കൊവിഡ് 19 ബാധിച്ച് മരിച്ചു; സംസ്‌കാരം നടത്തി ഒരു മാസം കഴിഞ്ഞപ്പോള്‍ മരിച്ചയാള്‍ ജീവനോടെ!

By Web TeamFirst Published Apr 25, 2020, 10:55 PM IST
Highlights

അസുഖത്തിന്റെ കാഠിന്യം മൂലം മൂന്നാഴ്ചയോളം ഇവര്‍ അബോധാവസ്ഥയില്‍ തന്നെയായിരുന്നു. ഒടുവില്‍ മാര്‍ച്ച് 27ന് ആല്‍ബ മരിച്ചതായി ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു. കൊവിഡ് 19 രോഗി ആയിരുന്നു എന്നതിനാല്‍, മൃതദേഹത്തിനരികിലേക്ക് പോകാന്‍ ആശുപത്രി അധികൃതര്‍ ആരെയും അനുവദിച്ചില്ല

മരിച്ചയാള്‍ ജീവനോടെ തിരിച്ചുവരികയെന്നത് അസാധ്യമാണ്. എന്നാല്‍ മരിച്ചുവെന്ന് നാം ഉറച്ചുവിശ്വസിച്ച ഒരാള്‍ ജീവനോടെ മടങ്ങിവന്നാലോ! ഇക്വഡോറിലെ ഗ്യുവാക്വില്‍ എന്ന സ്ഥലത്ത് ഈ കൊറോണക്കാലത്ത് അത്തരമൊരു സംഭവം നടന്നു. 

മാര്‍ച്ച് ആദ്യത്തിലാണ് എഴുപത്തിനാലുകാരിയായ ആല്‍ബ മരൂരി എന്ന സ്ത്രീയെ പനിയും ശ്വാസതടസവും നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിശദമായ പരിശോധനയില്‍ ഇവര്‍ക്ക് കൊവിഡ് 19 ആണെന്ന് സ്ഥിരീകരിച്ചു. ചികിത്സ തുടങ്ങിയെങ്കിലും വൈകാതെ തന്നെ ഇവരുടെ ആരോഗ്യനില വഷളാവുകയും ചെയ്തു. 

അസുഖത്തിന്റെ കാഠിന്യം മൂലം മൂന്നാഴ്ചയോളം ഇവര്‍ അബോധാവസ്ഥയില്‍ തന്നെയായിരുന്നു. ഒടുവില്‍ മാര്‍ച്ച് 27ന് ആല്‍ബ മരിച്ചതായി ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു. കൊവിഡ് 19 രോഗി ആയിരുന്നു എന്നതിനാല്‍, മൃതദേഹത്തിനരികിലേക്ക് പോകാന്‍ ആശുപത്രി അധികൃതര്‍ ആരെയും അനുവദിച്ചില്ല. 

Also Read:- മരിച്ചെന്ന് കരുതി മോര്‍ച്ചറിയിലേക്ക് മാറ്റി; ബന്ധുക്കള്‍ ആഭരണം ഊരിയെടുക്കുന്നതിനിടെ 'മരിച്ചയാള്‍' കണ്ണു തുറന്നു...

ആല്‍ബയുടെ മരുമകനാണ് മോര്‍ച്ചറിയില്‍ വച്ച് മൃതദേഹം കണ്ട്, സംസ്‌കരിക്കാന്‍ അനുവാദം നല്‍കിയത്. അങ്ങനെ സുരക്ഷാസജ്ജീകരണങ്ങളോടെ ഇവരുടെ സംസ്‌കാരം നടന്നു. ഒരു മാസം പിന്നിടാറാകുമ്പോള്‍ ആശുപത്രിയില്‍ നിന്ന് ആല്‍ബയുടെ ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ആല്‍ബ മരിച്ചിട്ടില്ല, അന്ന് മറ്റാരുടെയോ മൃതദേഹമാണ് ആല്‍ബയുടെ മരുമകന്‍ ചൂണ്ടിക്കാണിച്ചത്. 

ദൂരെ നിന്ന് കണ്ടതിനാല്‍, മുടിയും ആകാരസ്വഭാവവും വച്ചാണ് താന്‍ ആന്റിയാണെന്ന് ധരിച്ചതെന്നും ആശുപത്രി അധികൃതരുടെ വീഴ്ചയാണിതെന്നുമാണ് ആല്‍ബയുടെ മരുമകന്റെ വാദം. അബോധാവസ്ഥയിലായിരുന്ന വയോധികയ്ക്ക് ബോധം വന്നതോടെയാണ് ആശുപത്രി അധികൃതര്‍ക്ക് കാര്യങ്ങള്‍ വ്യക്തമായത്. 

കൊവിഡ് 19 ബാധിച്ച് മരിച്ച വേറെയും ആളുകളുടെ മൃതദേഹം ഇതേ ആശുപത്രി മോര്‍ച്ചറിയിലുണ്ടായിരുന്നു. അവരില്‍ ആരെയോ ആണ് ആല്‍ബയാണെന്ന് തെറ്റിദ്ധരിച്ച് സംസ്‌കരിച്ചത്. അത് ആരാണെന്ന വിവരം ഇതുവരെ ലഭ്യമായിട്ടില്ല. ഏതായാലും ആല്‍ബ ജീവിതത്തിലേക്ക് തിരിച്ചുവന്നതിന്റെ സന്തോഷത്തിലാണ് ബന്ധുക്കളെല്ലാവരും. 

Also Read:- മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന മൈതാനം; നെഞ്ച് തകര്‍ക്കുന്ന കാഴ്ചയുമായി ഒരു ചിത്രം...

22,000ത്തിലധികം കൊവിഡ് 19 കേസുകളാണ് ഇക്വഡോറില്‍ റിപ്പോര്‍്ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 576 പേര്‍ മരിച്ചു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ബ്രസീല്‍ കഴിഞ്ഞാല്‍ കൊവിഡ് 19 ഏറ്റവുമധികം ബാധിച്ച രാജ്യമാണ് ഇക്വഡോര്‍.

click me!