തൃശൂര്‍ വലപ്പാട് കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍ക്കാനായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി 65കാരനായ അബ്ദുള്ളക്കുട്ടി അറസ്റ്റിലായി. ഇയാള്‍ സമാനമായ കേസുകളിലെ സ്ഥിരം പ്രതിയാണെന്നും ബാലനീതി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാളെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. വലപ്പാട് എസ് എന്‍ സെന്റര്‍ സ്വദേശി കറപ്പം വീട്ടില്‍ അബ്ദുള്ളക്കുട്ടി (65)യാണ് അറസ്റ്റിലായത്. വലപ്പാട് എസ് എന്‍ സെന്ററിലെ ബിസ്മി സ്റ്റോഴ്‌സ് എന്ന സ്ഥാപനത്തില്‍ നടത്തിയ പരിശോധനയിലാണ് 65 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി പ്രതി അറസ്റ്റിലായത്.
പ്രതിക്കെതിരേ കുട്ടികള്‍ക്കും മറ്റും വില്‍പ്പന നടത്തുന്നതിനായി നിരോധിത പുകയില ഉത്പന്നങ്ങള്‍ സൂക്ഷിച്ച കുറ്റത്തിന് കാപ്പ നിയമത്തിന് പുറമെ ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പായ സെക്ഷന്‍ 77 കൂടി ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അബ്ദുള്ളക്കുട്ടി വലപ്പാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച പുകയില ഉല്‍പ്പന്നങ്ങളുമായി അറസ്റ്റിലായ മൂന്നു കേസുകളിലെ പ്രതിയാണ്. വലപ്പാട് പോലീസ് സ്റ്റേഷന്‍ എസ്. ഐ. എബിന്‍ സി.എന്‍, ജി.എസ്. ഐ. ഉണ്ണി, സി പി .ഒ മാരായ സിയാദ്, ജസ്ലിന്‍ തോമസ്, ശാലിന എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


