Asianet News MalayalamAsianet News Malayalam

ആര്‍ട്ടിക്ക് ഓപ്പറ, അയ്യപ്പന്‍ മൂലെശ്ശേരില്‍ എഴുതിയ കവിത

വാക്കുല്‍സവത്തില്‍ ഇന്ന് അയ്യപ്പന്‍ മൂലെശ്ശേരില്‍  എഴുതിയ കവിത

vaakkulsavam malayalam poem by ayyappan moolasseril
Author
Thiruvananthapuram, First Published Apr 28, 2021, 5:00 PM IST

ഒന്നുമില്ലായ്മ മാത്രമല്ല ശൂന്യത. അത് നിറവാകാം. ചിലപ്പോഴൊക്കെ, തുളുമ്പലാവാം. അപ്പോഴും, ഏത് നിറഞ്ഞുകവിയലിലുമുണ്ടാവും, നിശ്ശൂന്യതയുടെ അടരുകള്‍. അതിനെ നിരന്തരം അഭിമുഖീകരിക്കുന്ന ഒരാള്‍ക്ക് ആ ശൂന്യതയെ മുറിച്ചുകടക്കാതിരിക്കാനുമാവില്ല. ഒരു പക്ഷേ, വാക്കാവും അതിനുള്ള വഴി. അല്ലെങ്കില്‍, ഏതെങ്കിലും വിധത്തിലുള്ള ആത്മപ്രകാശനങ്ങള്‍. അതിനാലാവണം, അയ്യപ്പന്‍ മൂലേശ്ശെരില്‍ തന്റെ ആദ്യ കവിതാ സമാഹാരത്തിന് ശൂന്യതയുണ്ട് സൂക്ഷിക്കുക' എന്ന ശീര്‍ഷകം തെരഞ്ഞെടുത്തത്.

അതൊരു മുന്നറിയിപ്പ് പലക കൂടിയാണ്. പുതിയ കാലവും ജീവിതവും ഒപ്പം കൊണ്ടുനടക്കുന്ന ശൂന്യതകളെക്കുറിച്ചുള്ള മുന്നറിയിപ്പ്. അതിവേഗം മിന്നിമറയുന്ന ദൃശ്യങ്ങളുടെയും വേഗത ഇന്ധനമാക്കി പായുന്ന ജീവിതക്രമങ്ങളുടെയും ആരവങ്ങളുടെയും ആനന്ദങ്ങളുടെയും ഇടയിലും ഒരാള്‍ ചെന്നുനില്‍ക്കുന്ന ഏറ്റവും ആന്തരികമായ ഇടം. ശൂന്യതയുടെ ആ ചില്ലയില്‍നിന്നുള്ള പല മാതിരി ദേശാടനങ്ങളാണ് അയ്യപ്പന്റെ കവിതകള്‍. എല്ലാ ദേശാടനങ്ങളെയും പോലെ, ആയത്തില്‍ ചെന്നുതറച്ച് ശൂന്യതയുടെ മണ്ണിലേക്കു തന്നെ അവ തിരിച്ചുവരുന്നു. യാത്രയുടെ വിത്ത് ഉള്ളിലുള്ള ഏതൊരാളെയും പോലെ, അവിടെയും നില്‍ക്കാതെ പിന്നെയും പറക്കുന്നു. ഒരേ സമയം ലക്ഷ്യവും മാര്‍ഗ്ഗവുമാണ് അയ്യപ്പന് ഈ അതിവര്‍ത്തനങ്ങള്‍. ഭൂഖണ്ഡങ്ങളും ദേശങ്ങളും കാലങ്ങളും താണ്ടുന്ന ആ അന്വേഷണങ്ങളിലെല്ലാം സന്ദേഹിയായ ഒരാളുണ്ട്. ആ സന്ദേഹങ്ങളുടെയും അതിരുതാണ്ടലുകളുടെയും തേടലുകളുടെയും സമാഹാരമായി കവിത ബാക്കിനില്‍ക്കുക തന്നെ ചെയ്യുന്നു.

 

vaakkulsavam malayalam poem by ayyappan moolasseril

 

Read more: മടുപ്പേറിയന്‍ ഭൂപടത്തില്‍ നിന്നൊരു സഞ്ചാരിയുടെ കുറിപ്പുകള്‍, അയ്യപ്പന്‍ മൂലേശ്ശെരില്‍ എഴുതിയ കവിതകള്

ആര്‍ട്ടിക്ക് ഓപ്പറ 

അഴി തുറന്നാല്‍ കണ്ണുകൊത്തിയെടുക്കുന്ന 
ഹിച്ച്‌കോക്കിയന്‍ പക്ഷികളുടെ 
അയല്‍ക്കാരനായിരുന്നു ഞാന്‍. 

ഇരയ്ക്കു വേണ്ടിയവര്‍ പിന്നിടുന്ന 
ചാടികൊത്തുകളുടെ ഇളക്കം 
എന്റെയുറക്കത്തിലേക്കാണ്  
ഇരമ്പിയെത്തുക .

ഞാനവയെ ഒരിക്കലും പ്രാകിയില്ല.
തരിശ്ശുകളില്‍ ചോളം പൂക്കുന്ന 
കാലം വരാന്‍ കാത്തിരുന്നു. 

വിശപ്പടങ്ങിയ പക്ഷിയെന്ന 
ശാന്തത അടുത്ത തെരുവില്‍ 
നിന്നു വന്നത്തേണ്ട 
യാത്രക്കാരനായി കാത്തിരിപ്പില്‍ 
കയറിക്കൂടി 

ഓരോ തവണ ചില്ലില്‍ 
കൊത്തുമ്പോഴും തലപൊക്കി 
കുന്നു കയറി വരുന്ന /
കുന്നിറങ്ങിപ്പോവുന്ന 
വഴിയിലേക്ക് നോക്കും.

അയാള്‍ നടന്നെത്തുന്നതേയില്ല.

ചിന്നിയ ചില്ലില്ലൂടെ 
പക്ഷികള്‍ക്കെന്നെ കാണാം.
വിശപ്പോളം ഇര ചെറുതാവുന്ന 
ദിവസത്തിനായവര്‍ 
കാത്തുനില്‍ക്കുകയാണ്.


Read More: മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios