തകര്‍ത്തുപെയ്യുന്ന മഴ. തെരുവിലൂടെ വഴിയാത്രക്കാരും വാഹനങ്ങളുമെല്ലാം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നു. ഒരു സ്റ്റോറിന് മുന്നില്‍ മഴയില്‍ നിന്ന് അല്‍പമെങ്കിലും രക്ഷ തേടിക്കിടക്കുന്ന തെരുവുപട്ടി. അത്രനേരവും നനഞ്ഞത് കൊണ്ടോ, തണുപ്പടിച്ചത് കൊണ്ടോ അത് വിറച്ചുവേച്ചാണ് കിടക്കുന്നത്. 

ഇതിനിടെ കുടയും നിവര്‍ത്തിക്കൊണ്ട് ഒരു പെണ്‍കുട്ടി അങ്ങോട്ട് നീങ്ങിനില്‍ക്കുന്നു. ആദ്യമവള്‍ പട്ടിയെ കണ്ടതേയില്ല. എന്നാല്‍ നിമിഷങ്ങള്‍ക്കകം വിറച്ചൊട്ടി കിടക്കുന്ന പട്ടി അവളുടെ കണ്ണിലുടക്കുക തന്നെ ചെയ്തു. 

പിന്നെ അധികമൊന്നും ചിന്തിച്ചില്ല. കുട താഴെ വച്ച്, കയ്യിലുണ്ടായിരുന്ന തന്റെ സ്‌കാര്‍ഫ് കൊണ്ട് പട്ടിയെ ശ്രദ്ധയോടെ പുതപ്പിച്ചു. എന്നിട്ട് കുടയുമെടുത്ത് അവള്‍ നടന്നുപോയി. സമീപത്തുണ്ടായിരുന്ന ഒരു സിസിടിവി ക്യാമറയില്‍ പതിഞ്ഞ ഈ ദൃശ്യം കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ആദ്യായി പുറത്തുവരുന്നത്. 

സ്‌നേഹത്തിന്റെ ഏറ്റവും നിസ്വാര്‍ത്ഥമായ പ്രകടനമായി ലക്ഷക്കണക്കിന് മനുഷ്യര്‍ പിന്നീട് ആ വീഡിയോ ഏറ്റെടുത്തു. തുര്‍ക്കിയിലെ തിരക്കുള്ള ഒരു നഗരത്തില്‍ നിന്നുള്ള വീഡിയോയില്‍ കരുണയുടെ ആള്‍രൂപമായി അവതരിച്ച പെണ്‍കുട്ടി ആരെന്ന് സമൂഹമാധ്യമങ്ങള്‍ അന്വേഷിച്ചു. 

ഒടുവില്‍ അവളെ കണ്ടെത്തുകയും ചെയ്തു. ദുയ്ഗു എല്‍മ എന്ന പെണ്‍കുട്ടിയായിരുന്നു അത്. മഴയത്ത് നനഞ്ഞ് വിറച്ചുകിടക്കുന്ന പട്ടിയെ കണ്ടപ്പോള്‍ പെട്ടെന്ന് അങ്ങനെ ചെയ്യാനാണ് തനിക്ക് തോന്നിയതെന്നും എന്നാല്‍ അതിത്രമാത്രം അംഗീകരിക്കപ്പെടുമെന്നോ, പുറം ലോകമറിയുമെന്നോ എന്നൊന്നും താന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ലെന്നുമായിരുന്നു എല്‍മയുടെ പ്രതികരണം. 

 

 

ഈ വീഡിയോ ഇന്ന് വീണ്ടും ട്വറ്ററില്‍ വൈറലായിരിക്കുയാണ്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് പഴയ വീഡിയോ പങ്കുവച്ചത്. ദൈവം നിങ്ങളുടെ സമ്പത്തിലേക്കല്ല നോക്കുക, മറിച്ച് നിങ്ങളുടെ ഹൃദയത്തിലേക്കും കര്‍മ്മത്തിലേക്കുമാണ് അവന്റെ നോട്ടമെത്തുക എന്ന അടിക്കുറിപ്പോടെ പങ്കുവച്ച വീഡിയോ വീണ്ടും സമൂഹമാധ്യങ്ങളില്‍ ശ്രദ്ധിക്കപ്പെടുകയാണിപ്പോള്‍. നിരവധി പേരാണ് ഇപ്പോഴുമിത് തങ്ങളുടെ വാളുകളില്‍ ആര്‍ദ്രതയുടെ അടയാളം പോലെ സൂക്ഷിച്ചുവയ്ക്കുന്നത്. 

Also Read:- കുഞ്ഞിനെക്കൊല്ലാൻ വന്ന പുലിയെ നേരിട്ട് അമ്മപ്പട്ടി, മറ്റു തെരുവുനായ്ക്കളും കൂടെച്ചേർന്നപ്പോൾ തോറ്റോടി പുലി...