
മലപ്പുറം: പുന്നപ്പുഴയില്‍ മുങ്ങിത്താഴുകയായിരുന്ന എട്ടു വയസ്സുകാരനെയും രക്ഷിക്കാൻ ശ്രമിച്ച് ചുഴിയിൽ അകപ്പെട്ട വല്യുപ്പയെയും അതിസാഹസികമായി രക്ഷപ്പെടുത്തി പതിനൊന്നുകാരന്‍. വഴിക്കടവ് സ്വദേശി അമല്‍ ഷാന്‍ എന്ന കൊച്ചുമിടുക്കനാണ് തന്റെ സുഹൃത്ത് ഷെബിന്‍ ഷാനെയും വല്യുപ്പ അബൂബക്കറിനെയും ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്. അപകടസമയത്ത് പരിഭ്രമിക്കാതെ സുഹൃത്തിന് പ്രഥമശുശ്രൂഷ നല്‍കാനും അമല്‍ ഷാന്‍ കാട്ടിയ വിവേകം വലിയ കൈയടി നേടുകയാണ്. ബന്ധുക്കളോടൊപ്പം പുന്നപ്പുഴയിലെ അത്തിക്കുണ്ട് കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. നീന്തിക്കുളിക്കുന്നതിനിടെയാണ് ഷെബിന്‍ ഷാന്‍ അപ്രതീക്ഷിതമായി പുഴയിലെ കയത്തില്‍ അകപ്പെടുകയായിരുന്നു.
ഷെബിന്‍ മുങ്ങിത്താഴുന്നത് കണ്ട് രക്ഷപ്പെടുത്താന്‍ ശ്രമിച്ച വല്യുപ്പ അബൂബക്കറും ചുഴിയില്‍പ്പെട്ടു. ഇതോടെ സാഹചര്യം അതീവ ഗുരുതരമായി. എന്നാല്‍ ഒട്ടും വൈകാതെ പുഴയിലേക്ക് ചാടിയ അമല്‍ ഷാന്‍, ഷെബിനെ അതിസാഹസികമായി കരയിലേക്ക് എത്തിച്ചു. പിന്നാലെ വല്യുപ്പയെയും അമൽ രക്ഷിച്ചു. കരയിലെത്തിച്ച ശേഷം ഷെബിന് സി.പി.ആര്‍ നല്‍കാനും അമല്‍ മറന്നില്ല. അഞ്ചാം ക്ലാസിലെ പാഠഭാഗത്ത് നിന്ന് പഠിച്ച പ്രഥമശുശ്രൂഷാ രീതികളാണ് ഈ നിര്‍ണ്ണായക ഘട്ടത്തില്‍ തനിക്ക് തുണയായതെന്ന് അമല്‍ ഷാന്‍ പ്രതികരിച്ചു. ജലസേചനത്തിനായി പമ്പ് ഹൗസ് സ്ഥാപിച്ച ഈ ഭാഗത്ത് രണ്ടാള്‍ താഴ്ചയില്‍ വെള്ളമുണ്ടായിരുന്നു. പുന്നപ്പുഴയുടെ ആഴങ്ങളില്‍ നിന്ന് കൂട്ടുകാരനെ ജീവിതത്തിലേക്ക് പിടിച്ചുയര്‍ത്തിയ അമലിന്റെ ധീരതയെ അഭിനന്ദിക്കുകയാണ് നാട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam