അമേരിക്കൻ ജെൻ സികളുടെ ഇടയിൽ ഇപ്പോൾ പടരുന്നത് വിചിത്രമായ ഒരു ട്രെൻഡാണ് 'ചൈനാമാക്സിംഗ്' എന്നുമാണ്. സോഷ്യൽ മീഡിയ നോക്കിയാൽ കാണുന്നത് അമേരിക്കൻ ജെൻ സികൾ ഒന്നടങ്കം തങ്ങളുടെ പാശ്ചാത്യ ശീലങ്ങൾ ഉപേക്ഷിച്ച് ചൈനീസ് രീതികൾ അനുകരിക്കുന്നതാണ്. 

സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ ഒരു പുതിയ ഹാഷ്‌ടാഗ് തരംഗമാണ്— #Chinamaxxing. സംഗതി കേൾക്കുമ്പോൾ ലളിതമെന്ന് തോന്നാം, എന്നാൽ അമേരിക്കയിലെയും യൂറോപ്പിലെയും യുവാക്കൾക്കിടയിൽ ഇതൊരു പുതിയ ജീവിതശൈലിയായി മാറിക്കഴിഞ്ഞു. ചൈനീസ് സംസ്കാരത്തെയും അവിടുത്തെ രീതികളെയും അന്ധമായി അനുകരിക്കുകയും ആരാധിക്കുകയും ചെയ്യുന്നതിനെയാണ് 'ചൈനാമാക്സിംഗ്' എന്ന് വിളിക്കുന്നത്. 1999-ൽ പുറത്തിറങ്ങിയ വിഖ്യാത ചിത്രം 'ഫൈറ്റ് ക്ലബ്ബി'ലെ ഡയലോഗിനെ ഓർമ്മിപ്പിച്ചുകൊണ്ട് യുവാക്കൾ പങ്കുവെക്കുന്ന വീഡിയോകൾക്ക് താഴെ സ്ഥിരമായി കാണുന്ന ഒരു വാചകമുണ്ട്: 'Met me during my Chinese phase'. വെറുതെ ഒരു തമാശയല്ല ഇത്. പാശ്ചാത്യ രാജ്യങ്ങളിലെ വീടുകളിലിരുന്ന് യുവാക്കൾ കപ്പും പ്ലേറ്റും മാറ്റി ചോപ്സ്റ്റിക്കുകൾ പിടിക്കാൻ പഠിക്കുന്നു, രാവിലെ എഴുന്നേറ്റ ഉടനെ തണുത്ത വെള്ളത്തിന് പകരം ചൈനീസ് രീതിയിൽ ചൂടുവെള്ളം കുടിക്കുന്നു, അടുക്കളയിൽ 'തായ് ചി' പരിശീലിക്കുന്നു. ഇത്രയൊന്നും പോരാത്തവർ ചൈനയിലെ പാർക്കുകളിൽ വയോധികർ ധരിക്കാറുള്ള തരം ട്രാക്ക് സ്യൂട്ടുകൾ വരെ വാങ്ങി അണിഞ്ഞാണ് വീഡിയോകളിൽ പ്രത്യക്ഷപ്പെടുന്നത്.

Add Asianetnews as a Preferred SourcegooglePreferred

എന്തുകൊണ്ട് ചൈന ഒരു 'സ്വർഗ്ഗ'മായി മാറുന്നു?

അമേരിക്കയിലെ ഇന്നത്തെ ജീവിതസാഹചര്യങ്ങളോട് മടുപ്പുള്ള ഒരു വലിയ വിഭാഗം യുവാക്കൾ ചൈനയെ ഒരു പുതിയ ലോകമായിട്ടാണ് കാണുന്നത്. അവിടെയുള്ള നൈറ്റ് മാർക്കറ്റുകൾ, മനോഹരമായ പൊതുഗതാഗത സൗകര്യങ്ങൾ, സുരക്ഷിതമായ നടപ്പാതകൾ, പാർക്കുകളിൽ നൃത്തം ചെയ്യുന്ന മുതിർന്നവർ... സോഷ്യൽ മീഡിയയിലൂടെ കാണുന്ന ഈ ദൃശ്യങ്ങൾ അമേരിക്കൻ നഗരങ്ങളിലെ ഒറ്റപ്പെടലുമായി താരതമ്യം ചെയ്യുമ്പോൾ അവർക്ക് വലിയൊരു ആകർഷണമായി തോന്നുന്നു. പലരും ചൈനയെ ഒരു ആധുനിക 'സ്വർഗ്ഗ'മായിട്ടാണ് തങ്ങളുടെ ഫോളോവേഴ്‌സിന് മുന്നിൽ അവതരിപ്പിക്കുന്നത്.

ഇൻഫ്ലുവൻസർമാരും ട്രെൻഡിനോപ്പം

ഷെറി ഷുവിനെപ്പോലുള്ള ഇൻഫ്ലുവൻസർമാർ ഈ തരംഗത്തെ കൂടുതൽ ആളിക്കത്തിക്കുന്നു. 'നാളെ മുതൽ നിങ്ങൾ ചൈനീസ് ആയി മാറുകയാണ്, അതിനെ എതിർത്തിട്ട് കാര്യമില്ല' എന്ന ഷെറിയുടെ വീഡിയോകൾ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. പ്രശസ്ത സ്ട്രീമർ ഹസൻ പൈക്കർ ചൈന സന്ദർശിച്ച ശേഷം താൻ ആത്മീയമായി ഒരു ചൈനക്കാരനായി മാറിയെന്ന് പ്രഖ്യാപിച്ചത് ഈ തരംഗത്തിന് വലിയ പ്രചാരം നൽകി. ചൈനീസ് ഗവൺമെന്റ് ഈ മാറ്റത്തെ നിറഞ്ഞ ചിരിയോടെയാണ് സ്വീകരിക്കുന്നത്. വിദേശികൾ ചൈനീസ് ജീവിതം ആഘോഷിക്കുന്നത് തങ്ങളുടെ സംസ്കാരം ലോകം മുഴുവൻ പടരുന്നതിന്റെ സൂചനയായി അവർ കാണുന്നു. ചൈനയുടെ സാംസ്കാരിക സ്വാധീനം വർദ്ധിപ്പിക്കാൻ ഇത്തരം വീഡിയോകൾ സഹായിക്കുമെന്നതിനാൽ അവർ ഇതിനെ രഹസ്യമായി പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

എന്നാൽ ഈ വർണ്ണാഭമായ വീഡിയോകൾക്ക് പിന്നിൽ മറ്റൊരു ചൈനയുണ്ടെന്ന് വിമർശകർ ഓർമ്മിപ്പിക്കുന്നു. 15 ശതമാനത്തിലധികം വരുന്ന യുവാക്കളുടെ തൊഴിലില്ലായ്മയോ, കടുത്ത ജോലിഭാരമോ, ഗവൺമെന്റിനെതിരെയുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കുറവോ ഒന്നും ഈ 'ചൈനാമാക്സിംഗ്' വീഡിയോകളിൽ ആരും ചർച്ച ചെയ്യുന്നില്ല. ആധുനികമായ ഒരു സ്ക്രീനിന് അപ്പുറത്തെ യാഥാർത്ഥ്യങ്ങൾ കാണാതെയാണ് ഈ പുതിയ തലമുറ ചൈനയെ സ്നേഹിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.