'സര്‍ജറിക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവരാൻ സഹായിച്ചത് വളര്‍ത്തുനായ'

By Web TeamFirst Published Jan 14, 2023, 5:54 PM IST
Highlights

വീഡിയോയില്‍ ആദ്യം ശസ്ത്രക്രിയ കഴിഞ്ഞ സമയങ്ങളില്‍ വാക്കറുപയോഗിച്ച് വീട്ടിനകത്ത് മാത്രമായി നടക്കുന്ന യുവതിയെ ആണ് കാണുന്നത്. ഈ സമയത്തെല്ലാം കൂടെ ഒരു പട്ടിക്കുഞ്ഞുമുണ്ട്. ഇതിനൊപ്പം കഴിയുന്ന പോലെ വീട്ടിനകത്ത് തന്നെ കളിക്കുകയാണ് ഇവര്‍. 

വളര്‍ത്തുമൃഗങ്ങളുമായി മനുഷ്യര്‍ക്കുള്ള ബന്ധം ഏറെ ഗാഢമാകാറുണ്ട്. മിക്കവരും വീട്ടിലെ അംഗങ്ങളെ പോലെ തന്നെയാണ് വളര്‍ത്തുമൃഗങ്ങളെയും കാണാറ്. ഇവയുമായുള്ള സമ്പര്‍ക്കവും ഇടപെടലുമെല്ലാം മനുഷ്യരെ ആരോഗ്യപരമായും വൈകാരികമായും സാമൂഹികമായുമെല്ലാം സഹായിക്കാറുണ്ട്. 

സമാനമായ അനുഭവം പങ്കുവയ്ക്കുകയാണ് ഒരു യുവതി. തനിക്ക് വേണ്ടിവന്നൊരു സര്‍ജറിക്ക് ശേഷം തിരികെ ജീവിതത്തിലേക്ക് വരുന്നതിനായി തന്നെ സഹായിച്ചത് തന്‍റെ വളര്‍ത്തുനായ ആണെന്നും വളര്‍ത്തുനായ്ക്കള്‍ക്ക് ഇത്തരത്തില്‍ മനുഷ്യരെ വലിയ രീതിയില്‍ സ്വാധിനിക്കാൻ സാധിക്കുമെന്നുമാണ് ഇവര്‍ ഒരു വീഡിയോ പങ്കുവച്ചുകൊണ്ട് പറയുന്നത്.

വീഡിയോയില്‍ ആദ്യം ശസ്ത്രക്രിയ കഴിഞ്ഞ സമയങ്ങളില്‍ വാക്കറുപയോഗിച്ച് വീട്ടിനകത്ത് മാത്രമായി നടക്കുന്ന യുവതിയെ ആണ് കാണുന്നത്. ഈ സമയത്തെല്ലാം കൂടെ ഒരു പട്ടിക്കുഞ്ഞുമുണ്ട്. ഇതിനൊപ്പം കഴിയുന്ന പോലെ വീട്ടിനകത്ത് തന്നെ കളിക്കുകയാണ് ഇവര്‍. 

പ്രധാനമായും വളര്‍ത്തുനായയ്ക്കൊപ്പമുള്ള സമ്പര്‍ക്കം മാനസികാരോഗ്യത്തെയാണ് മെച്ചപ്പെടുത്തുകയെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇവരുടെ വാദം ശരിവയ്ക്കുന്ന പല പഠനങ്ങളും നേരത്തെ തന്നെ പുറത്തുവന്നിട്ടുണ്ട്. നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കുന്ന, നമ്മെ സന്തോഷം അനുഭവപ്പെടുത്തുന്ന എൻഡോര്‍ഫിൻ എന്ന ഹോര്‍മോണിന്‍റെ ഉത്പാദനം വളര്‍ത്തുമൃഗങ്ങളുമായുള്ള സമ്പര്‍ക്കം കൂട്ടും. ഇതുവഴിയാണ് നമുക്ക് മാനസികമായ സന്തോഷവും സമാധാനവും അനുഭവപ്പെടുന്നത്.

ഇക്കാരണം കൊണ്ട് തന്നെയാണ് മാനസികസമ്മര്‍ദ്ദം അകറ്റുന്നതിനും പലരും വളര്‍ത്തുമൃഗങ്ങളെ ആശ്രയിക്കുന്നത്. സമാനമായ അനുഭവം തന്നെയാണ് ഇവരും പങ്കുവയ്ക്കുന്നത്. ലക്ഷക്കണക്കിന് പേരാണ് ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച ഇവരുടെ വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ തങ്ങളുടെ അനുഭവങ്ങളും ഇതിന് താഴെ പങ്കുവച്ചിരിക്കുന്നു. 

മനുഷ്യന്‍റെ ആരോഗ്യസംബന്ധമായ പ്രതിസന്ധികള്‍ മറികടക്കുന്നതിന് തീര്‍ച്ചയായും വളര്‍ത്തുനായ്ക്കള്‍ സഹായിക്കുമെന്ന് തന്നെയാണ് അധികപേരും അഭിപ്രായപ്പെടുന്നത്. വീഡിയോ അവസാനിക്കുമ്പോഴേക്ക് യുവതി പുറത്ത് ഇതേ പട്ടിക്കുഞ്ഞിനൊപ്പം നടക്കാൻ പോയതാണ് കാണുന്നത്. അതായത്, ഇതുമൊത്തുള്ള ജീവിതത്തിലൂടെ തന്‍റെ ആരോഗ്യാവസ്ഥയില്‍ ഏറെ മാറ്റം വന്നുവെന്ന് തന്നെയാണ് ഇവര്‍ സ്ഥാപിക്കുന്നത്. 

വീഡിയോ കണ്ടുനോക്കൂ...

 

Also Read:- വീട്ടില്‍ വളര്‍ത്തുമൃഗങ്ങളുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് സന്തോഷിക്കാനിതാ പുതിയൊരു കണ്ടെത്തല്‍...

click me!