
ഞെട്ടിക്കുന്ന ഒരു വാര്‍ത്തയും അതിന്റെ ഫോട്ടോയുമാണ് ഇപ്പോള്‍ ട്വിറ്ററില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. യോഗ ചെയ്യുന്നതിനിടെ ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് 80 അടി താഴ്ചയിലേക്ക് പെണ്‍കുട്ടി വീണു. വീഴുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് വീട്ടിലുണ്ടായിരുന്ന സുഹൃത്ത് എടുത്ത ഫോട്ടോയാണ് വാര്‍ത്തയ്‌ക്കൊപ്പം പ്രചരിക്കുന്നത്.
മെക്‌സിക്കോയിലാണ് സംഭവം. കോളേജ് വിദ്യാര്‍ത്ഥിനിയായ അലെക്‌സ തെരേസ വര്‍ഷങ്ങളായി യോഗ അഭ്യസിക്കുന്നയാളാണ്. ഇതിന്റെ ഭാഗമായാണ് ആത്മവിശ്വാസത്തോടെ ആറാംനിലയിലുള്ള തന്റെ ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ വച്ച് അപകടകരമായ രീതിയില്‍ ഒരു യോഗ പോസ് ചെയ്യാന്‍ അലെക്‌സ തീരുമാനിച്ചത്.
ബാല്‍ക്കണിയില്‍ സ്ഥാപിച്ചിട്ടുള്ള കൈവരിയില്‍ തൂങ്ങിയായിരുന്നുവത്രേ യോഗ പോസ്. എന്നാല്‍ ഒരു നിമിഷം കൊണ്ട്, ശരീരം അതില്‍ നിന്ന് വഴുതി അലെക്‌സ താഴെ വീഴുകയാണുണ്ടായതെന്ന് സുഹൃത്ത് പറയുന്നു. വീഴ്ചയില്‍ ഗുരുതര പരിക്കേറ്റ അലെക്‌സ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് പോലും ആരും കരുതിയിരുന്നില്ല.
എന്നാല്‍ അലെക്‌സയ്ക്ക് ജീവന്‍ തിരിച്ചുകിട്ടി. മൂന്ന് വര്‍ഷത്തേക്ക് കിടക്കയില്‍ നിന്ന് എണീറ്റ് നില്‍ക്കാന്‍ പോലും ഒരുപക്ഷേ അലെക്‌സയ്ക്ക് കഴിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം, 11 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയ ശേഷം ഡോക്ടര്‍മാര്‍ ഇക്കാര്യത്തില്‍ നേരിയ പ്രതീക്ഷ പങ്കുവച്ചിട്ടുണ്ട്. അലെക്‌സയ്ക്ക് എഴുന്നേറ്റ് നടക്കാനെല്ലാം കഴിയുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് ഇവര്‍ അറിയിച്ചുവത്രേ.
വീഴ്ചയില്‍ ആകെ അലെക്‌സയുടെ 110 എല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്. കൈകള്‍ക്കും കാലുകള്‍ക്കും സാരമായ പരിക്കുണ്ട്. ഇടുപ്പെല്ലിനും തലയ്ക്കും പരിക്കുണ്ട്. അതുപോലെ ദേഹമാകെ മുറിവുകളും ചതവുകളും സംഭവിച്ചിട്ടുണ്ട്. സംഭവം വൈറലായതോടെ വേണ്ടവിധം സുരക്ഷാസംവിധാനങ്ങളില്ലാതെ ഇത്തരത്തില്‍ ശാരീരിക പരിശീലനം നടക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ ക്യാംപയിനുകള്‍ ആരംഭിച്ചിട്ടുണ്ട്.