Asianet News MalayalamAsianet News Malayalam

മരുഭൂമിയിലെ ആ രാത്രിക്ക് പതിവിലുമേറെ നീളമായിരുന്നു

ഹുന്ത്രാപ്പിബുസാട്ടോ. വൈക്കം മുഹമ്മദ് ബഷീര്‍ കഥാപാത്രമായി വരുന്ന കുട്ടികളുടെ നോവല്‍ ഭാഗം 14.  രചന: കെ പി ജയകുമാര്‍. രേഖാചിത്രം: ജഹനാര. 

Hunthrappi Bussatto kids novel by KP jayakumar  part 14
Author
Thiruvananthapuram, First Published Jul 20, 2021, 7:34 PM IST

പ്രിയപ്പെട്ട കൂട്ടുകാരെ, 


എന്നാല്‍, നമുക്കൊരു നോവല്‍ വായിച്ചാലോ?
ഹുന്ത്രാപ്പി ബുസ്സാട്ടോ. 

ഈ പേര് ചിലരൊക്കെ കേട്ടിട്ടുണ്ടാവും. 
നമ്മുടെ നാട്ടിലെ ഒരേയൊരു സുല്‍ത്താന്‍ 
വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയുടെ പേര്. 
ആ പേര് സ്വന്തമായി കിട്ടിയ രണ്ട് കുട്ടികളുടെ കഥയാണിത്. 
നിങ്ങളെ പോലെ രസികന്‍ കുട്ടികള്‍. 

അച്ഛനും അമ്മയും ഇട്ട പേര് ഇഷ്ടപ്പെടാത്തതിനാല്‍
ബഷീറിനെ തേടിവന്നതാണ് ആ കുട്ടികള്‍. 
ബഷീര്‍ അവര്‍ക്ക്  ഹുന്ത്രാപ്പി എന്നും ബുസ്സാട്ടോ എന്നും പേരിട്ടു. 
എന്നിട്ടോ? അവര്‍ ലോകം കാണാനിറങ്ങി. 

ഈ കഥ എഴുതിയത്, കെ പി ജയകുമാര്‍ എന്ന അങ്കിളാണ്. 
ചേര്‍ത്തല എന്‍ എസ് എസ് കോളജിലെ മലയാളം അധ്യാപകനാണ് ജയകുമാര്‍. 
പുസ്തകങ്ങളും ലേഖനങ്ങളും ഒക്കെ എഴുതുന്ന ആളാണ്.  

ഇതിലെ ചിത്രങ്ങള്‍ വരച്ചത് നിങ്ങളെ പോലൊരു കുട്ടിയാണ്. 
ജഹനാരാ എന്നാണ് അവളുടെ പേര്. 
തിരുവനന്തപുരം സര്‍വോദയ വിദ്യാലയത്തില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുകയാണ്. 

അപ്പോള്‍, വായിച്ചു തുടങ്ങാം, ല്ലേ. 
ഇതു വായിച്ച് അഭിപ്രായം പറയണം. 
submissions@asianetnews.in എന്ന വിലാസത്തില്‍ മെയില്‍ അയച്ചാല്‍ മതി. 

എന്നാല്‍പിന്നെ, തുടങ്ങാം ല്ലേ...

 

Hunthrappi Bussatto kids novel by KP jayakumar  part 14

 

മാസങ്ങള്‍ കടന്നുപോയി. കരുതിവെച്ചിരുന്ന ഭക്ഷണ സാധനങ്ങളൊക്കെ കഴിയുകയാണ്. വരാന്‍ പോകുന്ന പട്ടിണിക്കാലത്തെക്കുറിച്ചോര്‍ത്ത് ആമിമുത്തശ്ശിയും കൂട്ടരും ഭയന്നു.

ചുള്ളിയും കൂട്ടുകാരും മാത്രം മരത്തൈകള്‍ക്ക് വെള്ളമൊഴിച്ചും വിത്തു മുളക്കുന്നത് നോക്കിയും അരുവിക്കരയിലൂടെ നടന്നു. 

സന്ധ്യ മയങ്ങി. കുടിലുകളിലും വെളിയിലുമായി എല്ലാവരും കൂട്ടം കൂട്ടമായി ഇരിക്കുന്നു.

പെട്ടെന്ന്, പടിഞ്ഞാറുനിന്നും ഒരാരവം കേട്ടു. ശബ്ദം കേട്ട ദിക്കിലേയ്ക്ക് എല്ലാവരും നോക്കി. അസ്തമയ സൂര്യന്റെ ചുവന്ന പശ്ചാത്തലത്തില്‍ ഏതോ ആള്‍ക്കൂട്ടത്തിന്റെ നിഴല്‍ മുന്നോട്ട് വരുന്നു. മനുഷ്യരും മൃഗങ്ങളും സംഘത്തിലുണ്ട്. ഒറ്റനോട്ടത്തില്‍ ഏതോ നാടോടികളാണ്. നഗരത്തിലേയ്ക്ക് പോകുന്ന കച്ചവടക്കാരായിരിക്കണം. 

ഒട്ടകങ്ങളും പശുക്കളും ചെമ്മരിയാട്ടിന്‍ കൂട്ടങ്ങളുമായി സംഘം അടുത്തുവന്നു. ആമി മുത്തശ്ശിയും കൂട്ടരും ആകാംക്ഷയോടെ അത് കാത്തു നിന്നു. 

''മുത്തശ്ശീ, അതവരാ. ഗ്രാമത്തിലേക്ക് പോയ നമ്മുടെ ആളുകള്‍...'' ചുള്ളി വിളിച്ചു പറഞ്ഞു.  

പൊടുന്നനെ കുടിലുകള്‍ ഉണര്‍ന്നു. എല്ലാവരും വീടു വിട്ടിറങ്ങി മുത്തശ്ശിക്കുചുറ്റും നിന്നു. ഒരുപാട് കാലത്തിനു ശേഷം സ്വന്തം ആളുകളെ കാണുകയാണ്. 

അമ്മമാരും കുട്ടികളും അവരെ സ്വീകരിക്കാന്‍ വെമ്പി നിന്നു. സംഘം അടുത്തെത്തി. 

''എല്ലാവരും വരുവിന്‍..'' മുത്തശ്ശി അവരെ സ്വാഗതം ചെയ്തു. 
    
ഒട്ടകപ്പുറത്തെ ഭാണ്ഡങ്ങള്‍ ചൂണ്ടി സംഘത്തിലെ ഗുലാമന്‍ പറഞ്ഞു: ''മുത്തശ്ശി, ഇത് നിറയെ ഭക്ഷണ സാധനങ്ങളും ധാന്യങ്ങളും വിത്തുകളുമാണ്. കൃഷിയിറക്കാനും വിളവെടുക്കാനും ഞങ്ങള്‍ പഠിച്ചു. ഗ്രാമവാസികള്‍ ഞങ്ങള്‍ക്ക് വളര്‍ത്തു മൃഗങ്ങളെയും സഞ്ചരിക്കാന്‍ ഒട്ടകങ്ങളെയും തന്നു.'' അവന്റെ സംസാരത്തിലാകെ ആവേശമായിരുന്നു. 

''ഞങ്ങള്‍ ഗ്രാമത്തിലെ പാടങ്ങളില്‍ അവരോടൊപ്പം വിത്തു വിതച്ചു. കളപറിച്ചു. കറ്റകള്‍ കൊയ്തു മെതിച്ചു. അരിയും ഗോതമ്പും തെനയും ചാമയും എള്ളും പയറും കിഴങ്ങും നട്ടുവളര്‍ത്താന്‍ പഠിച്ചു.'' 

സംഘത്തിലെ ഓരോരുത്തരേയും മുത്തശ്ശി അടുത്തുവിളിച്ചു. അവരുടെ ശിരസിലും കവിളിലും സ്നേഹത്തോടെ തലോടി. മുത്തശ്ശിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. സ്നേഹവും സന്തോഷവും കണ്ണുനീരായി ഒഴുകി. 
   
എല്ലാവരും ചേര്‍ന്ന് ഒട്ടകപ്പുറത്തുനിന്നും ഭാണ്ഡങ്ങള്‍  താഴെയിറക്കി. ഭക്ഷ്യ ധാന്യങ്ങള്‍ സൂക്ഷിക്കുന്ന കുടിലില്‍ കൊണ്ടുപോയി ഭദ്രമായി വച്ചു. 

കുടിലിനു പുറത്ത് വലിയ ചതുരത്തില്‍ അവര്‍ കുറ്റികള്‍ നാട്ടി അതില്‍ ചണക്കയറുകള്‍ വലിച്ചുകെട്ടി ചെമ്മരിയാടുകള്‍ക്ക് താല്ക്കാലിക ഇടം നിര്‍മ്മിച്ചു. അരുവിക്കരയില്‍ പശുക്കളെ കെട്ടി. അവയ്ക്ക് രാത്രിയിലേക്കുള്ള വൈക്കോലും ഇട്ടുകൊടുത്തു. ഒട്ടകങ്ങള്‍ മണല്‍ പരപ്പില്‍തന്നെ വിശ്രമിച്ചു. 

ഗ്രാമത്തില്‍ നിന്ന് മടങ്ങിയെത്തിയവര്‍ നന്നേ ക്ഷീണിച്ചിരുന്നു. രാത്രി ഭക്ഷണത്തിനുശേഷം എല്ലാവരും നേരത്തെ കിടന്നുറങ്ങി. 

മറ്റുള്ളവര്‍ക്ക് ഉറക്കം വന്നില്ല. അവര്‍ പായയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. നേരം പുലര്‍ന്നോ എന്നറിയാന്‍ പലരും പലതവണ എഴുന്നേറ്റു. ഗ്രാമത്തിലെ വിശേഷങ്ങള്‍ കേട്ട് ആര്‍ക്കും മതിവന്നിരുന്നില്ല. കേട്ടതില്‍ കൂടുതല്‍ ഇനിയും കേള്‍ക്കാനിരിക്കുന്നു.  നാട്ടറിവുകള്‍, കൃഷിയറിവുകള്‍, മഴയറിവുകള്‍, ജലം, മണ്ണ്, മനുഷ്യര്‍..... എന്തെല്ലാം ഇനി കേള്‍ക്കാനിരിക്കുന്നു. 

മരുഭൂമിയിലെ ആ രാത്രിക്ക് പതിവിലും നീളം കൂടിയതായി ആമിമുത്തശ്ശിക്കും തോന്നി. ആ രാത്രി അവര്‍ ഉറങ്ങിയതേയില്ല. 

എല്ലാവരും അതീവ രാവിലെ ഉണര്‍ന്നു.  

യുവാക്കളും കുട്ടികളും പതിവുപോലെ മരത്തൈകള്‍ക്ക് വെള്ളമൊഴിക്കാന്‍ പോയി. വെയിലിന് ചൂട് കൂടിവന്നപ്പോള്‍ എല്ലാവരും ആമി മുത്തശ്ശിയുടെ കുടിലില്‍ ഒത്തുകൂടി. 

 

..........................................

വളര്‍ത്തുമൃഗങ്ങള്‍ കൂട്ടരുമായി ഇണങ്ങി. ചുള്ളിക്കും കൂട്ടുകാര്‍ക്കുമൊപ്പം ചെമ്മരിയാട്ടിന്‍ കുട്ടികള്‍ ഓടിക്കളിച്ചു.

Hunthrappi Bussatto kids novel by KP jayakumar  part 14

 വര: ജഹനാര

 

''നമ്മള്‍ ഇന്ന് വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ആലോചിക്കാന്‍ പോവുകയാണ്. പുതിയ ചില കാര്യങ്ങള്‍ അറിയാന്‍ പോവുന്നു. ഗ്രാമത്തില്‍ പോയി കൃഷി പരിശീലിച്ചുവന്ന നമ്മുടെ കുട്ടികള്‍ എല്ലാവര്‍ക്കുമത് പറഞ്ഞു തരും. അരുവിക്കരയില്‍ നാം നട്ട കാടിന്റെ വിത്തുകള്‍ മുളച്ചു തുടങ്ങി. എല്ലാ കാര്യങ്ങളും നല്ലവഴിക്കാണ് നീങ്ങുന്നത്.'' മുത്തശ്ശി ആമുഖമായി പറഞ്ഞു. 

''ഈ മണലില്‍ നമ്മള്‍ എങ്ങിനെ കൃഷിയിറക്കും?'' ഒരു കൂട്ടര്‍ക്ക് സംശയം.

ആ ചോദ്യത്തിനുള്ള ഉത്തരവുമായി ഗ്രാമത്തില്‍ പോയി വന്ന ഗുലാമന്‍ എഴുനേറ്റു. കൃഷിപഠിക്കാന്‍ പോയ സംഘത്തിന്റെ തലവനായിരുന്നു ഗുലാമന്‍.

''കൂട്ടുകാരേ, നമുക്ക് ആദ്യം നമ്മുടെ മണ്ണിന്റെ സ്വഭാവം പഠിക്കണം.'' ഗുലാമന്‍ പറഞ്ഞു തുടങ്ങി. ''എന്നിട്ട് മണ്ണിനെ ഓരോ പ്രദേശങ്ങളായി തിരിക്കണം. ഓരോ പ്രദേശത്തെയും മണ്ണിനു പറ്റിയ വിത്തുകളാണ് വിതക്കേണ്ടത്.''

''അതെങ്ങനെ?'' പിന്നെയും സംശയം.

''ഇവിടെ കൂടിയിരുന്ന് നമുക്ക് കൃഷിചെയ്യാന്‍ പറ്റില്ല. മണ്ണില്‍ തൊട്ടു നിന്നുകൊണ്ടേ അത് മനസ്സിലാക്കാനാവു. അതിനാല്‍ നമുക്ക് മണ്ണിലേക്കിറങ്ങാം.'' ഗുലാമന്‍ പറഞ്ഞു.

എല്ലാവരും സംഘമായി അരുവിക്കരയിലേക്കു നടന്നു. അവര്‍ പല സംഘങ്ങളായി പിരിഞ്ഞു. ഗ്രാമത്തില്‍ പോയി കൃഷി ചെയ്യാന്‍ പഠിച്ചു വന്നവര്‍ ഓരോ ചെറു കൂട്ടങ്ങള്‍ക്കും നേതൃത്വം നല്‍കി.  

''അരുവിക്കരയിലെ ഈ കറുത്തമണ്ണില്‍ ഗോതമ്പും നെല്ലും തിനയും വിതക്കാം'' അവര്‍ മണ്ണിനെ തരംതിരിച്ചു തുടങ്ങി. 
''മണല്‍കലര്‍ന്ന ഈ മണ്ണ് കിഴങ്ങുവര്‍ഗ്ഗങ്ങള്‍ക്ക് നല്ലതാണ്.''
''ഈ പൊടിമണലില്‍ ചോളവും തണ്ണിമത്തനും വിളയാന്‍ സാധ്യതയുണ്ട്.'' 

''പൂര്‍ണ്ണമായ മണല്‍പ്പരപ്പില്‍ തല്‍ക്കാലം കൃഷി സാധ്യമല്ല.'' ഓരോ സംഘവും അവരവരുടെ കണ്ടെത്തലുകള്‍ ഗുലാമനേയും ആമി മുത്തശ്ശിയേയും അറിയിച്ചുകൊണ്ടിരുന്നു.  

''അപ്പോള്‍ പൈക്കള്‍ക്ക് എങ്ങനെ പുല്ലുകൊടുക്കും? 
ചെമ്മരിയാടുകള്‍ എവിടെ മേയും.? 
ഒട്ടകങ്ങളുടെ വിശപ്പിന് എങ്ങനെ പരിഹാരം കാണും?'' 

ആമിമുത്തശ്ശിയുടെ ചോദ്യങ്ങള്‍ എല്ലാവരേയും കുഴക്കി. ആര്‍ക്കും ഉത്തരമില്ല. 

''നമ്മുടെ ജീവിതം മാത്രമല്ല. എല്ലാ ചെറു ജീവികളുടേയും ജീവനും നിലനില്‍പ്പും അവരുടെ ആഹാരവും നമുക്ക് പ്രധാനപ്പെട്ടതാണ്.'' മുത്തശ്ശി എല്ലാവരോടുമായി പറഞ്ഞു. 

''കാട്ടില്‍ നമ്മള്‍ കൃഷി ചെയ്തിരുന്നില്ല. വിതക്കുകയോ കൊയ്യുകയോ ചെയ്തിരുന്നില്ല. എന്നിട്ടും നമ്മള്‍ ജീവിച്ചു. പക്ഷികളില്‍ നിന്നും അണ്ണാറക്കണ്ണനില്‍ നിന്നും കടം വാങ്ങിയ കാട്ടുപഴങ്ങളില്‍ നമ്മള്‍ വിശപ്പകറ്റി. മുയലും മുള്ളന്‍ പന്നിയും കരുതിവച്ച കിഴങ്ങുകള്‍ എത്രയോ നമ്മള്‍ ചുട്ടുതിന്നിട്ടുണ്ട്. കാട്ടുചെടിയുടെ വേരറുത്ത് മരുന്നുണ്ടാക്കി അസുഖം മാറ്റിയിട്ടില്ലേ? തേനീച്ചകളുടെ അനുവാദത്തോടെ തേനും പൂമ്പൊടിയും ശേഖരിച്ചിട്ടുണ്ട്. ഒരുപക്ഷെ, വിരിഞ്ഞ് വിലസേണ്ട അനേകം തലമുറകളുടെ ജീവനാണ് കാട്ടുകോഴിയും കുളക്കോഴിയും മുട്ടകളായി നമുക്കു തന്നത്. അതിനൊക്കെ നമ്മള്‍ പകരം നല്‍കേണ്ടതുണ്ട്. നമ്മുടെ കൃഷി അതിനുകൂടി ഉള്ളതായിരിക്കണം...'' മുത്തശ്ശി ഒന്നു നിര്‍ത്തിയ ശേഷം തുടര്‍ന്നു. 
''നമ്മുടെ വിശപ്പുമാത്രമല്ല എല്ലാവരുടെയും വിശപ്പകറ്റാനാവണം നമ്മുടെ കൃഷിയും അധ്വാനവും.'' 

ജീവിതത്തിന്റെ വലിയൊരു പാഠം മുത്തശ്ശിയില്‍ നിന്നും എല്ലാവരും ഏറ്റുവാങ്ങി. 

അങ്ങനെയവര്‍ പശുക്കള്‍ക്കും ഒട്ടകങ്ങള്‍ക്കും ആടിനും പക്ഷികള്‍ക്കും മനുഷ്യര്‍ക്കും എല്ലാ ജന്തുജാലങ്ങള്‍ക്കും വേണ്ടി മണ്ണില്‍ കൃഷിചെയ്യാന്‍ തീരുമാനിച്ചു. 

ഗുലാമന്റെ നിര്‍ദ്ദേശമനുസരിച്ച് എല്ലാവരും പണികള്‍ ആരംഭിച്ചു. അരുവിക്കരയിലെ മണ്ണില്‍ അവര്‍ വലിയ ചതുരങ്ങള്‍ ആടയാളപ്പെടുത്തി. മണ്ണിളക്കി. വരമ്പുകള്‍ പിടിച്ചു. പൊടിമണലുകള്‍ തട്ടി നിരത്തി. കണ്ടങ്ങളുണ്ടാക്കി. ചാണകവും വൈക്കോല്‍ പൊടിയും മണ്ണില്‍ വിതറി. വെള്ളമൊഴിച്ച് പാകമാക്കി. പിന്നെയും മണ്ണിളക്കി. 

വളര്‍ത്തുമൃഗങ്ങള്‍ കൂട്ടരുമായി ഇണങ്ങി. 

ചുള്ളിക്കും കൂട്ടുകാര്‍ക്കുമൊപ്പം ചെമ്മരിയാട്ടിന്‍ കുട്ടികള്‍ ഓടിക്കളിച്ചു.  ഗ്രാമത്തില്‍ നിന്നുകൊണ്ടുവന്ന വൈക്കോല്‍ തിന്നുകൊണ്ടു പശുക്കള്‍ കെട്ടിയിട്ട കുറ്റിക്കു ചുറ്റും നടന്നുകൊണ്ടിരിക്കുന്നു. ഒട്ടകങ്ങള്‍ മണല്‍പ്പുറത്ത് നിശബ്ദം കിടന്നു. ആ മരുഭൂമി ഒരു ഗ്രാമംപോലെ തോന്നിച്ചു. 

 


ഭാഗം ഒന്ന്: ഹുന്ത്രാപ്പി ബുസ്സാട്ടോ, ബഷീര്‍ കഥാപാത്രമായ കുട്ടികളുടെ നോവല്‍ ആരംഭിക്കുന്നു 
ഭാഗം രണ്ട്. ആ ആഞ്ഞിലിമരം എവിടെ? 
ഭാഗം മൂന്ന്: പറന്നിറങ്ങുന്ന തക്കോഡക്കോയുടെ കാലിലതാ, ഒരാള്‍!
ഭാഗം നാല്: അന്നു രാത്രി അവര്‍ കാടിനു തീയിട്ടു, പക്ഷികളും മൃഗങ്ങളും കാട്ടുമനുഷ്യരും വെന്തു മരിച്ചു
ഭാഗം അഞ്ച്: മരുഭൂമിയിലെ നീരുറവ
ഭാഗം ആറ്: മരുഭൂമി മുറിച്ചു വരുന്ന ആ ഒട്ടകങ്ങളില്‍ ശത്രുവോ മിത്രമോ?
ഭാഗം ഏഴ്: നെല്ലിക്കയുടെ രുചിയുള്ള കാട്ടമൃത്! 

ഭാഗം എട്ട്: പരല്‍മീനിനെ വലവീശും പോലെ മഞ്ഞിനെ പിടിക്കാനാവുമോ?
ഭാഗം ഒമ്പത്: ആകാശത്തേയ്ക്ക് ഒരു ജലധാര,  ചുറ്റും മഴവില്ല്! 
ഭാഗം പത്ത്: ഒരു പാവം പുലിക്ക് പറ്റിയ അമളി! 

ഭാഗം 11: മരുഭൂമിയില്‍ അവര്‍ വിത്തുകള്‍ നടുകയാണ്
ഭാഗം 12: നെല്ലിയരുവിയുടെ കരയില്‍ നാല്‍വര്‍ സംഘം
ഭാഗം 13: കിഴക്കന്‍ ചക്രവാളത്തില്‍ പൊടിപടലങ്ങള്‍

Follow Us:
Download App:
  • android
  • ios