Latest Videos

Malayalam Poems: സല്‍വാ ചാരിഫ്, ഫായിസ് അബ്ദുല്ല എഴുതിയ നാല് കവിതകള്‍

By Chilla Lit SpaceFirst Published Sep 14, 2023, 1:03 PM IST
Highlights

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. ഫായിസ് അബ്ദുല്ല എഴുതിയ നാല് കവിതകള്‍

 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

Also Read : മരണത്തെ കുറിച്ച്, അതിശയോക്തികളില്ലാതെ, നൊബേല്‍ ജേതാവ് വിസ്ലാവ സിംബോഴ്‌സ്‌കയുടെ കവിത


സല്‍വാ ചാരിഫ് 

സല്‍വാ ചാരിഫ്, 
എന്റെ സ്വപ്നങ്ങള്‍ വില്‍ക്കപ്പെടുന്ന
മെറാക്കിഷ് തെരുവ്.
ജീവിതമാലകളൊന്നായി 
കാതങ്ങളിലിരുത്തുന്ന 
മാന്ത്രിക നാദം.

കാണാതിരുന്നിട്ടും
ഞാന്‍ ജീവിച്ചു.
കൊഴിഞ്ഞു വീണ
ഓര്‍ക്കിഡുകളാല്‍ 
പാത്രങ്ങളുണ്ടാക്കി
അറ്റ്‌ലസിന്റെ നെറുകയില്‍ 
അവള് നേരുന്ന
നേര്‍ച്ച കണ്ട്.

രാവോടടുക്കുമ്പോള്‍ മാത്രം 
അവള് പാടാന്‍ തുടങ്ങും
നോക്കൂ..
ഇതൊരു തീരാറായ സായാഹ്നമാണ്,
ഈ പാത്രങ്ങളിലെല്ലാം
നമുക്കുള്ള പ്രാര്‍ത്ഥനകളാണ്.
പറയൂ..,
ഹിന്ദുറങ്ങുന്ന വഴികളേതാണ്?

മധു മൊഴികളില്‍
വിശന്നലഞ്ഞു 
ഞാനാശ വെച്ചതോ,
ഒരു യുദ്ധം തുടങ്ങിയാലെത്ര നന്നായിരുന്നു
എനിക്കഭയാര്‍ഥിയായിപ്പോകാമായിരുന്നു,
ചാരിഫിലൊരു പേര് കെട്ടാമായിരുന്നു.

ആരോ പറഞ്ഞു കേട്ടു 
ഉടനെയൊരു യുദ്ധം വരും
എന്തിന്?
പേരിന്റെ പേരില്‍!

സല്‍വാ ചാരിഫ്, 
എന്റെ ഉടയാടകളേ,
എനിക്കൊരു പച്ച ഓര്‍ക്കിഡ് കിട്ടുമെന്ന് തോന്നുന്നു
പച്ചയോ?
അതെ, ഭാഗ്യത്തിന്റെ ഒച്ച.

പകല് വിഴുങ്ങി
ആകാശം  കടന്നു പോകുന്നു
ഒരു പകല്‍,
രണ്ടു പകല്‍ 
അവളിതൊന്നും കേട്ടില്ലെന്നേ.

കിനാവുണ്ടായില്ല 
മഴ വന്നില്ല
ബോംബ് വീണില്ല 
കിതച്ചു പോകുന്ന 
കാറ്റിനെ വെറുത്താണ് 
അവളോടുന്നതെന്നറിഞ്ഞു, 
തെരുവായിരുന്നു ലക്ഷ്യം,
ഭൂമി മറിഞ്ഞിരിക്കുന്നു.
മഗ്രിബിന്റെ 
ആണിയിലാരോ വാങ്ക് വിളിച്ചിരിക്കുന്നു
ആരുമല്ലത്, 
പടച്ചോനാണേ..

അഗാദറിലൊരു കിടപ്പാടമുണ്ടെന്നു കേട്ടു 
തലയില്‍ കല്ല്
കല്ലിന്മേല്‍ ഉടല്‍
ചിതറിപ്പോയ വിത്തുകള്‍,
നാളെ മുളക്കുമെന്ന് കരുതുന്ന
കൈകാലുകള്‍
കണ്ണില്‍ കുരുങ്ങിയ വളപ്പൊട്ടുകള്‍
ഞാനെങ്ങനെ പോയി നോക്കും?

എന്റെ ശരീരത്തിനിത്രയും
തണുപ്പിഴയുന്നതെന്തിനാണ്?
ചന്ദ്രവെളിച്ചമെവിടെ?
ജനാല മറക്കുന്ന പട്ടാളക്കാരനെവിടെ?
ഐറാന്‍ ചോദിക്കുന്ന  കുട്ടികളിതെവിടെ?
അവള് പ്രാര്‍ത്ഥിച്ച പാത്രങ്ങളെവിടെ? 

ദൈവമേ നേര് പറ,
ഇവര്‍ക്കെന്താണ്  സ്വര്‍ഗത്തില്‍ പണി?


(മൊറോക്കോയിലെ പ്രിയപ്പെട്ടൊരാളുടെ ഓര്‍മ്മയില്‍)

 

Also Read:: എന്റെയുള്ളിലൊരാള്‍ മരിച്ചുകിടക്കുമ്പോള്‍, നജീബ് റസ്സല്‍ എഴുതിയ കവിതകള്‍

Also Read: സ്ത്രീകളുണ്ട് , മാരം അല്‍ മസ്‌രി എഴുതിയ അഞ്ച് സിറിയൻ കവിതകൾ


കുത്തനെ നില്‍ക്കുന്ന രാത്രി

നിലാവ് പാര്‍ന്നു പോയ
വെളിച്ചങ്ങളെ നോക്കി
കണ്ണിമ വെട്ടാതെ പാട്ടൊലിപ്പിച്ചു വരിയെഴുതുന്നത് 
ഇരുപത്തി നാലാം
നിറങ്ങളില്‍.

ആകാശപ്പടവുകള്‍ കയറി
നക്ഷത്രങ്ങള്‍ കയ്യിട്ടു പിടിക്കുന്നതിന്
മജീദിന്റുമ്മ വൈദ്യര്‍ക്കെഴുതി.
'പെണ്ണ് കേറിക്കൂടീക്ക് '

പുണ്ണ് പിടിച്ച
മണ്ണിന്റെ കൂനക്ക് 
അവള് വെക്കുന്ന
പുളിങ്കറി മാത്രമേ
ഒഴിച്ചു കൊടുക്കാവൂയെന്ന്
വൈദ്യരും.

അവള്
തുണി നനച്ചിട്ട
അയല് വരിഞ്ഞു മുറുകിയ
നെഞ്ചില്‍ കൈവച്ചു ഞാന്‍ വെറുതെ ചോദിക്കും 
ഇനിയുമെത്ര ചോര കുതിര്‍ത്തു
കവിത കുറിച്ചാലാണിനി
ഒരിക്കല്‍ നീയെന്റെ പ്രാണനായിരുന്നുവെന്ന്
അയാളറിയുന്നത്?

സത്യമായിട്ടും 
എനിക്കറിയില്ല
ഈ മൗനങ്ങളുടെയൊന്നും
രഹസ്യം.

പുതുനാരി കുണുങ്ങുന്ന നേരത്തെയോര്‍ത്ത്
പിണങ്ങുന്ന പ്രേമത്തെ
ചുംബനപ്പൊതികളില്‍
കൊത്തിവലിച്ചു നീട്ടി
കൂര്‍ക്കം വലിക്കുന്നതിന്റെ
അലര്‍ച്ചകള്‍ 
പിളര്‍ന്നു പോയി
ആകാശങ്ങള്‍ തുളച്ചന്ന്
രാത്രി കുത്തനെ നിന്നിട്ടും
നീല നക്ഷത്രം ഇറങ്ങി വരുന്നില്ല

പിന്നെങ്ങനെയാണ്
ഒറ്റ മുറിയിലെ
ചിതല്‍ ചീളുകള്‍ക്ക് 
സുഖമായുറങ്ങാനാവുന്നത്..

 

Also Read: എട്ടാമ്പലുകള്‍ ഒരു കുളം നിര്‍മ്മിയ്ക്കുവാന്‍ പോകും വിധം, ബൈജു മണിയങ്കാല എഴുതിയ കവിതകള്‍

Also Read: ആര്‍ട്ടിക്ക് ഓപ്പറ, അയ്യപ്പന്‍ മൂലെശ്ശേരില്‍ എഴുതിയ കവിത


നീലപ്പൊട്ടു കളി 

വര്‍ഷങ്ങള്‍ക്കുശേഷമാവും,
പ്രണയ നൂലറ്റു പോയൊരാള്‍ 
വാവൂരങ്ങാടിയില്‍
ബസ്സിറങ്ങുന്നത് 

നോട്ടക്കാരോടൊക്കെ
വല്ലിമ്മച്ചി മരിക്കും മുമ്പ് പറഞ്ഞ് തന്ന
പുഴകളുടെ കിതപ്പുകള്‍ മാത്രം
തേടി വന്നതാണെന്ന് 
പച്ചക്ക് നുണക്കും. 

സേതു പറഞ്ഞ അടയാളങ്ങളുടെ 
കണക്കു വെച്ച്,
മുടിയിഴകള്‍
പിന്നിലോട്ട് കെട്ടിവെച്ച
നീലപ്പൊട്ടുള്ള തട്ടക്കാരികളോട്
മാത്രമാവും 
നീയായിരുന്നോ
അയാളുടെ കവിതകളിലെ
മത്ത് പിടിപ്പിക്കുന്ന പെണ്‍കുട്ടിയെന്ന്
തിരക്കുന്നത്.

അതേതവളെന്ന് 
തല ചൊറിയുന്ന
മദ്രസക്കുട്ടികളുടെ
മര സ്ലേറ്റില്‍ മാത്രം
'ലൂമി'യെന്ന്
വരക്കും .

ഇത് കണ്ടു 
തിരക്കു പിടിച്ചു വരുന്ന
തിരകളെങ്ങാനും 
അതിനു ശേഷമെത്ര
കണികണ്ടു,
കോടിയുടുത്തു,
പൂക്കളിട്ടുവെന്നു
പറയാന്‍ വരട്ടെ,
അയാളിപ്പോഴും
കള്ളക്കവി ചമഞ്ഞു
അറഞ്ചം പൊറഞ്ചം 
വട്ടു പാട്ടുകള്‍ എഴുതിക്കൊണ്ടിരിക്കുന്ന
മാറിലെ മുദ്ര നീട്ടും.

മുച്ചുണ്ട് മുറിച്ച പോലെ
മൂന്ന് 
നീലവരകള്‍.

ഉമ്മറത്തിരുന്ന്
ഒക്കത്തെ കുഞ്ഞിന്
മുല ചുരത്തി
എനിക്കങ്ങനൊരാളെ വശമില്ലെന്ന്
പറയാന്‍ ഭാവിക്കവെ
ഉമ്മവെച്ച വരകളോര്‍ത്ത്
കുഞ്ഞു വേണ്ടെന്ന് കണ്ണടച്ചു
കൊട്ടകക്കുട്ടികള്‍ 
ഓടി വരുന്നു

'ലൂമിനെയൊരാളന്വേഷിക്കുന്നുണ്ട്'

ആ തരിപ്പിന്റെ നില്‍പ്പില്‍ 
മഴയേറ്റ പുസ്തകങ്ങളൊക്കെയും  
താള് കീറി 
സ്വര്‍ഗക്കുന്നുകള്‍ മൂടുന്നത് കണ്ട് 
കഥ പറയുന്ന മിനാരങ്ങളിലെ 
നീളന്‍ ചെവിയുള്ള ജിന്നുകള്‍ക്ക് 
വസൂരി പിടിക്കും.

നേര്‍ച്ചപ്പെട്ടി മറിഞ്ഞൊഴുകി,
കലങ്ങിയ തോട് നിറയെ കണ്ണീര് തുപ്പി,
ഇത് വരെ മുളച്ച പെണ്‍വേരുകളെല്ലാം നിശ്ചലമായി,
വിലാസമില്ലാത്ത കത്തുകളും
വലിച്ചു തീര്‍ത്ത പുകകളുമെല്ലാം കൂടി
കുര വന്നിട്ടും 
ചിറകടിച്ചു പോയ മോഹങ്ങളോടൊപ്പം തിരികെ വന്നു കൊമ്പിലിരുന്ന്
ഏറ്റു പാടും 

അന്ന് വീണ്ടും 
നുണക്കുഴികള്‍ വിടര്‍ത്തി
ബോഞ്ചോയുടെ തേവിടിശ്ശിക്കഥയിലെ പഴയ പെണ്‍കുട്ടി
കൊത്തം കല്ല് കളിക്കും.
ചുറ്റുമുള്ള കളിക്കാരെല്ലാം
സ്വന്തക്കളി കളിക്കുമ്പോള്‍ 
പറ്റിക്കപ്പെടാത്ത പ്രണയത്തിന്റെ
അരികു പറ്റി
പുഞ്ചിരി വീഞ്ഞുകള്‍ മൊത്തിക്കുടിച്ച്
'ഒരു വട്ടം കൂടിയാ കവിതയൊന്നു ചൊല്ലൂ..
എന്നിലുണ്ടായതെല്ലാം പേടിയില്‍ കുതിര്‍ന്ന
നാടകങ്ങളായിരുന്നു'വെന്ന് 
ശുദ്ധമായി തല തുവര്‍ത്തും.

നമ്മളാല്‍ പിണഞ്ഞ അബദ്ധങ്ങളുടെ ചീളുകള്‍
അടുക്കി വെക്കുന്ന 
നേരങ്ങള്‍ക്കിടയിലെവിടെയൊ
കടന്നു പോകുന്ന ബസ്സിനിടയില്‍
അയാള്‍ മറഞ്ഞിരിക്കും.

ആരാന്റെ കള്ളി നിറച്ചവള് പിന്നെയും തോല്‍ക്കും.
മുടി കത്രിച്ചു
വിറക്കുന്ന പ്രണയത്തെ
രാകുന്ന മഴത്തണ്ടുകള്‍ കൊണ്ട്
നാളെ വലുതാകുമെന്ന് പറഞ്ഞ കുട്ടിപ്പാന്റെ സ്ലേറ്റില്‍
അവള് വീണ്ടും
നീലപ്പൊട്ടെഴുതും.

 

Also Read: ടി പി രാജീവന്റെ രണ്ട് കവിതകള്‍

Also Read: വിശുദ്ധ സ്മിതയ്ക്ക്, യു. രാജീവ് എഴുതിയ കവിത

 

നാട്ടു മുറിപ്പ് 

എന്റോടം മുറിച്ചു
രണ്ടോരി വെച്ചാല്‍
തെക്കോരം സുബൈദക്കും
വടക്കേമ്പ്രം കദിയാക്കും കൊടുക്കണമെന്നാവും
നടപ്പ്.

എഴുപത് കുടില് മാത്രം
കെട്ടിയാടുന്നൊരു പച്ചക്കതിരുകള്‍ക്കും കുറുകെ,
നീങ്ങുന്ന നിഴലിന്റെ പുതുസ്സളവുകളില്‍ 
അവരിങ്ങനൊന്ന് നിലമെറിയും 
'എണേ... നീയറിഞ്ഞിനാ..'


പെറ്റോടത്ത്,
ആറെണ്ണം കുലച്ചു നിന്നിട്ടും
ആരാന്റെ പേറിലെ
ചേറ് കാണാന്‍
ബുര്‍ഖയണിഞ്ഞ്
ഹാജിയാപ്ലന്റെ കണ്ടി കീഞ്ഞു
വരുന്നൊരു വരവേയ്...

നാലു പെണ്ണുങ്ങളിരിക്കുന്ന
കിണറ്റിന്‍വക്കത്ത് 
സുബൈദയും കദിയയും നിവര്‍ത്തുന്ന ആവലാതിപ്പൊതികളില്‍
ഇശാക്ക് പോകുന്ന കുട്ടി
കണ്ടെന്നു പറയുന്ന 
പ്രേതക്കഥകള്‍ ഉള്ളതേയ്‌നെന്നു തോന്നിക്കും.

ഇമ്മച്ചിയെ...
ചോന്ന തസ്ബീഹും കല്ലുകള്‍ കൂട്ടിക്കെട്ടി,
മുള്ളേറ്റു കീറിയ
കറുത്ത കോന്തയിട്ട്,
കാടിനു നടുവില്‍
കണ്ണുന്തി നില്‍ക്കുന്ന ആയിരം നാക്കുള്ള
രണ്ടു പെണ്‍കുട്ടിയമ്മകള്‍
എന്റെ വഴിയടക്കുന്നു.

ആണ്ടിലൊരിക്കല്‍,
പള്ളിക്കലെ 
നരകക്കഥയില്‍ മാത്രം 
അവരുടെ കണ്ണ് ചുവക്കും.
അപ്പോഴൊക്കെ
കദിയാന്റെ മധുരം കൂട്ടിയുള്ള
നെടുവീര്‍പ്പുകള്‍
തൂണു പിടിച്ചു 
'ഹഖ് പറഞ്ഞില്ലേല്‍ നാട് കുട്ടിച്ചോറായിപ്പോകൂലെ'യെന്നാക്കഥ 
വൃഥാവിലിരുത്തും.

ഇഷ്ടപ്പെട്ടു കഴിയുന്നോരുടെ
ഇടയിലേക്ക്
അവിഹിതമായൊരു കട്ടുറുമ്പിനെ വിട്ട്,
സല്‍മീക്കാന്റെ ഗള്‍ഫ് ചാക്കില്‍
ഒറ്റക്കുത്തിറക്കി,
ചിരി കമിത്തി,
അതിര് കൂട്ടി കാഫ് വരക്കുന്നത് നിരീക്കുമ്പോള്‍ 
പടച്ചോന്‍ പൊറുക്കൂലിതൊന്നും പറഞ്ഞുമ്മ കരയും  
പുര മടുത്ത എല്ലാ പെണ്ണുങ്ങളും കരയും.

ഊടുവക്കിലും നീല രാവിലും
സുബൈദ കുറ്റൊന്നും പറയലില്ലെന്ന് 
പായാരം പറഞ്ഞ് 
പ്രാണനെ പച്ചയില്‍ കീറിയ
കനലില്‍
കമ്യുണിസ്റ്റ് പച്ച തേച്ചു പിടിപ്പിച്ചു 
ഒന്നും പറയാതെ,
കുന്നുമ്പുറം വരെ കൂട്ട് വരുമോന്ന്
ചോദിക്കുന്നേരം മാത്രം,
ഭൂമിയിലെ എല്ലാ ഫെമിനിച്ചിമാരും 
ജീവിക്കാനൊരു കൂട്ട് വേണമെന്നൊരു
ഒറ്റ നേര്
പറയുന്നുണ്ടെന്ന് തോന്നും.

ജൈഹൂന്റെ അയലക്കത്തൊന്നും
ഇങ്ങനെയൊന്നില്ലെന്ന് എഴുതിയ
ഒറ്റ നുണയിലാണ് 
പെണ്ണൊരു നാട് ഭരിക്കുന്നതും
ഭാഗിക്കുന്നതുമെന്ന് കുറി വെച്ചപ്പോള്‍ 
അതാ..
ഒറ്റ നേരു വള്ളിപടര്‍ന്നു നാട്ടിലാര്‍ക്കും ഗതിയില്ലാത്തൊരു വിധി വരുന്നു..

നാട് മുറിച്ചു പപ്പാതി വെച്ചു 
നമ്മളൊക്കെയും
നെറി കെട്ട് ജീവിപ്പിച്ചു നിര്‍ത്തുന്ന
വല്ലാത്ത മുറിപ്പ്.

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!