ഇരട്ടക്കുട്ടികളെ നോക്കാനായി ഭര്‍ത്താവ് ജോലി ഉപേക്ഷിച്ചു; പലരും പരി​ഹസിച്ചു, യുവാവിന്റെ കുറിപ്പ്

By Web TeamFirst Published Jan 3, 2020, 5:49 PM IST
Highlights

ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് സംഭവം പങ്കുവച്ചിരിക്കുന്നത്. ലഹര്‍ എന്ന യുവാവാണ് കുട്ടികളെ നോക്കാനായി ജോലി ഉപേക്ഷിച്ച് ഭാര്യയെ ജോലിക്ക് വിട്ടത്. 

ഭർത്താവ് ജോലി കളഞ്ഞ് കുട്ടികളെ നോക്കുകയും ഭാര്യ ജോലിക്ക് പോവുകയും ചെയ്താൽ ആളുകൾ വെറെ രീതിയിലാകും സംസാരിക്കുക. സമൂഹത്തിൽ നിന്നും ഭർത്താവിന് പലതരത്തിലുള്ള ചോദ്യങ്ങൾ കേൾക്കേണ്ടി വരും. വിദേശ രാജ്യങ്ങളില്‍ ഹൗസ് വൈഫ് എന്ന പോലെ തന്നെ ഹൗസ് ഹസ്ബന്‍ഡ്‌സ് എന്ന ആശയം ഉയര്‍ന്ന് വരുന്നുണ്ട്. ഇപ്പോള്‍ ഇന്ത്യയിലും ഇത്തരം ഒരു സംഭവമാണ് വാര്‍ത്തയാകുന്നത്. 

ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് സംഭവം പങ്കുവച്ചിരിക്കുന്നത്. ലഹര്‍ എന്ന യുവാവാണ് കുട്ടികളെ നോക്കാനായി ജോലി ഉപേക്ഷിച്ച് ഭാര്യയെ ജോലിക്ക് വിട്ടത്. 2015ലാണ് ഞാനും ഭാര്യയും ഒരു ഓസ്‌ട്രേലിയന്‍ ട്രിപ്പിനായി സമ്പാദിക്കുകയായിരുന്നു. അപ്പോഴാണ് ആ വാർത്ത അറിയുന്നത്. ഭാര്യ മൂന്ന് മാസം ഗര്‍ഭിണിയാണ്.  ആ വാര്‍ത്ത കേട്ടപ്പോൾ വളരെയധികം സന്തോഷിച്ചു. ഇരട്ടക്കുട്ടികളാണ് ജനിക്കാന്‍ പോകുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. 

ശേഷം ഓസ്‌ട്രേലിയന്‍ ട്രിപ്പ് എന്ന ആ​ഗ്രഹം മാറ്റിവച്ചു. പിന്നീടുള്ള മാസങ്ങള്‍ കുഞ്ഞുങ്ങളെ വരവേൽക്കാൻ കാത്തിരിക്കുകയായിരുന്നു. കുഞ്ഞുങ്ങള്‍ ജനിക്കുന്നതിന് മുന്‍പ് തന്നെ അവരെ നോക്കാനായി ഞാന്‍ ജോലി രാജിവയ്ക്കുകയായിരുന്നു.  ഭാര്യയ്ക്ക് എന്നെക്കാൾ ശമ്പളമുണ്ടായിരുന്നു. ഭാര്യയുടെ വരുമാനം മാത്രം മതിയാകുമെന്ന് തീരുമാനിച്ചു.

ഈ തീരുമാനം എടുത്തപ്പോൾ‌ ആദ്യം പറഞ്ഞത് അച്ഛനോടായിരുന്നു. തീരുമാനത്തിൽ മാറ്റമില്ലേ എന്നാണ് അദ്ദേഹം ചോദിച്ചതെന്ന് ലഹര്‍ പറയുന്നു. ഈ തീരുമാനത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും പറഞ്ഞു. ഈ തീരുമാനം അറിഞ്ഞപ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും തെറ്റായ രീതിയിൽ നെ​ഗറ്റീവായി മാത്രമാണ് സംസാരിച്ചതെന്നും ലഹര്‍ പറയുന്നു. 

ഭാര്യയെ ജോലിക്ക് വിട്ടിട്ട് നീ വെറുതെ വീട്ടിലിരിക്കാന്‍ പോവുകയാണോ...? ഭാര്യയോട് കാശ് ചോദിക്കാന്‍ ബുദ്ധിമുട്ടില്ലേ? തുടങ്ങി നൂറായിരം ചോദ്യങ്ങള്‍ എനിക്ക് നേരെ വന്നു. എന്റെ ഭാര്യയോടല്ലാതെ വേറെയാരോട് ഞാന്‍ കാശ് ചോദിക്കുമെന്ന് അവര്‍ക്കെല്ലാം മറുപടിയും പറഞ്ഞു.

എന്റെ മക്കളെ ഒമ്പത് മാസം ഗര്‍ഭപാത്രത്തില്‍ ചുമന്നത് ഭാര്യയാണ്. ഈ കാലയളവ് കൊണ്ട് കുഞ്ഞുങ്ങളുമായി വിവരിക്കാനാകാത്ത ഒരു അടുപ്പം അവള്‍ക്കുണ്ടായി. എന്റെ മക്കളുമായി എനിക്കും അത്തരമൊരു അടുപ്പം ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നതില്‍ എന്താണ് തെറ്റ്? എന്നെക്കാള്‍ ഭംഗിയായി അവരെ ആര്‍ക്കാണ് നോക്കാനാകുന്നത്.

കുഞ്ഞുങ്ങളോടൊപ്പം ചെലവിട്ട ആ ദിവസങ്ങൾ ഒരിക്കലും മറക്കാനാകില്ല. അത്രമാത്രം മനോഹരമായിരുന്നു.ഒരാളെയല്ല രണ്ടുപേരെയാണ് നോക്കേണ്ടിവന്നത്. ഇരട്ടി ഉത്തരവാദിത്വമാണ്. കുട്ടികളുടെ ഡയപ്പര്‍ മാറ്റുക,കുളിപ്പിക്കുക, കഴിപ്പിക്കുക, ഉറക്കുക ഇതായിരുന്നു എന്റെ കുറേനാളത്തെ ദിനചര്യ. ഉറക്കം തീരെ ഇല്ലായിരുന്നു. 

ഒരു വര്‍ഷം എങ്ങനെ പോയെന്ന്  അറിയില്ല. ഒരു വര്‍ഷത്തിന് ശേഷം ഞാന്‍ വീണ്ടും ജോലിക്ക് പോയി തുടങ്ങി. ആര് വീട്ടിലിരിക്കുന്നു? ആര് ജോലി ചെയ്യുന്നു? എന്നുള്ളത് വിഷയമല്ല. ആളുകൾ പലതും പറയും. അത് കേൾക്കാതിരിക്കുന്നതാണ് കൂടുതൽ നല്ലത്.  കുടുബം സന്തോഷമായിരിക്കുന്നുണ്ടോ എന്നുള്ളതാണ് നോക്കേണ്ടത്. ഞങ്ങൾ ഇപ്പോൾ വളരെയധികം സന്തോഷത്തിലാണെന്ന് ലഹര്‍ പറഞ്ഞു.

click me!