ചണ്ഡീഗഢ്: മരിച്ചെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി മോര്‍ച്ചറിയിലേക്ക് മാറ്റിയ വൃദ്ധ, ബന്ധുക്കള്‍ ആഭരണങ്ങള്‍ ഊരിയെടുക്കവേ കണ്ണു തുറന്നു. പഞ്ചാബിലെ കുപുര്‍ത്തല സ്വദേശിയായ 65  വയസ്സുകാരിയാണ് മരിച്ചെന്നു കരുതി മോർച്ചറിയിലേക്ക് മാറ്റിയ ശേഷം ജീവനോടെ തിരിച്ചെത്തിയത്. ആശുപത്രിയിലെ മോര്‍ച്ചറിയിലെത്തിയ ബന്ധുക്കള്‍ ഇവരുടെ ആഭരണങ്ങള്‍ ഊരിയെടുക്കുന്നതിനിടെയാണ് വൃദ്ധ ശ്വാസമെടുക്കുന്നതായി മനസ്സിലായത്. 

പഞ്ചാബിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം നടന്നത്. ബന്ധുക്കള്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഡോക്ടര്‍മാരെത്തി ഇവര്‍ക്ക് ജീവനുണ്ടെന്ന് ഉറപ്പുവരുത്തി. ഇവരെ പിന്നീട് ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മാറ്റി. എന്നാല്‍ പിന്നീട് ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ഇവരെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അല്‍പ്പ സമയത്തിനകം മരണം സംഭവിച്ചു. എന്നാല്‍ സംഭവത്തില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി.