
ഇടുക്കി: വെള്ളാരംകുന്നിൽ 11 വയസ്സുകാരൻ ഷോക്ക് ഏറ്റ് മരിച്ചു. കൊച്ചു തോവാള പാറയിൽ ജയന്‍റെ മകൻ അഭിനന്ദ് ആണ് മരിച്ചത്. ബന്ധുവിന്‍റെ വീട്ടിൽ വെച്ചാണ് അഭിനന്ദിന് ഷോക്ക് ഏറ്റത്. വീടിന്‍റെ രണ്ടാം നിലയിൽ കളിക്കുന്നതിനിടെ സർവീസ് വയറിൽ നിന്നാണ് ഷോക്കറ്റത്. കട്ടപ്പന സെന്‍റ് ജോൺസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി കുട്ടിക്ക് മരണം സംഭവിക്കുകയായിരുന്നു. കട്ടപനയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനല്‍കും. കൊച്ചുതോവള യു പി സ്കൂളിലെ 5 ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച അഭിനന്ദ്.
അതേസമയം മലപ്പുറത്ത് നിന്ന് ഇന്നലെ പുറത്തുവരുന്ന മറ്റൊരു വാർത്ത സ്കൂള്‍ ബസിറങ്ങി റോഡ് മുറിച്ച് കടന്നക്കുന്നതിനിടെ ഒമ്പത് വയസുകാരി മറ്റൊരു വാഹനമിടിച്ച് മരിച്ചു എന്നതാണ്. ഈ സംഭവത്തിൽ അന്വേഷണത്തിന് സർക്കാർ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് അന്വേഷണം തീരുമാനിച്ച കാര്യം അറിയിച്ചത്. മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അധികാര പരിധിയിൽ വരുന്ന താനൂർ വിദ്യാഭ്യാസ ഉപജില്ലയിലെ നന്നമ്പ്ര എസ് എൻ യു പി സ്കൂളിലെ ഷിഫാന ഷെറിൻ വി എന്ന വിദ്യാർത്ഥിനിയുടെ അപകടമരണത്തിൽ അടിയന്തിര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് മന്ത്രി അറിയിച്ചത്. കുട്ടി മരിച്ച സംഭവം അതീവ ദുഖകരമാണെന്ന് വ്യക്തമാക്കിയ വിദ്യാഭ്യാസ മന്ത്രി കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നും പറഞ്ഞിരുന്നു. ഇന്നലെ ഉച്ചയ്ക്ക് മലപ്പുറത്ത് സ്കൂള്‍ ബസിറങ്ങി റോഡ് മുറിച്ച് കടന്നക്കുന്നതിനിടെയാണ് ഒമ്പത് വയസുകാരി മറ്റൊരു വാഹനമിടിച്ച് മരിച്ചത്. തെയ്യാല എസ് എന്‍ യു പി സ്കൂളിലെ അഞ്ചാം ക്ലാസുകാരി ഷഫ്ന ഷെറിനാണ് മരിച്ചത്.