ലോകത്തെ അമ്പരപ്പിച്ച് ഒരു ചെന്നായയുടെ തല; എങ്ങനെയെന്നല്ലേ?

By Web TeamFirst Published Jun 14, 2019, 8:40 PM IST
Highlights

ചരിത്രത്തില്‍ത്തന്നെ ഇത് ആദ്യസംഭവമാണെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. റഷ്യയിലെ അതിശൈത്യമേഖലയില്‍ നിന്നാണ് ഭീമന്‍ ചെന്നായയുടെ തല കണ്ടെത്തിയിരിക്കുന്നത്

ചത്തുപോയ ഒരു ചെന്നായയുടെ തല എങ്ങനെയാണ് ലോകത്തെ അമ്പരപ്പിക്കുന്നത്! എന്നാല്‍ കേട്ടോളൂ, 32,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചത്തുപോയ ചെന്നായയുടെ തലയാണ്, സാരമായ കേടുപാടുകളൊന്നും കൂടാതെ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. 

ചരിത്രത്തില്‍ത്തന്നെ ഇത് ആദ്യസംഭവമാണെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. റഷ്യയിലെ അതിശൈത്യമേഖലയില്‍ നിന്നാണ് ഭീമന്‍ ചെന്നായയുടെ തല കണ്ടെത്തിയിരിക്കുന്നത്. 

ഇനിയും കൊഴിഞ്ഞ് പോയിട്ടില്ലാത്ത രോമങ്ങളും, സുരക്ഷിതമായി സൂക്ഷിച്ചത് പോലെയുള്ള തലച്ചോറും, മുഖവും, വായയുമെല്ലാം അത്ഭുതമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ഏറ്റവും ഒടുവിലത്തെ 'ഐസ് ഏജ്' കാലത്താണത്രേ മൂന്നോ നാലോ വയസ് പ്രായം തോന്നിക്കുന്ന ചെന്നായ ചത്തുപോയത്. 

ചത്തുപോയപ്പോള്‍ തന്നെ ഐസില്‍ മുങ്ങിപ്പോയതാകാം. തുടര്‍ന്ന് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ അത് ഐസിനടിയില്‍ തന്നെ കിടന്നു. ശരീരം നിറയെ രോമങ്ങളുള്ള ഭീകരരൂപികളായ ആനകള്‍ ജീവിച്ചിരുന്നതായി സൂചനയുള്ള കാലത്ത് തന്നെയാണ് ഈ ചെന്നായയും ജീവിച്ചിരുന്നതത്രേ. 

അസാധാരണമായ രീതിയില്‍ വലിപ്പമുള്ള ചെന്നായയായിരുന്നു ഇതെന്നാണ് ഗവേഷകര്‍ പരിശോധനയ്ക്ക് ശേഷം അറിയിച്ചത്. ഇത് പുതിയ പഠനങ്ങളിലേക്കാണ് തങ്ങളെ നയിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു. അക്കാലത്ത് ജീവിച്ചിരുന്ന മൃഗങ്ങളെപ്പറ്റിയുള്ള ഗവേഷണങ്ങളും പഠനങ്ങളും ഇപ്പോഴും തുടരുകയാണ്. ഇവയിലേക്ക് കൂടുതല്‍ വെളിച്ചം പകരാന്‍ 'ഭീമന്‍ ചെന്നായത്തല' ഉപകരിക്കുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

click me!