കൈമുട്ടുകളും കാല്‍മുട്ടുകളും മനോഹരമാക്കാന്‍ ചെയ്യേണ്ടത്...

By Web TeamFirst Published Apr 5, 2019, 2:22 PM IST
Highlights

കോശങ്ങള്‍ നശിച്ച്, കെട്ടുപോയ ചര്‍മ്മം ഊരിയിളകാതിരിക്കുന്നതാണ് പലപ്പോഴും കൈമുട്ടിലും കാല്‍മുട്ടിലുമെല്ലാം ഇങ്ങനെ നിറവ്യത്യാസവുമായി അടിഞ്ഞ് കാണുന്നത്. അവയെ ഇളക്കിമാറ്റുകയെന്നതാണ് ഇതിനുള്ള ഒരു പ്രതിവിധി. ഒരു ചെറുനാരങ്ങയുണ്ടെങ്കില്‍ ഇതിന് വീട്ടില്‍ വച്ച് തന്നെ പരിഹാരം കാണാവുന്നതേയുള്ളൂ

ചിലരുടെ ചര്‍മ്മം പൊതുവേ വരണ്ടതായിരിക്കും. അങ്ങനെയുള്ളവര്‍ക്ക് കൈമുട്ടിലും കാല്‍മുട്ടിലുമെല്ലാം ചെറുതായിട്ട്, വെളുത്ത നിറം കലര്‍ന്ന് ചര്‍മ്മം അങ്ങനെ ഉണങ്ങിയിരിക്കും. ചര്‍മ്മം പൊതുവേ വരണ്ടതല്ലാത്തവരിലും ഇത് ചിലപ്പോഴൊക്കെ കാണാറുണ്ട്. കാലാവസ്ഥയും ഇതിന് ഒരു കാരണമാണ്. 

വലിയ തോതിലുള്ള ആത്മവിശ്വാസപ്രശ്‌നമാണ് ആളുകളില്‍ ഇത് ഉണ്ടാക്കുക. വസ്ത്രം ധരിക്കുമ്പോള്‍ എപ്പോഴും മുട്ടുകള്‍ മറഞ്ഞുകിടക്കുന്ന വസ്ത്രം തന്നെ തെരഞ്ഞെടുത്ത് ധരിക്കേണ്ടിവരും, പുറത്ത് പോകുമ്പോഴും ആളുകളുമായി ഇടപഴകുമ്പോഴുമെല്ലാം ഇത് മറ്റാരും കാണാതിരിക്കാന്‍ പ്രത്യേകം കരുതണം. സ്ത്രീകളിലാണ് ഈ ആത്മവിശ്വാസമില്ലായ്മ പൊതുവേ കാണാറുള്ളത്. 

കോശങ്ങള്‍ നശിച്ച്, കെട്ടുപോയ ചര്‍മ്മം ഊരിയിളകാതിരിക്കുന്നതാണ് പലപ്പോഴും കൈമുട്ടിലും കാല്‍മുട്ടിലുമെല്ലാം ഇങ്ങനെ നിറവ്യത്യാസവുമായി അടിഞ്ഞ് കാണുന്നത്. അവയെ ഇളക്കിമാറ്റുകയെന്നതാണ് ഇതിനുള്ള ഒരു പ്രതിവിധി. ഒരു ചെറുനാരങ്ങയുണ്ടെങ്കില്‍ ഇതിന് വീട്ടില്‍ വച്ച് തന്നെ പരിഹാരം കാണാവുന്നതേയുള്ളൂ. 

ചെയ്യേണ്ടത് ഇത്രമാത്രം- ചെറുനാരങ്ങ പകുതിക്ക് വച്ച് മുറിക്കുക. ശേഷം മുറിച്ചുവച്ച ഭാഗം അല്‍പം പഞ്ചസാരയില്‍ മുക്കുക. എന്നിട്ട് ഈ ഭാഗം കൊണ്ട് കൈമുട്ടിലും കാല്‍മുട്ടിലും നന്നായി ഉരയ്ക്കുക. പത്ത് മിനുറ്റ് നേരത്തേക്ക് ഇത് തുടരാം. 

ചെറുനാരങ്ങ നീര് പിഴിഞ്ഞെടുത്ത് പഞ്ചസാരയില്‍ ചേര്‍ത്ത്, ആ മിശ്രിതം തേച്ചുപിടിപ്പിക്കുന്നതും ഗുണകരമാണ്. ഇതൊരു 20 മിനുറ്റ് നേരത്തേക്ക് അങ്ങനെ തന്നെ വയ്ക്കണം. ഇതിലേക്ക് അല്‍പം തേന്‍ കൂടി ചേര്‍ക്കുന്നത് ചര്‍മ്മത്തെ അല്‍പം തിളക്കമുള്ളതാക്കാനും സഹായിക്കും.

ശേഷം തണുത്ത വെള്ളമുപയോഗിച്ച് കഴുകിത്തുടയ്ക്കാം. കെട്ട ചര്‍മ്മം എളുപ്പത്തില്‍ നീങ്ങുകയും കൈമുട്ടുകളും കാല്‍മുട്ടുകളും തിളക്കമുള്ളതാവുകയും ചെയ്യും. 

click me!