ് പുതുവത്സര പ്രതിജ്ഞകൾ എടുക്കുമ്പോൾ ശ്രദ്ധിക്കാനുള്ളത്?

1 . നടക്കുന്ന കാര്യങ്ങൾ തീരുമാനിക്കുക 

ഒരു രാത്രി ഇരുട്ടി വെളുത്തതുകൊണ്ട് ഒരു വ്യക്തി ഒരിക്കലും മറ്റൊരാളാകുകയില്ല. അതുകൊണ്ട്, അവനവന്റെ അടിസ്ഥാന സ്വഭാവത്തെ അടിമുടി മാറ്റി മറിക്കുന്ന തരത്തിലുള്ള എമണ്ടൻ തീരുമാനങ്ങളൊന്നും തന്നെ എടുക്കരുത്. ഒന്നോ രണ്ടോ ദിവസത്തിൽ കൂടുതൽ അവ പാലിക്കാൻ നിങ്ങൾക്ക് സാധിച്ചെന്നു വരില്ല. ഒരുപാട് ദൂരെ ഇരിക്കുന്ന കാര്യങ്ങളെ തീരുമാനം എന്നല്ല, സ്വപ്നമെന്നാവും വിളിക്കാൻ നന്നാവുക. 

2 . കംഫർട്ട് സോൺ വിട്ടിറങ്ങാൻ ധൈര്യം കാണിക്കുക 

നിങ്ങൾ ഇപ്പോൾ നിൽക്കുന്നത് നിങ്ങളുടെ കംഫർട്ട് സോണിലാണ്. അവിടെ നിന്ന് വിട്ടിറങ്ങി, പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ ധൈര്യം കാണിക്കുക. പുതുവർഷത്തിന്റെ തുടക്കത്തിൽ നിങ്ങൾക്ക് കൈവരുന്ന പുത്തൻ ഊർജ്ജം പരമാവധി പ്രയോജനപ്പെടുത്തുക. പുതിയത് പരീക്ഷിക്കാനുള്ള ഉത്തമ അവസരമാണ് പുതുവർഷം.

3 . ഈ വർഷം പരമാവധി യാത്രകൾ നടത്തും എന്ന്‌ തീരുമാനിക്കാം 

നമ്മുടെ ജീവിതം പലപ്പോഴും ജോലി, വീട്, വീട്ടിലേക്കുള്ള വഴി എന്നീ ഇടങ്ങളിൽ തളച്ചിടപ്പെടുന്ന ഒന്നാണ്. ആ ഇടങ്ങളിൽ കറങ്ങിക്കറങ്ങി നമ്മുടെ ജീവിതം തേഞ്ഞു തീരുന്നത് നമ്മൾ പലപ്പോഴും അറിയുന്നില്ല. വർഷങ്ങൾ കൊഴിഞ്ഞു പോകുന്നതും, നമ്മുടെ യൗവ്വനം പടിയിറങ്ങുന്നതും നമ്മൾ അറിഞ്ഞെന്നു വരില്ല. അതുകൊണ്ട്, ഈ വർഷം ചുരുങ്ങിയത് രണ്ട് പുതിയ സ്ഥലങ്ങളെങ്കിലും കാണും എന്ന്‌ മനസ്സിൽ ഉറപ്പിക്കുക. മുന്നേകൂട്ടി പ്ലാൻ ചെയ്ത് അത് നടപ്പിലാക്കാൻ കഴിവതും ശ്രമിക്കുക. 

4 .  ഇക്കൊല്ലം ഉറക്കം ക്രമീകരിക്കാൻ ശ്രദ്ധിക്കാം 

ദീർഘകാലത്തേക്കുള്ള നമ്മുടെ ആരോഗ്യത്തിന്റെ അടിസ്ഥാനം, കൃത്യമായ ഉറക്ക ശീലങ്ങളാണ്. അത് നമുക്ക് നാളെ വേണമെങ്കിലും തുടങ്ങാവുന്ന ഒന്നാണ്. കൃത്യമായ സമയത്ത് ഉറങ്ങുന്നതും, കൃത്യസമയത്ത് ഉണരുന്നതും ഒരു പുതിയ നല്ല ശീലമാക്കാം.  അത് വർഷം മുഴുവൻ പാലിക്കാൻ ശ്രമിക്കാം. 

5 .  നിങ്ങളുടെ ഏതെങ്കിലും ഒരു പാഷൻ പിന്തുടരാൻ ശ്രമിക്കാം 

ഇനി വരുന്ന ഒരു വർഷം നിങ്ങൾക്ക് ഇഷ്ടമുള്ള എന്തെങ്കിലും ഒരു പ്രവൃത്തിക്ക് മുതിരും എന്നുറപ്പിക്കുക. അത് പാട്ടോ, ഡാൻസോ, ഉപകരണസംഗീതമോ, ആയോധന മുറയോ, കായിക ഇനങ്ങളോ, യോഗയോ അങ്ങനെ എന്തെങ്കിലും ഒരു പാഷൻ നിങ്ങൾ പിന്തുടരും എന്നുറപ്പിക്കുക. അത് നിങ്ങൾക്ക് ഉല്ലാസം പകരും. സന്തോഷമുള്ള ഹൃദയം, മനസ്സിലും ശരീരത്തിലും ഓജസ്സ് പടർത്തും. 

6 . അവനവനു വേണ്ടി സമയം കണ്ടെത്താൻ ശ്രമിക്കാം 

അവനവനെ സ്നേഹിക്കുന്നതിനെ 'സെൽഫിഷ്നെസ്' എന്നാരെങ്കിലും വിളിച്ചിട്ടുണ്ടോ ? ഉണ്ടെങ്കിൽ കുറച്ചൊക്കെ സെൽഫിഷ് ആകണം. അവനവന് സന്തോഷം കിട്ടുന്ന കാര്യങ്ങൾ ചെയ്യാൻ, അവനവന് സുഖം തരുന്നതിൽ മുഴുകാൻ, അവനവന്റെ സൗന്ദര്യം ഒന്ന് സംരക്ഷിക്കാൻ ഒക്കെ അല്പം സമയം നീക്കിവെക്കണം. പലരുടെയും മനസ്സിൽ വല്ലാത്ത അസ്ഥിരാവസ്ഥകൾ ഉണ്ടാകാം. എന്നാൽ മടിച്ചു മടിച്ചിരുന്ന ഡോക്ടറെ കാണാൻ പോവില്ല. ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മനസ്സിന്റെ ആരോഗ്യവും. അതിനും വേണ്ട ഡോക്ടറുടെ സഹായം തേടാൻ ഈ വർഷം മടികാണിക്കാതിരിക്കാം. 

ജീവിതകാലം മുഴുവൻ നമ്മുടെ ജീവിതത്തിലെ മറ്റുള്ളവരുടെ സംതൃപ്തി മാത്രം ഉറപ്പുവരുത്തി ജീവിച്ചിട്ട് ഒടുവിൽ കറിവേപ്പില പോലെ എല്ലായിടത്തും നിന്നും ഒഴിവാക്കപ്പെട്ടു എന്ന തോന്നലുണ്ടാകരുത്. ജീവിതത്തിന്റെ നല്ല കാലത്തുതന്നെ അവനവനെ വേണ്ടവിധത്തിൽ പരിഗണിച്ചു കൊണ്ടുതന്നെ ജീവിതം മുന്നോട്ടു നയിക്കാം. അത് ചിലപ്പോൾ ഒരു പെഡിക്യൂർ ആവാം, ഒരു ഫേഷ്യൽ ആകാം, ഒരു ലൈവ് പെർഫോമൻസ് ആകാം, സമയത്തുള്ള ഒരു കൺസൾട്ടേഷൻ ആകാം. അങ്ങനെ അവനവനു വേണ്ടി വേണ്ടത് വേണ്ടസമയത്ത് ചെയ്യാൻ ഇനി വരുന്ന വർഷം മുതൽ തുടങ്ങാം. 

7 . ഈ വർഷമെങ്കിലും നല്ലൊരു ഡയറ്റിലേക്ക് എത്താം 

നമ്മളുടെ ശരീരത്തിന്റെയും മനസ്സിന്റെയും സ്വാസ്ഥ്യത്തെ നിർണ്ണയിക്കുക നമ്മൾ കഴിക്കുന്ന ആഹാരമാണ്. ഇനി വരുന്ന വർഷം, അതിനെ ക്രമീകരിക്കാനും ഉപയോഗിക്കാം. തടി കൂടുതലുണ്ട് എന്ന്‌ തോന്നുന്നവർ ഇക്കൊല്ലം ഇത്ര കിലോ കുറയ്ക്കും എന്ന്‌ മനസ്സിൽ ഉറപ്പിക്കാം. തടി കുറവുള്ളവർ നേരെ തിരിച്ചും. വീട്ടിൽ നിന്ന് കഴിയുന്നത്ര കഴിക്കും എന്നത് നല്ലൊരു തീരുമാനമാകും. ഭക്ഷണത്തിൽ ഇലവർഗങ്ങൾ ഉൾപ്പെടുത്തും എന്നതും, വേണ്ടത്ര വെള്ളം കുടിക്കും എന്നതും ഒക്കെ നല്ല തീരുമാനങ്ങളാണ്. 

 

click me!