കണ്‍മുന്നില്‍ കൂട്ടുകാരന്‍ മുങ്ങിത്താഴുമ്പോള്‍ മൂന്നുവയസുകാരന്‍ ചെയ്തത്; വീഡിയോ...

By Web TeamFirst Published Aug 26, 2020, 7:22 PM IST
Highlights

വീട്ടുമുറ്റത്തുള്ള നീന്തല്‍ക്കുളത്തിനടുത്ത് നിന്ന് കളിക്കുകയാണ് ആര്‍തര്‍ എന്ന മൂന്നുവയസുകാരനും, അവന്റെ സുഹൃത്തും വീട്ടിലെ കെയര്‍ ടേക്കറുടെ മകനുമായ ഹെന്‍ റിക്കും. ഇതിനിടെ കുളത്തില്‍ നിന്ന് കയ്യെത്തിച്ച് കളിപ്പാട്ടം എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഹെന്റിക് വെള്ളത്തിലേക്ക് മറിഞ്ഞുവീഴുന്നു. കുളത്തിന് തന്നെക്കാള്‍ ആഴമുണ്ടായിരുന്നതിനാല്‍ ഹെന്റിക് വെള്ളത്തില്‍ മുങ്ങിത്താഴ്ന്നു

കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ പോയ യുവാവ് മുങ്ങിമരിച്ചു എന്നെല്ലാം നമ്മള്‍ ഇടയ്ക്കിടെ വാര്‍ത്തകളില്‍ വായിക്കാറും കേള്‍ക്കാറുമില്ലേ. അപ്പോഴൊക്കെയും സ്വാഭാവികമായി നമ്മള്‍ ചിന്തിക്കുക, കൂടെയുള്ളവര്‍ക്ക് അയാളെ രക്ഷപ്പെടുത്താനായില്ലല്ലോ എന്നായിരിക്കും. പല കാരണങ്ങള്‍ കൊണ്ടുമാകാം മുങ്ങിത്താഴുന്നവനെ രക്ഷപ്പെടുത്താന്‍ കൂട്ടുകാര്‍ക്ക് കഴിയാതെ പോകുന്നത്. 

ഒരുപക്ഷേ മുങ്ങിപ്പോകുന്നത് മറ്റാരും കാണാതിരുന്നിരിക്കാം. അല്ലെങ്കില്‍ ഒഴുക്കുള്ള ഒരിടത്തേക്ക് ചെന്നുപറ്റാനാകാത്ത നിസഹായത ആകാം. അതുമല്ലെങ്കില്‍ ആലോചിച്ചുനില്‍ക്കാതെ എത്രയും പെട്ടെന്ന് എന്തെങ്കിലും ചെയ്യാനുള്ള മനസാന്നിധ്യം ഉണ്ടാകാതെ പോയതാകാം. എന്തായാലും ഒരു ജീവന്‍ നഷ്ടപ്പെടുകയാണല്ലോ, അത് എത്രമാത്രം വലുതാണെന്ന് നമുക്ക് പറയ വയ്യ. 

ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകുന്നത് കുട്ടികളാണെങ്കിലോ? അപകടത്തില്‍ പെട്ട കുട്ടിക്ക് മരണത്തിന് കീഴടങ്ങുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് തന്നെ പറയേണ്ടിവരും, അല്ലേ? 

എന്നാല്‍ തെറ്റി. മുതിര്‍ന്നവരേക്കാള്‍ മനസാന്നിധ്യത്തോടെ ചിലപ്പോഴെല്ലാം ഇത്തരം സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ പെരുമാറിയേക്കാം. ഇതിനുദാഹരണമാണ് കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു വീഡിയോ. ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നിന്നുള്ള വീഡിയോ ആണിത്.

വീട്ടുമുറ്റത്തുള്ള നീന്തല്‍ക്കുളത്തിനടുത്ത് നിന്ന് കളിക്കുകയാണ് ആര്‍തര്‍ എന്ന മൂന്നുവയസുകാരനും, അവന്റെ സുഹൃത്തും വീട്ടിലെ കെയര്‍ ടേക്കറുടെ മകനുമായ ഹെന്‍ റിക്കും. ഇതിനിടെ കുളത്തില്‍ നിന്ന് കയ്യെത്തിച്ച് കളിപ്പാട്ടം എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഹെന്റിക് വെള്ളത്തിലേക്ക് മറിഞ്ഞുവീഴുന്നു. കുളത്തിന് തന്നെക്കാള്‍ ആഴമുണ്ടായിരുന്നതിനാല്‍ ഹെന്റിക് വെള്ളത്തില്‍ മുങ്ങിത്താഴ്ന്നു.

ഇതുകണ്ട ആര്‍തര്‍ സെക്കന്‍ഡുകള്‍ പോലും ചിന്തിച്ചുനില്‍ക്കാതെ കൂട്ടുകാരനെ കുളത്തില്‍ നിന്ന് വലിച്ച് കരയ്‌ക്കെത്തിക്കുന്നു. വീട്ടുവളപ്പിലുണ്ടായിരുന്ന സിസിടിവിയിലാണ് ഈ ദൃശ്യങ്ങളത്രയും പതിഞ്ഞത്. അല്‍പസമയത്തിന് ശേഷം ആര്‍തറിന്റെ അമ്മ പോളിയാനോ വന്നപ്പോള്‍ ആര്‍തര്‍ തന്നെയാണ് താന്‍ കൂട്ടുകാരനെ രക്ഷിച്ച കാര്യം പറഞ്ഞത്. 

ഇങ്ങനെയുള്ള അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ മുതിര്‍ന്നവരെ വിളിക്കണ്ടേ എന്ന് ചോദിച്ച അമ്മയോട് ആര്‍തര്‍ പറഞ്ഞത്, അതിന് നിന്നിരുന്നെങ്കില്‍ ഹെന്റി മുങ്ങിമരിക്കുമായിരുന്നില്ലേ എന്നാണ്. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച വീട്ടുകാര്‍ക്ക് അപ്പോള്‍ മാത്രമാണ് നടന്ന അപകടത്തിന്റെ ആഴം മനസിലായത്. ഈ വീഡിയോ പോളിയാനോ തന്നെയാണ് സോഷ്യല്‍ മീഡിയയിലും പങ്കുവച്ചത്. 

വീഡിയോ വൈറലായതോടെ കുഞ്ഞ് ആര്‍തറിന് അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. ഇതിനിടെ പൊലീസുകാരുടെ വക സമ്മാനങ്ങളും ലഭിച്ചു. എന്തായാലും ചെറിയ കുട്ടികളുള്ള വീടുകളില്‍ നീന്തല്‍ക്കുളങ്ങളോ മറ്റോ ഉണ്ടെങ്കില്‍ ഇത്തരം അപകടങ്ങള്‍ക്കുള്ള സാധ്യത കല്‍പിക്കാനും, ജാഗ്രതയോടെ തുടരാനുമുള്ള ഒരോര്‍മ്മപ്പെടുത്തല്‍ കൂടിയാവുകയാണ് ഈ വീഡിയോ.

വീഡിയോ കാണാം...

 

Also Read:- മഴയത്ത് നനഞ്ഞുവിറയ്ക്കുന്ന തെരുവുപട്ടിയെ കണ്ട യുവതി ചെയ്തത്; വീണ്ടും ആ വീഡിയോ...

click me!