
വാര്‍ധക്യം എന്നാല്‍ പ്രാര്‍ത്ഥനകളും, മൗനവുമായി ഒതുങ്ങിക്കൂടിയിരിക്കാനുള്ള 'ഒടുവിലത്തെ' ഘട്ടം എന്നാണ് പൊതുവില്‍ നമ്മുടെ സങ്കല്‍പം. എത്ര മരവിച്ച ഒരു സങ്കല്‍പമായിരുന്നു അതെന്നും എത്രമാത്രം അര്‍ത്ഥമില്ലായ്മ ആ സങ്കല്‍പത്തിനകത്ത് നിറഞ്ഞുനിന്നിരുന്നുവെന്നും കൊച്ചനിയനും ലക്ഷ്മിയമ്മാളും ഇന്ന് നമുക്ക് കാട്ടിത്തന്നു.
അറുപത്തിനാല് വയസ്സുള്ള ലക്ഷ്മിയമ്മാളും അറുപത്തിയഞ്ചുകാരനായ കൊച്ചനിയനും ഇന്ന് തൃശൂര്‍ രാമവര്‍മ്മപുരം സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ വച്ച് വിവാഹിതരായി. കേരളമാകെ തെല്ല് അമ്പരപ്പോടെയും അതിലേറെ നിറവോടെയും ആ വിവാഹം കണ്ടു. അവരെക്കുറിച്ച് വായിച്ചവരാരും തന്നെ മനസ് കൊണ്ട് അവരെ അനുഗ്രഹിക്കാതെ കടന്നുപോയിരിക്കില്ല. അവരുടെ വിവാഹചിത്രങ്ങള്‍ കണ്ടവരാരും ഒരുപിടി പൂക്കള്‍ ഹൃദയം കൊണ്ട് അവരുടെ മേല്‍ ചൊരിയാതെ പോയിരിക്കില്ല.
അത്രയും നമ്മെ സന്തോഷപ്പെടുത്തി ഈ കൂടിച്ചേരല്‍. 22 വര്‍ഷത്തെ തനിച്ചുള്ള ജീവിതത്തോട് ലക്ഷ്മിയമ്മാള്‍ പുഞ്ചിരിയോടെ യാത്ര പറഞ്ഞിരിക്കുന്നു. ഏകാന്തതയും അസുഖങ്ങളുമായി വൃദ്ധസദനത്തെ ആശ്രയിച്ചെത്തിയ, പ്രതീക്ഷകള്‍ മങ്ങിയ അവസ്ഥയില്‍ നിന്ന് കൊച്ചനിയനും രണ്ടാമതൊരു ജീവിതത്തിലേക്ക് പിച്ച വയ്ക്കുകയാണ്. ഇരുവര്‍ക്കും ഇടയില്‍ വര്‍ഷങ്ങളോളം നീണ്ട ബന്ധമുണ്ടായിരുന്നുവെങ്കിലും അത് വിവാഹത്തിലെത്താന്‍ 2019 വരെ വിധി അവരെ കാത്തിരിപ്പിച്ചു.
Also Read- 'പിരിയാൻ ഇടവരല്ലേ...' ലക്ഷ്മി അമ്മാളും കൊച്ചനിയനും ഇനി ഒന്നിച്ച്...
ഇനി ആരോഗ്യത്തോടും ദീര്‍ഘായുസോടും കൂടി പുതിയ ജീവിതത്തെ അനുഭവിക്കാന്‍ അവര്‍ക്ക് ആശംസകള്‍ നേര്‍ന്നാല്‍ മാത്രം മതി. മന്ത്രി വി എസ് സുനില്‍കുമാര്‍ തന്റെ ഫേസ്ബുക്ക് വാളില്‍ പങ്കുവച്ച ഇവരുടെ വിവാഹചിത്രങ്ങള്‍ ഇതിനോടകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. സോഷ്യല്‍ മീഡിയ ഒന്നാകെ 'യുവ'മിഥുനങ്ങള്‍ക്ക് ആശംസകള്‍ ചൊരിയുകയാണ്.
ഇതാ, അതിന് പിറകെ വിവാഹസമയത്ത് പ്രിയപ്പെട്ടവളെ ചുംബിക്കുന്ന കൊച്ചനിയന്റെ ചിത്രവും ഇപ്പോള്‍ വൈറലാവുകയാണ്. ജീവിതത്തോട് വളരെയധികം പ്രതീക്ഷകള്‍ നല്‍കുന്ന ചിത്രമെന്നാണ് പലരും ഇത് പങ്കുവച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. വാര്‍ധക്യമെന്നാല്‍ എല്ലാറ്റിന്റേയും ഒടുക്കമാണെന്നുള്ള പഴയ ചിന്തയെല്ലാം കുപ്പത്തൊട്ടിയില്‍ കളയണമെന്നും ചിലര്‍ കുറിക്കുന്നു. അത്രയും ഹൃദ്യമായ ചിത്രമെന്ന് മാത്രം ചിലര്‍ അടിക്കുറിപ്പിട്ടിരിക്കുന്നു. എന്തായാലും കൊച്ചനിയനും ലക്ഷ്മിയമ്മാളും തിരുത്തിയെഴുതുന്നത് പ്രണയത്തിന്റെ പരമ്പരാഗതമായ ഒരു ചരിത്രത്തെ തന്നെയാണ്. എല്ലാ സീമകള്‍ക്കുമപ്പുറത്താണ് പ്രണയത്തിന്റെ സാധ്യതകള്‍ പൊട്ടിപ്പരന്നൊഴുകുന്നതെന്നും പ്രായവും, ആരോഗ്യവുമെല്ലാം കേവലം സങ്കല്‍പങ്ങള്‍ മാത്രമാണെന്നും ഇവര്‍ ജീവിതം കൊണ്ട് പറഞ്ഞുവയ്ക്കുന്നു.