ന്യൂയോര്‍ക്ക്: കൊവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വിവാഹങ്ങള്‍ക്ക് അനുമതി നല്‍കി ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കുമോ. കൊറോണ വൈറസിന്‍റെ വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൌണിന്‍റെ പശ്ചാത്തലത്തില്‍ നിശ്ചയിച്ച വച്ചിരുന്ന നിരവധി വിവാഹങ്ങള്‍ റദ്ദാക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് തീരുമാനം. 

യുഎസ് സ്റ്റേറ്റിലുള്ളവര്‍ക്കാണ് ഇത്തരത്തില്‍ ഓണ്‍ലൈന്‍ വിവാഹത്തിന് അനുമതി നല്‍കിയിരിക്കുന്നത്. വിവാഹം നടത്താന്‍ അനുമതിയുള്ളവര്‍ക്ക് വെര്‍ച്വലായി ഇനി വിവാഹം നടത്താം. ഈ വിവാഹങ്ങള്‍ക്ക് ലൈസന്‍സും അനുവദിക്കും. ഇനി വിവാഹം കഴിക്കാനിരിക്കുന്നവര്‍ക്ക് യാതൊരുരീതിയിലുള്ള ഒഴിവ് കഴിവും ഇനി പറയാനില്ലെന്നാണ് തീരുമാനത്തേക്കുറിച്ച് ആന്‍ഡ്രൂ കൂമോ പറയുന്നത്. മേയ് 15 വരെ ലോക്ക്ഡൌണ്‍ നീട്ടിയതിന് പിന്നാലെയാണ് പ്രഖ്യാപനം. വീഡിയോ കോണ്‍ഫറന്‍സിന് വ്യാപകമായി ഉപയോഗിക്കുന്ന സൂം ആപ്പിലാണ് ഇത്തരത്തില്‍ ഓണ്‍ലൈന്‍ വിവാഹം നടത്തുക. 

ന്യൂയോര്‍ക്കില്‍ മാത്രം 13000 പേരാണ് കൊവിഡ് 19 ബാധിച്ച് മരിച്ചത്. തീരുമാനത്തിനെ വിവാഹിതരാവാന്‍ പോവുന്നവര്‍ സ്വാഗതം ചെയ്യുമ്പോള്‍ ബന്ധുക്കള്‍ക്ക് അത്ര ബോധ്യമായിട്ടില്ലെന്നാണ് തീരുമാനത്തോട് സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ന്യൂയോര്‍ക്ക് മാത്രമല്ല ഇത്തരത്തില്‍ കൊറോണ കാലത്ത് ഓണ്‍ലൈന്‍ വിവാഹങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത്. യുഎഇയിലും സമാനരീതിയില്‍ വിവാഹത്തിന് അനുമതി നല്‍കിയിരുന്നു.