പ്രഭാത ഭക്ഷണം മുടക്കിയാല്‍ ഏതാനും മണിക്കൂറുകള്‍ കഴിയുമ്പോള്‍ വിശപ്പ് കൂടുതലായി അനുഭവപ്പെടുകയും ചെയ്യും. ഇത് അമിതാഹാരത്തിനും തന്മൂലം അമിതവണ്ണത്തിനും കാരണമാവും. അതുപോലെ രാത്രികാലങ്ങളിൽ കുറച്ച് ഭക്ഷണം മാത്രം കഴിക്കാന്‍ ശ്രമിക്കുക. രാത്രി കഴിക്കുന്ന ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ്, കലോറി, കൊഴുപ്പ് എന്നിവ കുറഞ്ഞ അളവിലായിരിക്കണം. 

വണ്ണം കുറയ്ക്കാനായി നിരവധി വഴികള്‍ പരീക്ഷിച്ച് മടുത്തവരാണ് നമ്മളില്‍ പലരും. പട്ടിണി കിടന്നും പ്രഭാത ഭക്ഷണം ഒഴിവാക്കിയും പലരും വണ്ണം കുറയ്ക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും. പ്രഭാത ഭക്ഷണം മുടക്കിയാല്‍ ഏതാനും മണിക്കൂറുകള്‍ കഴിയുമ്പോള്‍ വിശപ്പ് കൂടുതലായി അനുഭവപ്പെടുകയും ചെയ്യും. ഇത് അമിതാഹാരത്തിനും തന്മൂലം അമിതവണ്ണത്തിനും കാരണമാവും.

അതുപോലെ രാത്രികാലങ്ങളിൽ കുറച്ച് ഭക്ഷണം മാത്രം കഴിക്കാന്‍ ശ്രമിക്കുക. രാത്രി കഴിക്കുന്ന ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ്, കലോറി, കൊഴുപ്പ് എന്നിവ കുറഞ്ഞ അളവിലായിരിക്കണം. 

ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ശ്രമിക്കുകയാണെങ്കില്‍, പ്രഭാതത്തില്‍ നിങ്ങള്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്...

ഏത്തപ്പഴം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഏത്തപ്പഴം കഴിക്കുന്നത് വിശപ്പ്‌ കുറയ്ക്കാന്‍ സഹായിക്കും. ഒപ്പം വയര്‍ നിറയുകയും ചെയ്യും. ഏത്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് എനര്‍ജി നല്‍കുക മാത്രമല്ല ശാരീരികക്ഷമത വർധിപ്പിക്കുകയും ചെയ്യും. ഇത് അധിക കലോറി കത്തിച്ചു കളയും. പൊട്ടാസ്യം ധാരാളമടങ്ങിയ ഏത്തപ്പഴം രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും. 

രണ്ട്...

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും രാവിലെ മുട്ട ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. ഒപ്പം കലോറി വളരെ കുറവുമായതിനാല്‍ ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന ഭക്ഷണമാണിത്. കൂടാതെ വിറ്റാമിൻ സിയും മുട്ടയിൽ ധാരാളം അടങ്ങിയിരിക്കുന്നു.

മൂന്ന്...

ഓട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഹൈ പ്രോട്ടീൻ ബ്രേക്ക്ഫാസ്റ്റ് ആണ് ഓട്സ്. ഇവ വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓട്സ് ധൈര്യമായി കഴിക്കാം.

നാല്...

രാവിലെ മുളപ്പിച്ച ധാന്യങ്ങളും പയറുവർഗങ്ങളും കഴിക്കുന്നതും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. മഗ്നീഷ്യവും പ്രോട്ടീനുകളും നാരുകളും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാനും ദഹനസംബന്ധമായ അസുഖങ്ങൾ കുറയ്ക്കാനും ഇവ സഹായിക്കും. 

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ രാത്രികാലങ്ങളിൽ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

ചോറ് രാത്രി ഒഴിവാക്കുന്നതാണ് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലത്. ദിവസവും ഒരു നേരം മാത്രം ചോറ് കഴിക്കാന്‍ ശ്രമിക്കുക. കാർബോഹൈഡ്രേറ്റിനാൽ സംപുഷ്ടമാണ് ചോറ്. കാർബോഹൈഡ്രേറ്റിന്റെ അളവ് കൂടുന്നത് ശരീരത്തില്‍ കൊഴുപ്പടിയാന്‍ കാരണമാകും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചോറിന് പകരം രാത്രി ചപ്പാത്തി കഴിക്കാന്‍ ശ്രമിക്കുക. 

രണ്ട്...

മട്ടൺ, ബീഫ് പോലുള്ള റെഡ് മീറ്റ് വിഭവങ്ങൾ ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകൾ നൽകാൻ സഹായിക്കുന്നവയാണ് എന്നത് ശരിയാണ്. എന്നാൽ ഇവയിൽ ഉയർന്ന അളവിൽ കൊഴുപ്പും കലോറിയും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ രാത്രികാലങ്ങളിൽ ഇവ കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കാന്‍ കാരണമാകും. അതിനാല്‍ റെഡ് മീറ്റ് രാത്രി കഴിക്കാതിരിക്കുന്നതാണ് നല്ലത്. 

മൂന്ന്...

കപ്പ, ഉരുളക്കിഴങ്ങ് പോലുള്ള കിഴങ്ങുവർഗങ്ങളും രാത്രിയിൽ ഒഴിവാക്കുന്നതാണ്. ഇവ ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കും. വണ്ണം വയ്ക്കാനുള്ള സാധ്യതയും കൂട്ടാം. 

നാല്...

ചീസിൽ ധാരാളം കൊഴുപ്പും കൊളസ്ട്രോളും സോഡിയത്തിന്‍റെ അളവും അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ രാത്രിയിൽ ചീസ് കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കും. 

അഞ്ച്...

മിഠായികളും രാത്രി ഒഴിവാക്കുന്നതാണ് നല്ലത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ത്താന്‍ ഇടവരുത്തും. വണ്ണം കൂടാനും കാരണമാകും. 

Also Read: 'ലെയ്സ്' പാക്കറ്റ് മോഡൽ ലെതർ ബാഗ്; വില 1.40 ലക്ഷം രൂപ!