'ഞാനാണ് ഈ വീടിന് കാവല്‍'; മൂർഖന് മുന്നില്‍ ശൗര്യത്തോടെ പൂച്ച

By Web TeamFirst Published Jul 22, 2021, 12:21 PM IST
Highlights

സമീപത്തുള്ള വനപ്രദേശത്ത് നിന്ന് ഇഴഞ്ഞെത്തിയ പാമ്പ് വീടിന് മുന്നിലെത്തിയപ്പോള്‍ മുതല്‍ പൂച്ച അതിന്റെ ഓരോ അനക്കവും നോക്കി, ജാഗ്രതയോടെ നില്‍പുറയ്ക്കുകയായിരുന്നുവെന്ന് വീട്ടുടമസ്ഥനായ സമ്പത്ത് കെ പരീദ പറയുന്നു. ഒന്നര വര്‍ഷമായി ഇവര്‍ വളര്‍ത്തുന്ന പൂച്ചയാണിത്

വളര്‍ത്തുമൃഗങ്ങള്‍ക്ക് വീട്ടുകാരോടുള്ള സ്‌നേഹവും കരുതലും സവിശേഷമാണ്. വീട്ടുകാര്‍ക്ക് കാവലായി സ്വയം മാറുന്നവരാണ് മിക്ക വളര്‍ത്തുമൃഗങ്ങളും. വീട്ടുകാര്‍ നേരിടാനിടയുള്ള അപകടങ്ങള്‍ പോലും മണത്തറിഞ്ഞ് അതിനെ പ്രതിരോധിക്കാന്‍ വരെ അവ ശ്രമിക്കാറുണ്ട്. പലപ്പോഴും സ്വന്തം ജീവന്‍ പണയപ്പെടുത്തി കൊണ്ടാണ് ഇവ ഇത്തരത്തില്‍ ഉടമസ്ഥരായ വീട്ടുകാരെ സംരക്ഷിക്കുക. അങ്ങനെയുള്ള ധാരാളം കഥകള്‍ നമ്മള്‍ കേട്ടിട്ടുമുണ്ട്. 

ഒഡീഷയിലെ ഭൂബനേശ്വറില്‍ നടന്ന സമാനമായൊരു സംഭവം ഇപ്പോള്‍ ചിത്രങ്ങളായി വ്യാപകമായി പങ്കുവയ്ക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. വീടിന് മുന്നിലെത്തിയ മൂർഖനെ തടഞ്ഞുനിര്‍ത്തുന്ന വളര്‍ത്തുപൂച്ചയുടെ ചിത്രങ്ങളാണിത്. 

മൂർഖന്റെ കടിയേറ്റാല്‍ അത് അപടകമാണെന്ന് നമുക്കെല്ലാം അറിയാം.. ഇത് തരം കിട്ടിയാല്‍ പൂച്ചകളെ ആക്രമിക്കുന്ന കാര്യത്തില്‍ മുന്നിലുമാണ്. അത്രയും അപകടകാരിയായ പാമ്പിനെയാണ് പൂച്ച സധൈര്യം തടഞ്ഞുവച്ചത്. 

സമീപത്തുള്ള വനപ്രദേശത്ത് നിന്ന് ഇഴഞ്ഞെത്തിയ പാമ്പ് വീടിന് മുന്നിലെത്തിയപ്പോള്‍ മുതല്‍ പൂച്ച അതിന്റെ ഓരോ അനക്കവും നോക്കി, ജാഗ്രതയോടെ നില്‍പുറയ്ക്കുകയായിരുന്നുവെന്ന് വീട്ടുടമസ്ഥനായ സമ്പത്ത് കെ പരീദ പറയുന്നു. ഒന്നര വര്‍ഷമായി ഇവര്‍ വളര്‍ത്തുന്ന പൂച്ചയാണിത്. 

വൈകാതെ തന്നെ രസകരമായ കാഴ്ച കാണാന്‍ അയല്‍വാസികളെല്ലാം വീടിന് പുറത്തിറങ്ങി. എന്നിട്ടും പാമ്പ് അവിടെ നിന്ന് തിരിച്ചുപോകാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ പൂച്ചയുടെ ജീവന്‍ തങ്ങളുടെ കണ്‍മുന്നില്‍ തന്നെ അപകടത്തിലാകുമെന്ന് മനസിലാക്കിയ വീട്ടുമടസ്ഥര്‍ പാമ്പ് പിടുത്തക്കാരെ ഫോണ്‍ ചെയ്ത് വിളിച്ചുവരുത്തി. 

ഇവര്‍ എത്തി പാമ്പിനെ പിടികൂടി കാട്ടിലേക്ക് ഇറക്കിവിടാനായി കൊണ്ടുപോയ ശേഷമാണേ്രത പൂച്ച അവിടെ നിന്ന് മാറിയത്. ഏതായാലും രസകരമായ സംഭവത്തിന്റെ ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ കൂടി പങ്കുവച്ചതോടെയാണ് ഇത് വൈറലായത്. നിരവധി പേര്‍ വളര്‍ത്തുമൃഗങ്ങളുടെ സ്‌നേഹത്തെ കുറിച്ച് പറഞ്ഞുകൊണ്ട് ഈ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. പലരും രസകരമായ ട്രോളുകളും ചിത്രങ്ങളുപയോഗിച്ച് തയ്യാറാക്കിയിട്ടുണ്ട്.

Also Read:- മൃഗശാലയിൽ നിന്നും രക്ഷപ്പെട്ട 12 അടി നീളമുള്ള പെരുമ്പാമ്പിനെ ഷോപ്പിങ് മാളിൽ കണ്ടെത്തി

click me!