Latest Videos

രാത്രി ഭക്ഷണം നേരത്തെ കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനം

By Web TeamFirst Published Oct 15, 2022, 3:57 PM IST
Highlights

അമിതഭാരമുള്ള 16 പേരിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. ദിവസത്തില്‍ നേരത്തെ ഭക്ഷണം കഴിക്കുകയും വൈകി ഭക്ഷണം കഴിക്കുകയും ചെയ്യുന്ന രണ്ട് സംഘമാക്കി ഇവരെ തിരിച്ചു. ഒരേ തരത്തിലുള്ള ഭക്ഷണം ഇവര്‍ക്ക് നല്‍കിയതിന് ശേഷം തങ്ങളുടെ വിശപ്പിനെ സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്താനും ആവശ്യപ്പെട്ടു. 

അമിത വണ്ണം കുറയ്ക്കാന്‍ പല തരം ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നവരുണ്ടാകാം. ചിലര്‍ ഭക്ഷണത്തിന്‍റെ അളവ് നന്നായി കുറയ്ക്കും. എന്നാല്‍ എന്ത് കഴിക്കുന്നു എന്നതു മാത്രമല്ല എപ്പോള്‍ കഴിക്കുന്നു എന്നതും പ്രധാനമാണ്.  രാത്രി വളരെ വൈകി ആണോ ഭക്ഷണം കഴിക്കുന്നത്? എങ്കിൽ വേഗം ആ ശീലം ഉപേക്ഷിച്ചോളൂ. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ശരീര ഭാരം കൂടാന്‍ കാരണമാകും. ഭക്ഷണം ദഹിക്കാനുള്ള സമയം ലഭിക്കണം. അതിനാല്‍ ഉറങ്ങുന്നതിന് മൂന്ന് - നാല് മണിക്കൂര്‍ മുമ്പെങ്കിലും അത്താഴം കഴിക്കണം. 

രാത്രി നേരത്തെ ഭക്ഷണം കഴിക്കുന്നത് അമിത വണ്ണത്തെ തടയുകയും കൂടുതല്‍ ആരോഗ്യകരമായ ശരീരത്തെ പ്രദാനം ചെയ്യുകയും ചെയ്യുമെന്ന് ബ്രിഗ്ഹാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലിലെ ഗവേഷകര്‍ നടത്തിയ പഠനം പറയുന്നു. അതായത് രാവിലെ എട്ട് മണിക്ക് പ്രഭാതഭക്ഷണം കഴിക്കുന്നവര്‍ വൈകുന്നേരം ആറ് മണിക്കെങ്കിലും രാത്രി ഭക്ഷണം കഴിച്ചിരിക്കണം. 

വൈകി ഭക്ഷണം കഴിക്കുന്നവര്‍ക്ക് കൂടുതല്‍ വിശപ്പുണ്ടാകുമെന്നും ഇവരുടെ ശരീരം കലോറി ദഹിപ്പിക്കുന്നതിന്റെ നിരക്ക് കുറവായിരിക്കുമെന്നും കൊഴുപ്പ് കെട്ടിക്കിടക്കാനുള്ള സാധ്യത ഇവരില്‍ കൂടുതലാണെന്നും സെല്‍ മെറ്റബോളിസം ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

അമിതഭാരമുള്ള 16 പേരിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. ദിവസത്തില്‍ നേരത്തെ ഭക്ഷണം കഴിക്കുകയും വൈകി ഭക്ഷണം കഴിക്കുകയും ചെയ്യുന്ന രണ്ട് സംഘമാക്കി ഇവരെ തിരിച്ചു. ഒരേ തരത്തിലുള്ള ഭക്ഷണം ഇവര്‍ക്ക് നല്‍കിയതിന് ശേഷം തങ്ങളുടെ വിശപ്പിനെ സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്താനും ആവശ്യപ്പെട്ടു. ഇവരുടെ രക്തസാംപിളുകളും ശരീരത്തിലെ കൊഴുപ്പ് കോശങ്ങളുടെ സാംപിളുകളും മറ്റും ഗവേഷകര്‍ ശേഖരിച്ചു.

വൈകി കഴിക്കുന്നവരില്‍ നേരത്തെ കഴിച്ചവരെ അപേക്ഷിച്ച് 60 കലോറി കുറവാണ് ദഹിപ്പിക്കപ്പെട്ടതെന്നും ഗവേഷകര്‍ പറയുന്നു. 10 മണിക്കൂര്‍ ദൈര്‍ഘ്യത്തിനുള്ളില്‍ ദിവസത്തിലെ എല്ലാ ഭക്ഷണവും കഴിക്കുന്നവരില്‍ ചീത്ത കൊളസ്‌ട്രോളിന്‍റെ തോത് കുറവായിരിക്കുമെന്നും പഠനം പറയുന്നു. 

Also Read: വണ്ണം കുറയ്ക്കണോ? അറിയാം പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതും രാത്രി ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍...

click me!