
ഇന്ത്യൻ ആഭരണ പാരമ്പര്യത്തിൽ, ഓരോ സംസ്ഥാനത്തിനും പറയാനുണ്ടാവും തനതായ സൗന്ദര്യ സങ്കൽപ്പത്തിൻ്റെ കഥകൾ. അത്തരത്തിൽ, മഹാരാഷ്ട്രയുടെ പൈതൃകത്തിൻ്റെയും, സൗന്ദര്യത്തിൻ്റെയും പ്രതീകമായി നിൽക്കുന്ന ഒരു പരമ്പരാഗത ആഭരണമാണ് ബുഗാഡി. ചെവിയുടെ താഴത്തെ പാളിയിൽ അണിയുന്ന സാധാരണ കമ്മലുകളിൽ നിന്ന് വ്യത്യസ്തമായി, ചെവിയുടെ മുകൾ ഭാഗത്ത് ധരിക്കുന്ന ഈ കൊച്ചുകമ്മൽ ഇന്ന് ആധുനിക ഫാഷൻ ലോകത്തെ പുതിയ താരമായി മാറി കഴിഞ്ഞു.
മഹാരാഷ്ട്രയുടെ തനത് ആഭരണമായ ബുഗാഡി. പരമ്പരാഗതമായി വധുവിൻ്റെ അണിയലങ്കാരങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായിരുന്നു. സ്വർണ്ണത്തിലോ വെള്ളിയിലോ നിർമ്മിച്ച, മുത്തുകളും രത്നങ്ങളും പതിപ്പിച്ച ചെറുതും നേർത്തതുമായ ഈ കമ്മലുകൾ, ചെവിയുടെ മുകൾ ഭാഗത്ത് പ്രത്യേക രീതിയിൽ ധരിക്കുന്നു. ഈ ആഭരണത്തിന് കർണ്ണാടകയിൽ 'ബുഗുഡി' എന്നും തമിഴ്നാട്ടിൽ 'കൊപ്പു' എന്നും പേരുണ്ട്. ഇത് സാധാരണയായി ഒരു സ്ക്രൂ ഉപയോഗിച്ച് സുരക്ഷിതമാക്കുന്ന രീതിയിലായിരുന്നു.
ജെൻ സി-യുടെ ഫാഷൻ കാഴ്ചപ്പാട് വളരെ ലളിതമാണ്. പാരമ്പര്യം ആധുനികതയുമായി കൂടിച്ചേരുമ്പോൾ അത് തനതായൊരു ശൈലിയായി മാറുന്നു. ബുഗാഡിയുടെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചത്. സ്വന്തം വേരുകളെയും പൈതൃകത്തെയും അറിയാനും ആഘോഷിക്കാനും ജെൻ സി എന്നും മുന്നിലാണ്. മുത്തശ്ശിമാരുടെ ആഭരണപ്പെട്ടിയിൽ നിന്ന് ബുഗാഡിയെ പുറത്തെടുത്ത് തങ്ങളുടെ ദൈനംദിന ഫാഷന്റെ ഭാഗമാക്കുന്നതും അവരുടെ സാംസ്കാരിക പാരമ്പര്യത്തോടുള്ള ആദരവ് കൂടിയാണ്. ഇത് വെറുമൊരു കമ്മലല്ല, മറിച്ച് ഒരു കഥയാണ്, ഒരു പാരമ്പര്യമാണ്.
പഴയ ആഢംബര രൂപം നിലനിർത്തിക്കൊണ്ട് തന്നെ, യുവതലമുറയുടെ അഭിരുചിക്കനുസരിച്ച് ബുഗാഡി ഇന്ന് ഒരുപാട് മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്.
ക്ലിപ്പ്-ഓൺ/കഫ് :
കാതുകുത്താൻ മടിയുള്ളവർക്കും, കാർട്ടിലേജ് പിയേഴ്‌സിംഗ് വേദനയില്ലാതെ അണിയാൻ ആഗ്രഹിക്കുന്നവർക്കുമായി ഇന്ന് ക്ലിപ്പ്-ഓൺ ബുഗാഡികൾ വിപണിയിൽ ലഭ്യമാണ്. കമ്മലുകൾ ധരിക്കാൻ ബുദ്ധിമുട്ടുള്ള കാതുകുത്താത്ത ചെവിയിലും ഇത് എളുപ്പത്തിൽ ധരിക്കാം. ഇത് ആധുനിക ഫാഷൻ ലോകത്ത് ബുഗാഡിയുടെ പ്രചാരം കുത്തനെ വർദ്ധിപ്പിച്ചു.
വെള്ളിയിലുള്ള ലളിത രൂപങ്ങൾ :
പരമ്പരാഗതമായി സ്വർണ്ണത്തിൽ ഒരുക്കിയിരുന്ന ബുഗാഡി ഇന്ന് 925 സ്റ്റെർലിങ് സിൽവറിൽ നിർമ്മിക്കുന്നു. തൂവലുകൾ, പുഷ്പങ്ങൾ, ജ്യാമിതീയ രൂപങ്ങൾ എന്നിവയിൽ തീർത്ത ലളിതമായ ബുഗാഡികൾ ഇന്ന് കാഷ്വൽ വസ്ത്രങ്ങൾക്കൊപ്പവും ധരിക്കാൻ സാധിക്കുന്നു.
ഡിസൈനുകളിലെ വൈവിധ്യം:
ബോളിവുഡ് താരങ്ങളും പ്രമുഖ ഫാഷൻ ഇൻഫ്ലുവൻസർമാരും പരമ്പരാഗത മറാഠി 'നാത്തി'നോടൊപ്പം (മൂക്കുത്തി) ബുഗാഡി അണിയാൻ തുടങ്ങിയത് ഈ ആഭരണത്തിന് ദേശീയതലത്തിൽ വലിയ ശ്രദ്ധ നേടിക്കൊടുത്തു.
ജെൻ സികൾക്കിടയിൽ ഇപ്പോൾ വലിയ തരംഗമായ 'കോൺസ്റ്റലേഷൻ പിയേഴ്‌സിംഗ്' (ചെവി നിറയെ കമ്മലുകൾ) ട്രെൻഡിൽ, താഴത്തെ പാളിയിൽ ധരിക്കുന്ന സ്റ്റഡ്ഡുകൾക്ക് ഒരു 'ഹെറിറ്റേജ് ടച്ച്' നൽകാൻ ബുഗാഡികൾ ഉപയോഗിക്കുന്നു. അതായത്, പാശ്ചാത്യ ശൈലിയിലുള്ള മൾട്ടിപ്പിൾ പിയേഴ്‌സിംഗിനെ ഒരു ഇന്ത്യൻ പൈതൃക ആഭരണം ഉപയോഗിച്ച് സന്തുലിതമാക്കുന്നു.
മഹാരാഷ്ട്രയുടെ സാംസ്കാരിക സൗന്ദര്യത്തിൻ്റെ അടയാളമായ ബുഗാഡി, ഇന്ന് ഫാഷൻ ലോകത്ത് അതിവേഗം വളരുന്ന ഒരു ട്രെൻഡായി മാറിക്കൊണ്ടിരിക്കുകയാണ്. ലളിതമായ ഡിസൈനുകളിലൂടെ ദൈനംദിന ഉപയോഗത്തിനും, ആഢംബര രൂപകൽപ്പനകളിലൂടെ വിവാഹങ്ങൾക്കും ഉത്സവങ്ങൾക്കും തിളക്കം നൽകാനും ബുഗാഡികൾക്ക് കഴിയുന്നുണ്ട്. ഇത് പഴയ തലമുറയുടെ പൈതൃകം പുതിയ തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതിൻ്റെ മനോഹരമായ ഒരു ഉദാഹരണമാണ്.
സോഷ്യൽ മീഡിയയാണ് ബുഗാഡി ട്രെൻഡിന്റെ പ്രധാന പ്രചാരകൻ. ഇൻസ്റ്റാഗ്രാം, പിന്ററസ്റ്റ്, ടിക് ടോക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ സെലിബ്രിറ്റികളും ഫാഷൻ ഇൻഫ്ലുവൻസർമാരും ബുഗാഡി അണിഞ്ഞ് ചിത്രങ്ങളും റീലുകളും പങ്കുവെക്കുമ്പോൾ, അത് പുതിയൊരു ഫാഷൻ തരംഗമായി മാറുന്നു. പരമ്പരാഗത ബുഗാഡിയെ ആധുനിക വസ്ത്രങ്ങൾക്കൊപ്പം ധരിച്ച്, തനതായൊരു ശൈലി രൂപപ്പെടുത്തുന്നതിൽ ജെൻ സി എന്നും മുന്നിൽ തന്നെ.