വാക്കുല്‍സവത്തില്‍ ഇന്ന് നൊബേല്‍ ജേതാവ് വിസ്ലാവ സിംബോഴ്‌സ്‌കയുടെ കവിത. വിവര്‍ത്തനം: പ്രതാപന്‍ എ  

''അപ്പോള്‍ എന്താണ് കവിത എന്ന സംഗതി?'' ഷിംബോര്‍സ്‌ക്ക പറയുന്നു, ''ഈ ചോദ്യം ആദ്യം ഉന്നയിക്കപ്പെട്ടതില്‍പിന്നെ ഉറപ്പില്ലാത്ത ഉത്തരങ്ങള്‍ ഒന്നിലധികമുണ്ടായിരിക്കുന്നു. അതൊന്നും എനിക്കറിയില്ല. പക്ഷേ ഞാനതില്‍ മുറുകെപ്പിടിച്ചു നില്ക്കുന്നു, ഉറപ്പുള്ളൊരു കൈവരിയിലെന്നപോലെ. 

ഷിംബോര്‍സ്‌കയുടെ കവിതകളെക്കുറിച്ച് വി രവികുമാര്‍, ഒപ്പം നാല് കവിതകളും

മരണത്തെ കുറിച്ച്, അതിശയോക്തികളില്ലാതെ/ വിവര്‍ത്തനം: പ്രതാപന്‍ എ

ഒട്ടും ഫലിതബോധമില്ല,
ഒരു നക്ഷത്രത്തെ കണ്ടെത്താനറിയില്ല,
പാലങ്ങള്‍ പണിയാനുമാവില്ല,
നെയ്യാന്‍, ഖനനം ചെയ്യാന്‍, കൃഷിയിറക്കാന്‍,
കപ്പല്‍ പണിയാന്‍, കെയ്ക്കുണ്ടാക്കാന്‍,
ഒന്നുമറിയില്ല.

പക്ഷെ നാളെയെക്കുറിച്ചുള്ള
നമ്മുടെ കണക്കു കൂട്ടലുകളില്‍,
അവസാന വാക്ക് അത് പറയും,
എല്ലാം കുളമാക്കുന്ന രീതിയില്‍.
ഒരു ശവക്കുഴി തോണ്ടാന്‍,
ശവപ്പെട്ടി പണിയാന്‍,
പണി കഴിഞ്ഞെല്ലാമൊന്ന് വൃത്തിയാക്കാന്‍,
സ്വന്തം തൊഴിലിന്റെ കാര്യങ്ങള്‍ പോലും
ചെയ്യാന്‍ അതിനാകില്ല.

കൊല്ലലില്‍ മാത്രം മുഴുകി
വിലക്ഷണമായി അത് പണി തീര്‍ക്കുന്നു,
ചിട്ടയോ പ്രാവീണ്യമോ ഇല്ലാതെ,
നമ്മളോരോരുത്തരും അതിന്റെ
ആദ്യ ഇരയാണെന്ന പോലെ.

ഉണ്ട്, തീര്‍ച്ചയായും വിജയങ്ങള്‍,
പക്ഷെ എണ്ണമറ്റ അതിന്റെ തോല്‍വികളെ നോക്കൂ,
പാളിപ്പോയ അതിന്റെ പ്രഹരങ്ങള്‍,
ആവര്‍ത്തിക്കേണ്ടി വരുന്ന
അതിന്റെ ശ്രമങ്ങള്‍.

ഒരു ഈച്ചയെ അടിച്ചു വീഴ്ത്താന്‍ പോലും
ചിലപ്പോള്‍ അതിന് ത്രാണിയില്ല.
എത്രയോ ശലഭപ്പുഴുക്കളുമതിനെ 
ഇഴഞ്ഞു കൊണ്ടേ കടന്നുപോകുന്നു.

കിഴങ്ങുകള്‍, കായ്കള്‍, സ്പര്‍ശിനികള്‍,
മത്സ്യച്ചിറകുകള്‍, ശ്വാസനാളങ്ങള്‍,
വിവാഹാലങ്കാരങ്ങള്‍, 
ശൈത്യകാല രോമക്കുപ്പായങ്ങള്‍, എല്ലാം
പാതി മനസ്സോടെയുള്ള പരിശ്രമങ്ങളില്‍
അത് പിറകിലായതിന്റെ ദൃഷ്ടാന്തങ്ങള്‍.

ദുഷ്ടവിചാരങ്ങള്‍ മാത്രം പോരാ
യുദ്ധങ്ങള്‍, അട്ടിമറികള്‍ കൊണ്ട്
നാം സഹായിച്ചിട്ടും എത്തുന്നില്ല.

അണ്ഡങ്ങളില്‍ ഹൃദയങ്ങള്‍ തുടിക്കുന്നു,
തരുണാസ്ഥികള്‍ വളരുന്നു,
ഉത്സാഹികളായ വിത്തുകളില്‍
ആദ്യത്തെ ഈരിലകള്‍ പൊടിക്കുന്നു,
വിദൂരങ്ങളില്‍ ചിലപ്പോള്‍
മഹാ വൃക്ഷങ്ങളായും.

അത് സര്‍വ്വ ശക്തമെന്ന് പറയുന്നവന്‍
അതങ്ങനെയല്ലന്നതിന്,
അവന്‍ തന്നെ ജീവസാക്ഷ്യം.

ആ ഒരു നേരമെങ്കിലും അനശ്വരമല്ലാതെ
ഇല്ലൊരു ജീവന്‍.

ആ ഒരു നേരത്തിങ്കലെത്താന്‍
എപ്പോഴുമേറെ വൈകുന്നു മരണം.

അഗോചരമായ ആ വാതില്‍ക്കല്‍
അത് തള്ളിക്കൊണ്ടേയിരിക്കുന്നു,
വെറുതെ,
നിങ്ങള്‍ മുന്നേറിയ വഴികളൊന്നും
പിന്നോട്ടു വലിക്കാനാകാതെ.