
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ തോർത്ത് കഴുത്തിൽ കുരുങ്ങി പത്തുവയസുകാരൻ മരിച്ച സംഭവം തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇന്നലെ വൈകുന്നേരമാണ് മുഹമ്മദ് ബഷീറിനെ വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടത്തിയത്. സംഭവത്തില്‍ സഹപാഠികൾ, അധ്യാപകർ, ബന്ധുക്കൾ എന്നിവരിൽ നിന്ന് മൊഴി എടുക്കുമെന്ന് പൊലീസ് അറിയിച്ചു.
കോഴിക്കോട് പേരാമ്പ്രക്ക് സമീപം ആവള പെരിഞ്ചേരിക്കടവിൽ ബഷീറിന്‍റെ മകൻ മുഹമ്മദിനെയാണ് ഇന്നലെ കുളിമുറിയിൽ തോർത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പേരാമ്പ്ര ഇ എം എസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ മേപ്പയൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അതേസമയം, കണ്ണൂരിൽ കാപ്പ ചുമത്തി നാട് കടത്തിയ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പൊന്നിയം സ്വദേശി വിഥുനെ ആണ് എറണാകുളത്തെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രണയ നൈരാശ്യത്തെ തുടർന്നുള്ള ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനമെന്ന് നോർത്ത് പൊലീസ് വ്യക്തമാക്കി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായതിനെ തുടർന്ന് കണ്ണൂർ പൊലീസാണ് വിഥുനെതിരെ കാപ്പ ചുമത്തിയിരുന്നത്. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ലോഡ്ജിലാണ് ഇയാളെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Also Read: കാപ്പാ ചുമത്തി നാട് കടത്തിയ യുവാവ് തൂങ്ങി മരിച്ചു; പ്രണയ നൈരാശ്യമെന്ന് പൊലീസ്