തൃശൂർ: തനിച്ചായിരുന്ന രണ്ട് പേർ ഒന്നിച്ചായ ദിവസമായിരുന്നു ഡിസംബർ 28 ശനിയാഴ്ച. ഇരുപത്തിരണ്ട് വർഷത്തെ ഒറ്റയ്ക്കുള്ള ജീവിതത്തിന് ശേഷം ലക്ഷ്മി അമ്മാളിന് ജീവിത സായാഹ്നത്തിൽ ഒരു കൂട്ട് കിട്ടി, കൊച്ചനിയൻ. ഇരുവരും തൃശൂർ രാമവർമ്മപുരം ​ഗവൺമെന്റ് വൃദ്ധസദനത്തിലെ അന്തേവാസികൾ. 65കാരനായ കൊച്ചനിയൻ ഭാര്യ മരിച്ചതിന് ശേഷം ഒറ്റയ്ക്കാണ് ജീവിച്ചിരുന്നത്. 64 വയസ്സുളള ലക്ഷ്മി അമ്മാളും ഏകദേശം അതേ അവസ്ഥയിൽ തന്നെയായിരുന്നു. 22 വർഷമായി ലക്ഷ്മി അമ്മാളിന്റെ ഭർത്താവ് മരിച്ചിട്ട്. ലക്ഷ്മി അമ്മാളുടെ ഭർത്താവിന്റെ സുഹൃത്തായിരുന്നു കൊച്ചനിയൻ. 

ഒന്നരവർഷം മുമ്പാണ് ലക്ഷ്മി അമ്മാൾ തൃശൂരിലെ വൃദ്ധ സദനത്തിലെത്തുന്നത്. കുറച്ച് നാളുകൾക്ക് ശേഷം കൊച്ചനിയനും എത്തി. നാളുകൾക്ക് ശേഷമുള്ള കൂടിക്കാഴ്ച വിവാഹത്തിലെത്തിച്ചേരുകയായിരുന്നു. കൃഷിമന്ത്രി വി എസ് സുനിൽകുമാറിന്റെയും തൃശൂർ മേയർ അജിതയുടെയും മേൽനോട്ടത്തിലാണ് വിവാഹം നടന്നത്. ഒപ്പം വൃദ്ധസദനത്തിലെ മറ്റ് അന്തേവാസികളും സംബന്ധിച്ചു. ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസം എന്ന് വിശേഷിപ്പിച്ച് മന്ത്രി സുനിൽകുമാർ തന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിൽ വിവാഹം ചിത്രങ്ങളടക്കം പങ്കുവച്ചിരിക്കുന്നു. 

സംസ്ഥാനത്തെ വൃദ്ധസദനങ്ങളിൽ നടക്കുന്ന ആദ്യത്തെ വയോധിക വിവാഹമാണ് നടന്നതെന്ന് മന്ത്രി വ്യക്തമാക്കുന്നു. ''65കാരനായ വരനും 64കാരിയായ വധുവും വളരെ പ്രസരിപ്പോടും തികഞ്ഞ സന്തോഷത്തോടും കൂടിയാണ് കതിർമണ്ഡപത്തിലേക്ക് എത്തിയത്. പരസ്പരം താങ്ങായി ഒരുമിച്ച് ജീവിക്കാൻ ഇരുവരും ചേർന്നെടുത്ത തീരുമാനം ശ്ലാഘനീയമാണ്. വധൂവരന്മാരെ സംസ്ഥാന സർക്കാരിനുവേണ്ടി ഊഷ്മളമായി അഭിവാദ്യം ചെയ്യുന്നു. ഇരുവരും ആയുരാരോഗ്യ സൗഖ്യത്തോടെയിരിക്കട്ടെ. ശ്രീ. കൊച്ചനിയന്റെയും ശ്രീമതി. ലക്ഷ്മിയമ്മാളിന്റെയും ദാമ്പത്യജീവിതം സന്തോഷപ്രദവും സമാധാനപൂർണവും ആയിരിക്കട്ടെയെന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നു.'' മന്ത്രി വിഎസ് സുനിൽകുമാർ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ജീവിതത്തിൽ ഏറ്റവും സന്തോഷം തോന്നിയ ദിവസങ്ങളിൽ ഒന്നാണിന്ന്. തൃശൂർ രാമവർമപുരം ഗവ. വൃദ്ധസദനത്തിലെ അന്തേവാസികളായ ശ്രീ. കൊച്ചനിയനും ശ്രീമതി. ലക്ഷ്മിയമ്മാളും പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന മംഗളകർമ്മത്തിന് സാക്ഷിയായത് അവിസ്മരണീയമായ അനുഭവമാണ്. ഇരുവരുടെയും ജീവിതസായാഹ്നത്തിൽ സംഭവിച്ച ഈ മാംഗല്യഭാഗ്യം സദനത്തിന്റെ മാനേജ്മെൻറും അന്തേവാസികളും അഭ്യുദയകാംക്ഷികളും സന്നദ്ധപ്രവർത്തകരുമൊക്കെ ചേർന്ന് അവിസ്മരണീയമാക്കുകയാണുണ്ടായത്.

സംസ്ഥാനത്തെ വൃദ്ധസദനങ്ങളിൽ നടക്കുന്ന ആദ്യത്തെ വയോധികവിവാഹമാണ് ഇന്ന് നടന്നത്. 65കാരനായ വരനും 64കാരിയായ വധുവും വളരെ പ്രസരിപ്പോടും തികഞ്ഞ സന്തോഷത്തോടും കൂടിയാണ് കതിർമണ്ഡപത്തിലേക്ക് എത്തിയത്. പരസ്പരം താങ്ങായി ഒരുമിച്ച് ജീവിക്കാൻ ഇരുവരും ചേർന്നെടുത്ത തീരുമാനം ശ്ലാഘനീയമാണ്. വധൂവരന്മാരെ സംസ്ഥാന സർക്കാരിനുവേണ്ടി ഊഷ്മളമായി അഭിവാദ്യം ചെയ്യുന്നു. ഇരുവരും ആയുരാരോഗ്യ സൗഖ്യത്തോടെയിരിക്കട്ടെ. ശ്രീ. കൊച്ചനിയന്റെയും ശ്രീമതി ലക്ഷ്മിയമ്മാളിന്റെയും ദാമ്പത്യജീവിതം സന്തോഷപ്രദവും സമാധാനപൂർണവും ആയിരിക്കട്ടെയെന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നു.

സ്നേഹാദരങ്ങളോടെ
വി.എസ് സുനിൽകുമാർ