
കല്‍പ്പറ്റ: ജില്ലയില്‍ വൈദ്യുത അപകടങ്ങള്‍ (electric accident) വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ജില്ലാ വൈദ്യുത അപകട നിവാരണ സമിതി. വൈദ്യുത ലൈനുകള്‍ക്ക് സമീപം ഇരുമ്പ് തോട്ടി, ഏണി എന്നിവ ഉപയോഗിക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം മാത്രം വയനാട്ടില്‍ വൈദ്യുത അപടകങ്ങളില്‍ പെട്ട് 11 പേരുടെ ജീവന്‍ നഷ്ടമായിട്ടുണ്ട്. ഇതില്‍ അനധികൃതമായി സ്ഥാപിച്ച വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് മൂന്ന് പേരും അനധികൃതമായി വയറിംഗ് ജോലി ചെയ്യുന്നതിനിടെ അഞ്ച് പേരുമാണ് മരിച്ചത്. വീടുകളിലെ വയറിംഗുകളില്‍ നിന്ന് ഷോക്കേറ്റ് മൂന്ന് പേരും കഴിഞ്ഞ വര്‍ഷം മരിച്ചിട്ടുണ്ട്. ഇ.എല്‍.സി.ബി (എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കര്‍) സ്ഥാപിക്കുകയായിരുന്നുവെങ്കില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാവുന്നതായിരുന്നുവെന്ന് ജില്ലാ കലക്ടര്‍ എ. ഗീതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അപകട നിവാരണ സമിതി യോഗം ചൂണ്ടിക്കാട്ടുന്നു. ഇരുമ്പ് തോട്ടിയും ഏണിയും ഉപയോഗിച്ച് തോട്ടങ്ങളില്‍ നടക്കുന്ന വിളവെടുപ്പിനിടെയാണ് ചില അപകടങ്ങള്‍ ഉണ്ടാകുന്നത്.
വിളവെടുപ്പ് കാലമായ ഫെബ്രുവരി മുതല്‍ മെയ് വരെയുള്ള കാലയളവിലാണ് അപകടങ്ങള്‍ വര്‍ധിക്കുന്നത്. കഴിഞ്ഞ വര്‍ഷം മൂന്ന് പേര്‍ക്കാണ് വിളവെടുപ്പ് സമയത്ത് അപകടമുണ്ടായത്. പുരയിടത്തില്‍ക്കൂടിയോ തോട്ടങ്ങളിലൂടെയോ കടന്നുപോകുന്ന പഴയ ലൈനുകള്‍, ഉടമസ്ഥന്‍ ചെലവ് വഹിക്കുകയാണെങ്കില്‍ റോഡുകളിലേക്ക് മാറ്റി സ്ഥാപിക്കാന്‍ കഴിയും. ഇത്തരം പരിഹാരം ചെയ്യാന്‍ കഴിയാത്ത ലൈനുകളില്‍ നിലവിലുളള കമ്പി മാറ്റി ഇന്‍സുലേറ്റഡായ എ.ബി.സി കണ്ടക്ടറുകള്‍ സ്ഥാപിച്ചാല്‍ ഉപഭോക്താവിനും അവരുടെ പുരയിടത്തില്‍ പണിയെടുക്കുന്നവര്‍ക്കും ജീവഹാനി ഒഴിവാക്കാനാകുമെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ ഏതെങ്കിലും തരത്തിലുള്ള ആവശ്യങ്ങള്‍ വേണ്ടവര്‍ക്ക് ടോള്‍ഫ്രീ നമ്പര്‍ ആയ 1912-ല്‍ വിളിക്കാവുന്നതുമാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam