കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ആയിരങ്ങളും പതിനായിരങ്ങളും മരിച്ചുവീഴുന്ന കാഴ്ചയാണ് പല രാജ്യങ്ങളിലും കാണാനാകുന്നത്. രോഗികള്‍ക്ക് ആവശ്യമായ ചികിത്സയോ, രോഗബാധിതരെ കണ്ടെത്താനുള്ള പരിശോധനകളോ, മരിച്ചവര്‍ക്ക് ആചാരപരമായ സംസ്‌കാരമോ നടത്താന്‍ പോലുമുള്ള സാഹചര്യമില്ലാത്ത അവസ്ഥ. 

ഇത്തരത്തില്‍ നെഞ്ച് തകര്‍ക്കുന്ന കാഴ്ചയുമായി ഒരു ചിത്രം ഇന്ന് ബ്രസീലില്‍ നിന്ന് പുറത്തുവന്നിരിക്കുകയാണ്. ബ്രസീലിലെ മനാസില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ കൂട്ട സംസ്‌കാരം നടത്തുന്ന മൈതാനത്തിന്റെ ആകാശചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. പല നിരകളിലായി മൃതദേഹങ്ങള്‍ നിരത്തിക്കിടത്തിയിരിക്കുന്നു. സമീപത്ത് ജെസിബിയും താല്‍ക്കാലികമായി കെട്ടിപ്പൊക്കിയ ഷെഡുമെല്ലാം കാണാം. 

ഔദ്യോഗിക കണക്കനുസരിച്ച് 3,343 പേരാണ് ഇതുവരെ ബ്രസീലില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചത്. എന്നാല്‍ പല സ്ഥലങ്ങളിലേയും യഥാര്‍ത്ഥ കണക്കുകള്‍ ഇതില്‍ ചേര്‍ക്കപ്പെട്ടിട്ടില്ലെന്ന ആരോപണം സത്യമാണെന്ന് തോന്നിക്കുന്നതാണ് മനാസില്‍ നിന്ന് പുറത്തുവന്നിരിക്കുന്ന ചിത്രം. ആശുപത്രി സൗകര്യം ലഭ്യമാക്കാന്‍ ജലമാര്‍ഗമോ ആകാശമാര്‍ഗമോ ഏറെ ദൂരം സഞ്ചരിച്ച് വരേണ്ട അവസ്ഥയാണ് ഇവിടെ പല സ്ഥലങ്ങളിലുമുള്ളത്. 

Also Read:- 'കൊവിഡ് 19 രോഗികള്‍ക്കൊപ്പം മൃതദേഹങ്ങളും!'; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്...

അതിനാല്‍ത്തന്നെ, പലര്‍ക്കും സമയബന്ധിതമായ ചികിത്സ ലഭിക്കുന്നില്ല. ആവശ്യത്തിന് ഡോക്ടര്‍മാരോ സൗകര്യങ്ങളോ ഇല്ലെന്നത് മറ്റൊരു വസ്തുത. പൊതുവേ വളരെ ദുര്‍ബലമായ ആരോഗ്യമേഖലയാണ് മനാസിലും സമീപസ്ഥലങ്ങളിലുമുള്ളത്. ഇത്തരമൊരു നിര്‍ണായകമായ പ്രതിസന്ധി നേരിടാനുള്ള ബലം തങ്ങള്‍ക്കില്ലെന്ന് മനാസ് മേയറും വ്യക്തമാക്കുന്നു.

'ഇതുവരെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. പക്ഷേ ഞങ്ങള്‍ അതിന് സമാനമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. വൈദ്യസഹായമെത്താതെ ആളുകള്‍ വീട്ടില്‍ വച്ച് തന്നെ മരണമടയുന്നുണ്ട്. ഇവയില്‍ എത്രയെണ്ണമാണ് കൊവിഡ് മരണങ്ങളെന്നത് ഇപ്പോഴും വ്യക്തമായിട്ടില്ല'- മേയര്‍ വിര്‍ജീലിയോ നെറ്റോ പറയുന്നു. 

ആശുപത്രികളില്‍ വച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സ്ഥലമില്ലാത്തതിനാല്‍ ശീതീകരിച്ച ട്രക്കുകളില്‍ നിറച്ച് സൂക്ഷിച്ചിരിക്കുകയാണിവിടെ. ജെസിബി ഉപയോഗിച്ച് വലിയ കുഴികളെടുത്താണ് കൂട്ട സംസ്‌കാരം നടത്തുന്നത്. 

Also Read:- കൊവിഡ് 19;മോര്‍ച്ചറിയില്‍ സ്ഥലമില്ലാതെ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ചിത്രങ്ങള്‍ പുറത്ത്...

ബ്രസീലില്‍ നിലവില്‍ ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മനാസില്‍ തന്നെയാണ്. മാര്‍ച്ച് 13നാണ് ഇവിടെ ആദ്യ കൊവിഡ് 19 കേസ് റിപ്പോര്‍ട്ട് ചെയ്തത്. ചുരുങ്ങിയ സമയത്തിനകം തന്നെ കേസുകളുടെ എണ്ണം കൂടുകയും കൈകാര്യം ചെയ്യാനാകാത്ത 'മെഡിക്കല്‍ എമര്‍ജന്‍സി'യിലേക്ക് മനാസ് എത്തുകയുമായിരുന്നു.