'അന്ന് അവന്‍ ഞങ്ങളെ സഹായിച്ചു, പകരം ഇന്ന് അവന്റെ വിവാഹം ഞങ്ങള്‍ നടത്തി'

By Web TeamFirst Published Apr 22, 2020, 5:59 PM IST
Highlights

ധീന പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു ബോട്ടപകടം നടന്നത്. നടുങ്ങിപ്പോയ ആ രാത്രിയില്‍ തോളോട് തോള്‍ ചേര്‍ന്നുനിന്ന അനിലിനെ ധീന പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ മറന്നില്ല. അതുകൊണ്ട് തന്നെ പകരം സഹായിക്കാനുള്ള അവസരം വന്നപ്പോള്‍ അവര്‍ അനിലിനെ സഹായിച്ചു

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ യുപിയിലെ ചന്ദൗലിയില്‍ ഒരു ബോട്ടപകടം നടന്നിരുന്നു. നാല്‍പത് യാത്രക്കാരാണ് അന്ന് പുഴയില്‍ മുങ്ങിത്താഴ്ന്നത്. നാട്ടുകാരായ ഒരു സംഘം ആളുകള്‍ സ്വന്തം ജീവന്‍ പോലും നോക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ചില്ലായിരുന്നുവെങ്കില്‍ മരണസംഖ്യ കുത്തനെ ഉയരുമായിരുന്ന ഒരു ദുരന്തമായേനെ അത്. എന്നാല്‍ അവസരോചിതമായ അവരുടെ ഇടപെടല്‍ നിരവധി പേരുടെ ജീവനാണ് സുരക്ഷിതമാക്കിയത്. 

അക്കൂട്ടത്തില്‍ മഹൂജി സ്വദേശിയായ അനില്‍ എന്നൊരു ചെറുപ്പക്കാരനുമുണ്ടായിരുന്നു. പൊലീസുകാര്‍ക്കൊപ്പം നിന്ന് ഏറ്റവുമധികം യാത്രക്കാരെ രക്ഷപ്പെടുത്തിയത് അനിലായിരുന്നു. അര്‍പ്പണബോധത്തോടെയുള്ള ആ ഇടപെടലിന് അനിലിന് പിന്നീട് ജില്ലാ ഭരണകൂടത്തിന്റേയും പൊലീസിന്റേയുമെല്ലാം അഭിനന്ദനം ലഭിച്ചിരുന്നു. 

ധീന പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു ബോട്ടപകടം നടന്നത്. നടുങ്ങിപ്പോയ ആ രാത്രിയില്‍ തോളോട് തോള്‍ ചേര്‍ന്നുനിന്ന അനിലിനെ ധീന പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ മറന്നില്ല. അതുകൊണ്ട് തന്നെ പകരം സഹായിക്കാനുള്ള അവസരം വന്നപ്പോള്‍ അവര്‍ അനിലിനെ സഹായിച്ചു. 

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങിപ്പോകുമെന്ന അവസ്ഥയിലായിരുന്നു അനില്‍. ആരോടാണ് സഹായമഭ്യര്‍ത്ഥിക്കേണ്ടതെന്നറിയാതെ പ്രതിസന്ധിയിലായിരുന്നു ആദ്യം. പിന്നീട് ധീന പൊലീസ് സ്റ്റേഷനിലെത്തി അവിടത്തെ പൊലീസുകാരോട് കാര്യം ബോധിപ്പിച്ചു. 

Also Read:- സൂം വേദിയാകും; ലോക്ക്ഡൌണ്‍ കാലത്ത് ഓണ്‍ലൈന്‍ വിവാഹങ്ങള്‍ക്ക് അനുമതി നല്‍കി ന്യൂയോര്‍ക്ക് ഗവര്‍ണര്‍...

പിന്നീട് എല്ലാം തീരുമാനിച്ചത് അവരായിരുന്നു. സ്റ്റേഷന്റെ തൊട്ടടുത്തുള്ള അമ്പലത്തില്‍ വച്ച് നിശ്ചിച്ച മുഹൂര്‍ത്തത്തില്‍ താലികെട്ട് നടത്താമെന്നേറ്റു. ബാക്കി ചടങ്ങെല്ലാം സ്റ്റേഷനില്‍ തന്നെ. വധുവിന്റേയും വരന്റേയും വീട്ടില്‍ നിന്ന് കാരണവന്മാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ വീതം പങ്കെടുത്താല്‍ മതിയെന്ന് ധാരണയായി. കാര്‍മ്മികത്വം വഹിക്കാന്‍ പൂജാരി കാണും. പിന്നെ എല്ലാത്തിനും കൂടെ നില്‍ക്കാന്‍ പൊലീസുകാരും.

അങ്ങനെ അനിലിന്റേയും ഗാസിപൂര്‍ സ്വദേശിനിയായ ജ്യോതിയുടേയും വിവാഹം നേരത്തേ നിശ്ചയിച്ച പോലെ തന്നെ തിങ്കളാഴ്ച നടന്നു. അനുഗ്രഹം നേരാന്‍ അഡീഷണല്‍ പൊലീസ് സൂപ്രണ്ടന്റും സര്‍ക്കിള്‍ ഓഫീസറുമെല്ലാം എത്തി. സാമൂഹികാകലം പാലിച്ചുകൊണ്ടും ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിക്കാതെയുമാണ് വിവാഹം നടത്തിയതെന്ന് ധീന പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ രാജേഷ് കുമാര്‍ പറഞ്ഞു. 

'അന്ന് അവന്‍ ഞങ്ങളെ സഹായിച്ചു. ഇന്ന് അവന്റെ വിവാഹം ഞങ്ങള്‍ നടത്തിക്കൊടുത്തു. ഒരു നിയമലംഘനവും ഇല്ല. ചുരുക്കം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ലളിതമായ ഒരു വിവാഹം. ഞങ്ങളെക്കൊണ്ട് കഴിയുന്ന ഒരു സഹായം. എങ്കിലും ആചാരങ്ങളൊന്നും തെറ്റിച്ചിട്ടില്ല. അതാണ് സന്തോഷം...'- രാജേഷ് കുമാര്‍ പറയുന്നു. 

Also Read:- വരൻ ചങ്ങനാശേരിയിലും വധു യുപിയിലും; വീഡിയോ കോൾ വിവാഹത്തിന് കാത്ത് അഞ്ജനയും ശ്രീജിത്തും...

പൊലീസ് സ്റ്റേഷന്‍ വിവാഹവേദിയായപ്പോള്‍ അനിലിന്റെ സന്തോഷം ഇതൊന്നുമല്ല. മറ്റാര്‍ക്കും കിട്ടാത്ത അപൂര്‍വ്വമായ ഒരവസരം തനിക്ക് കിട്ടിയല്ലോ. ജീവിതത്തിലെ ഏറ്റവും മനോഹരവും വ്യത്യസ്തവുമായ ഒരോര്‍മ്മയായി വിവാഹഫോട്ടോകള്‍ സൂക്ഷിക്കാമല്ലോ. അതിന് പൊലീസുകാരോട് പ്രത്യേക നന്ദിയും അറിയിച്ചാണ് അനില്‍ വധുവിനൊപ്പം മടങ്ങിയത്. 

click me!