കാമുകനൊപ്പമുള്ള ഫോട്ടോ വൈറലായി; അഞ്ചുവയസുള്ള കുഞ്ഞിനെയും കൊണ്ട് യുവതി കനാലില്‍ ചാടി

By Web TeamFirst Published May 26, 2019, 2:05 PM IST
Highlights

കാമുകനൊപ്പം ചിലവിട്ട സ്വകാര്യനിമിഷങ്ങളിലെപ്പോഴോ പകര്‍ത്തിയ ഫോട്ടോ ആണ് വൈറലായത്. ഇതെങ്ങനെ പുറത്തായി എന്ന കാര്യം വ്യക്തമല്ല. എന്നാല്‍ ഫോട്ടോ വ്യാപകമായി പ്രചരിച്ചതോടെ അപമാനം ഭയന്ന് അഞ്ച് വയസ്സുള്ള മകനെയും കൊണ്ട് യുവതി മരിക്കാന്‍ തീരുമാനിക്കുകയായിരുന്നു

സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കാത്ത ആളുകള്‍ എണ്ണത്തില്‍ വളരെ കുറവാണ് ഇപ്പോള്‍. പല ഗുണങ്ങള്‍ക്കുമൊപ്പം പല അപകടങ്ങളും ഒളിഞ്ഞിരിക്കുന്ന ഇടമാണ് സമൂഹമാധ്യമങ്ങള്‍. അവയെ തിരിച്ചറിഞ്ഞ് വിവേകപൂര്‍വ്വം മുന്നോട്ടുപോയില്ലെങ്കില്‍ ഒരുപക്ഷേ, പിന്നീട് ജീവന്‍ തന്നെ പണയപ്പെടുത്തേണ്ട അവസ്ഥ വന്നേക്കാം.

അത്തരമൊരു വാര്‍ത്തയാണ് ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ നിന്നും ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാമുകനോടൊപ്പമുള്ള ഫോട്ടോ വൈറലായതിനെ തുടര്‍ന്ന് കുഞ്ഞിനെയും കൊണ്ട് കനാലില്‍ ചാടിയിരിക്കുകയാണ് ഒരു യുവതി. കുഞ്ഞിനെ രക്ഷപ്പെടുത്താനായെങ്കിലും യുവതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. 

കാമുകനൊപ്പം ചിലവിട്ട സ്വകാര്യനിമിഷങ്ങളിലെപ്പോഴോ പകര്‍ത്തിയ ഫോട്ടോ ആണ് വൈറലായത്. ഇതെങ്ങനെ പുറത്തായി എന്ന കാര്യം വ്യക്തമല്ല. എന്നാല്‍ ഫോട്ടോ വ്യാപകമായി പ്രചരിച്ചതോടെ അപമാനം ഭയന്ന് അഞ്ച് വയസ്സുള്ള മകനെയും കൊണ്ട് യുവതി മരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

നമ്മള്‍ ജീവിതത്തിലെ പല മുഹൂര്‍ത്തങ്ങളും ക്യാമറയില്‍ പകര്‍ത്താറുണ്ട്. പലതും, സമൂഹമാധ്യമങ്ങളില്‍ സുഹൃത്തുക്കള്‍ക്കായി പങ്കുവയ്ക്കാറുമുണ്ട്. എന്നാല്‍ ചില ഫോട്ടോകള്‍ ഇത്തരത്തില്‍ പരസ്യപ്പെടുത്തും മുമ്പ് പല തവണ ഓര്‍ക്കണം. അത്തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യരുതാത്ത ഏഴ് തരം ഫോട്ടോകളെ പറ്റി കൂടി അറിഞ്ഞിരിക്കാം. 

ഒന്ന്...

മറ്റുള്ളവരുടെ, അതായത് സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ എന്തെങ്കിലും സ്വകാര്യ ആഘോഷങ്ങളുടെ ചിത്രങ്ങള്‍, കൂടിച്ചേരലുകളുടെയോ, സന്തോഷത്തിന്റെയോ, സങ്കടത്തിന്റെയോ ഒക്കെ ചിത്രങ്ങള്‍- ഇവയൊന്നും അവരോട് മുന്‍കൂര്‍ ചോദിക്കാതെ ഒരിക്കലും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാതിരിക്കുക. 


അതിന്മേല്‍ വരുന്ന ബാധ്യതകള്‍ ഏറ്റെടുക്കാന്‍ ഒരിക്കലും നമുക്കാകില്ലെന്ന് ചിന്തിക്കുക. മറ്റൊരാളുടെ സ്വകാര്യത അയാള്‍ക്ക് വിട്ടുകൊടുക്കൂ. അത് ഭേദിക്കണോ വേണ്ടയോ എന്ന തീരുമാനം അയാളെടുക്കട്ടെ. 

രണ്ട്...

ജനന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ് പോലുള്ള ഏറ്റവും സ്വകാര്യമായ രേഖകള്‍.. ഇവയുടെയൊന്നും ചിത്രം ഒരിക്കലും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാതിരിക്കുക. അത് സുരക്ഷയെ ബാധിക്കാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്. സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ച് ധാരാളം കുറ്റകൃത്യങ്ങള്‍ നടക്കുന്ന കാലം കൂടിയാണിതെന്ന് ഓര്‍ക്കുക. 

മൂന്ന്...

ചിലര്‍ യാത്ര പോകുന്ന അവസരങ്ങളില്‍ അത് കാണിക്കാനായി ബോഡിംഗ് പാസ്, അല്ലെങ്കി പാസ്‌പോര്‍ട്ട് ഒക്കെ ഫോട്ടോയെടുത്ത് പങ്കുവയ്ക്കാറുണ്ട്.

അത്തരം രേഖകളുടെ ഫോട്ടോ പരസ്യപ്പെടുത്തുന്നതും അത്ര ആരോഗ്യകരമല്ല. 

നാല്...

നിങ്ങളുടെ കൈവശമുള്ള പണം, ചെക്ക്, ഡ്രാഫ്റ്റ് എന്നിവയുടെ പടങ്ങളും പൊതുമധ്യത്തില്‍ പരസ്യപ്പെടുത്താതിരിക്കുക. അതുപോലെ തന്നെയാണ് സമ്മാനമടിച്ച ലോട്ടറി ടിക്കറ്റിന്റെ കാര്യവും. ഇവയെല്ലാം എപ്പോള്‍ വേണമെങ്കിലും കോടാലിയായി തിരിച്ച് പണി തരാന്‍ സാധ്യതയുള്ള ഫോട്ടാകളാണെന്നോര്‍ക്കുക. എടിഎം കാര്‍ഡ്, ചെക്ക് ബുക്കിന്റെ പേജ്- തുടങ്ങി പണമിടപാടുമായി ബന്ധമുള്ള വിശദാംശങ്ങളും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാതിരിക്കുക. 

അഞ്ച്...

സ്വകാര്യ ചാറ്റുകള്‍ പ്രസിദ്ധപ്പെടുത്തും മുമ്പും പലവട്ടം ചിന്തിക്കണം. അത് മറ്റൊരാളുടെ ജീവിതത്തെ വലിയ രീതിയില്‍ ബാധിക്കാന്‍ സാധ്യതയുള്ളതാണെങ്കില്‍ ഒന്ന് കരുതണം. അതുപോലെ ഇ-മെയില്‍, ഓഫീസ് മെയില്‍, ഡെസ്‌ക്ടോപ്പ്, ഇവയുടെയൊക്കെ ചിത്രങ്ങളും പരമാവധി പങ്കുവയ്ക്കാതിരിക്കുക. 

ആറ്...

പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതും അല്‍പം മദ്യപിക്കുന്നതുമെല്ലാം ഇപ്പോള്‍ സര്‍വസാധാരണമായ കാര്യങ്ങളാണ്. അപ്പോഴത്തെ പാര്‍ട്ടി മൂഡില്‍ പലപ്പോഴും ഇതിന്റെയെല്ലാം ചിത്രങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യുന്ന ചിത്രങ്ങള്‍ പരമാവധി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാതിരിക്കുന്നതാണ് ഉത്തമം. 


ഇത് പല രീതിയിലാണ് നമ്മളെ ബാധിക്കുക. ജോലി, കുടുംബം, സമൂഹത്തിലെ സ്ഥാനം - എന്നിങ്ങനെ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമായിരിക്കുന്ന സാഹചര്യങ്ങളെയെല്ലാം ഇത് പ്രതികൂലമായി ബാധിച്ചേക്കാം. അതുപോലെ തന്നെ എന്തെങ്കിലും തരത്തിലുള്ള നിയമലംഘനം നടത്തി, അതിന്റെ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയും അരുത്. ഉദാഹരണത്തിന്, യുവാക്കള്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് അത് ആഘോഷിക്കുന്നത് പോലെ. ഇതെല്ലാം പിന്നീട് വലിയ തലവേദനകള്‍ക്ക് കാരണമായേക്കും.

click me!