Asianet News MalayalamAsianet News Malayalam

സ്ത്രീകളുണ്ട് , മാരം അല്‍ മസ്‌രി എഴുതിയ അഞ്ച് സിറിയൻ കവിതകൾ

സിറിയൻ കവി മാരം അൽ മസ്രി എഴുതിയ അഞ്ച് കവിതകൾ വിവർത്തനം: കമറുദ്ദീൻ ആമയം

vaakkulsavam translation of Syrian poems by Maram al Masri
Author
Syria, First Published Jun 10, 2021, 4:50 PM IST

സമകാലിക സിറിയന്‍ കവിതയിലെ ഏറ്റവും ശ്രദ്ധേയമായ സ്ത്രീശബ്ദങ്ങളിലൊന്നാണ് മാരം അല്‍ മസ്‌രി. സിറിയയിലെ ലടാക്കിയയില്‍ 1962- ല്‍ ജനനം. ചെറുപ്പത്തിലേ കവിത എഴുതിത്തുടങ്ങി. മറ്റ് പെണ്‍കുട്ടികളില്‍നിന്നും വേറിട്ടുനില്‍ക്കാനും ശ്രദ്ധിക്കപ്പെടാനുമുള്ള വഴിയായിരുന്നു കവിതയെഴുത്ത് എന്നാണ് പില്‍ക്കാലത്ത് ഒരഭിമുഖത്തില്‍ അവര്‍ പറഞ്ഞത്. ഡമസ്‌കസ് സര്‍വകലാശാലയില്‍ ഇംഗ്ലീഷ് സാഹിത്യ വിദ്യാര്‍ത്ഥിനി ആയിരിക്കെ, ഒരു പ്രണയത്തില്‍ പെട്ട് പഠനം മുടങ്ങി. പിന്നീട്, 1982 -ല്‍ ഫ്രാന്‍സിലേക്ക് കൂടിയേറി. തന്റെ തലമുറയിലെ അറബ് കവികളില്‍, വേറിട്ടവഴികളിലൂടെ അവര്‍ ശ്രദ്ധേയയായി. ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിലേക്ക് അവരുടെ നിരവധി കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എട്ട് കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. അഡോണിസ് പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടി. സിറിയയിലെ അസദ് ഭരണകൂടത്തിനെതിരെ ശക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ച മാരം മതത്തെ രാഷ്്രടീയവല്‍കരിക്കുന്നതിന് എതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന എഴുത്തുകാരിയാണ്.  

മാരം അൽ മസ്‌രി എഴുതിയ അഞ്ച് കവിതകൾ വിവർത്തനം: കമറുദ്ദീൻ ആമയം

 

vaakkulsavam translation of Syrian poems by Maram al Masri

 

1
സാറ
സനയുടെ മകൾ 
9 വയസ്സ്

...........


എന്തിനാണ് 
അഛൻ അമ്മയെ 
അടിച്ചതെന്നോ?
അമ്മയ്ക്ക് 
അഛന്റെ ഷർട്ടുകൾ
ശരിയായ വിധം
ഇസ്തിരിയിടാൻ 
അറിയാത്തതു കൊണ്ടാണ്.

മുതിർന്നാൽ
ഞാനെന്തായാലും
ഷർട്ടുകൾ അസ്സലായി
ഇസ്തിരിയിടും.

 

2
ഫാദി
സോണിയയുടെ മകൻ
7 വയസ്സ്
.............

അമ്മേ
ഇനി രാത്രിയില്
രാക്ഷസൻ അമ്മയെ
അടിക്കാൻ വന്നാല്
എന്റെ അടുത്ത് വന്ന് ഉറങ്ങിക്കോളൂ

ഞാനിപ്പോൾ
സൂപ്പൊക്കെ ബാക്കിയാക്കാതെ കുടിക്കുന്നുണ്ട്
ചീരക്കറി മുഴുവൻ കഴിക്കുന്നുമുണ്ട്

അതിനാൽ അതിവേഗം
എനിക്ക് വളരാൻ കഴിയും
അമ്മയെ സംരക്ഷിക്കാനും.

 

3
സൽമ
ലൈലയുടെ മകൻ
12 വയസ്സ്
.................


അമ്മേ
നിങ്ങളെന്താ
ഡോക്ടറുടെ അടുത്ത് പോകാത്തത് ?

ചിരി തിരിച്ചു കിട്ടാൻ ശ്രമിക്കാത്തത്
നിങ്ങളുടെ ആ മനോഹരമായ പുഞ്ചിരി.


4

ക്ലോയേ
സൂസന്റെ മകൾ
11 വയസ്സ്
...............

 

ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്
എന്റെ അപ്പൻ
എന്റെ അമ്മയെ
മുടിക്കെട്ടിനു പിടിച്ച്
കുളിമുറിയിലേക്ക് 
വലിച്ചിഴക്കുന്നത്

ഞാനപ്പോൾ
അലമാരയ്ക്കുള്ളിൽ പതുങ്ങും
അയാൾ ശാന്തനാകുന്നതുവരെ

സ്വീകരണ മുറിയിലെ
ചുമരിൽ ഒരു മുതലയുടെ പടമുണ്ട്

ഞാനും എന്റെ അനിയനും
അതിനെ "അപ്പൻ' എന്ന്
പതിവായി വിളിക്കാറുണ്ട്.


5
സ്ത്രീകളുണ്ട്


സ്ത്രീകളുണ്ട്
അവരാണ് നിങ്ങളെ ചുമന്നത്
അവർ നിങ്ങൾക്ക്
രക്തവും
ഗർഭപാത്രവും അർപ്പിച്ചു

അവരാണ് നിങ്ങളെ 
ലോകത്തിലേക്ക് കൊണ്ടുവന്നത്

അവർ നിങ്ങളെ കുളിപ്പിച്ചു
മുലയൂട്ടി

സ്ത്രീകളുണ്ട്
അവർ നിങ്ങളെ പരിപാലിച്ചു
ബാല്യം മുതൽ മുതിരുംവരെ
ബലഹീനരായിരിക്കുമ്പോൾ മുതൽ
ശക്തരാകുന്നതുവരെ

സ്ത്രീകളുണ്ട്
നിങ്ങളെ ആഗ്രഹിച്ചവൾ
നിങ്ങളുടെ കൈകളെ മുറുക്കിപ്പിടിച്ചവൾ
നിങ്ങളെ ഗർഭപാത്രത്തിൽ 
സ്വീകരിച്ചവൾ
നിങ്ങൾക്ക് വായും ചുണ്ടും പകർന്നവൾ

സ്ത്രീകളുണ്ട്
നിങ്ങളെ ഒറ്റിക്കൊടുത്തവർ

സ്ത്രീകളുണ്ട്
നിങ്ങൾ ഉപേക്ഷിച്ചവരും.

Follow Us:
Download App:
  • android
  • ios