
മലപ്പുറം: നിലമ്പൂരിൽ ഒന്നരക്കോടിയുടെ കുഴല്‍പണം പിടികൂടി. ഒരു കോടി 56 ലക്ഷം രൂപയുടെ കുഴൽപണവുമായി രണ്ട് പേര്‍ പൊലീസിന്‍റെ പിടിയിലായി. കൊടുവള്ളി മാനിപുരം സ്വദേശികളായ കരുവാരക്കോട് മുഹമ്മദ് സാലിഹ്,വാഴപൊയിൽ ഷബീർ അലി എന്നിവരാണ് അറസ്റ്റിലായത്.
കാറില്‍ രഹസ്യ അറകളുണ്ടാക്കിയാണ് പണം ഒളിപ്പിച്ചിരുന്നത്. ബെംഗളുരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുവരികയായിരുന്നു പണമെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ പതിമൂന്നര കോടിയുടെ കുഴല്‍പ്പണമാണ് മലപ്പുറത്ത് പൊലീസ് പിടിച്ചെടുത്തത്.
വഴിയിൽ നിന്ന് 43,000 രൂപ വീണുകിട്ടി: ഉടമസ്ഥാവകാശം പറഞ്ഞ് ചെന്നതോടെ കുഴൽപ്പണക്കടത്തുകാരൻ പിടിയിൽ
പൊന്നാനി: വഴിയിൽ നിന്ന് 43,000 രൂപ വീണ് കിട്ടിയതിന്റെ ഉടമസ്ഥാവകാശം പറഞ്ഞ് ചെന്നതോടെ കുഴൽപ്പണക്കടത്തുകാരൻ പിടിയിൽ. അതിതലക്കൽ അഷ്റഫി(48)നെയാണ് പൊന്നാനി പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച വൈകിട്ട് റോഡരികിൽ നിന്നാണ് ആംബുലൻസ് ഡ്രൈവർമാർക്ക് 43,000 രൂപ ലഭിച്ചത്. ഇവർ പണം പൊന്നാനി പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. തുടർന്ന് അഷ്റഫ് തന്റെ പണം പോക്കറ്റിൽ നിന്നും വീണുപോയതാണന്ന് പറഞ്ഞ് സ്റ്റേഷനിലെത്തി. ഇയാളുടെ പേര് പൊലീസ് സോഫ്റ്റ് വെയറിൽ പരിശോധിച്ചപ്പോൾ മുമ്പ് കുഴൽപ്പണ കേസിൽ ഇയാൾ പിടിക്കപ്പെട്ട വ്യക്തിയാണന്ന് മനസ്സിലായി. ഇതോടെ കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം വാഹനം പരിശോധിച്ചപ്പോഴാണ് 4.5 ലക്ഷം രൂപ കൂടി കണ്ടത്തിയത്.
വേങ്ങര സ്വദേശിയായ ഒരു വ്യക്തിയുടെ നിർദേശാനുസരണം അഞ്ച് ലക്ഷം രൂപ വിതരണം ചെയ്യാനാണ് പൊന്നാനിയിൽ എത്തിയതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. 7,000 രൂപ മാത്രമെ വിതരണം നടത്തിയുള്ളു. ബാക്കി വരുന്ന തുക പൊലീസ് പിടിച്ചെടുത്തു. കുഴൽപ്പണ സംഘത്തിലെ കൂടതൽ ആളുകളെ കുറിച്ച് അന്വേഷണം നടത്തുന്നതായി പൊന്നാനി സ്റ്റേഷൻ ഓഫീസർ വിനോദ് വലിയാറ്റൂർ പറഞ്ഞു. പരിശോധനയിൽ സ്റ്റേഷൻ ഓഫീസർക്ക് പുറമെ എസ് ഐ തോമസ്, റൈറ്റർ പ്രജീഷ്, എ എസ് ഐ അനിൽ കുമാർ, പ്രവീൺ കുമാർ, പ്രിയ എന്നിവരും പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam