112 കൊല്ലത്തെ പഴക്കം, ഏക വിദ്യാര്‍ത്ഥിയും പാസായി; മൂലേപ്പള്ളിക്കൂടത്തിന് താഴ് വീഴുന്നു

Published : Jun 02, 2023, 02:42 PM ISTUpdated : Jun 02, 2023, 02:43 PM IST
112 കൊല്ലത്തെ പഴക്കം, ഏക വിദ്യാര്‍ത്ഥിയും പാസായി; മൂലേപ്പള്ളിക്കൂടത്തിന് താഴ് വീഴുന്നു

Synopsis

ഓരോ ക്ലാസിനും രണ്ടും മൂന്നും ഡിവിഷൻവരെ ഉണ്ടായിരുന്ന കാലം മൂലേപ്പള്ളിക്കൂടത്തിലെ പൂർവ വിദ്യാർഥികളുടെ ഓർമ്മയിലുണ്ട്

മാവേലിക്കര: ജാതിയുടെ പേരിൽ അകറ്റി നിർത്തപ്പെട്ടവർക്കു വിദ്യയുടെ വെളിച്ചം പകരുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ സ്കൂളിന് ഒടുവില്‍ താഴ് വീഴുന്നു. പഠിതാവായുണ്ടായിരുന്ന ഏക വിദ്യാർഥി ക്ലാസ് കയറ്റം നേടി മറ്റൊരു സ്കൂളിലേക്കു പോകുകയും പ്രഥമാധ്യാപിക മേരി വർഗീസ് ബുധനാഴ്ച വിരമിക്കുകയും ചെയ്തതോടെയാണ് 112 കൊല്ലത്തെ ചരിത്രമുള്ള തഴക്കര വഴുവാടി എം. ജി. എം. എൽ. പി. സ്കൂളിന്റെ വാതിലടയുന്നത്. 

പരുമല തിരുമേനി മാർ ഗ്രിഗോറിയോസിന്റെ വിയോഗത്തിന് ഒൻപതു വർഷത്തിനുശേഷം അദ്ദേഹത്തിന്റെ പേരിലാണു വഴുവാടിക്കും പൈനുംമൂടിനും ഇടയിൽ സ്കൂൾ തുടങ്ങിയത്. ജാതിയുടെ പേരിൽ അകറ്റി നിർത്തപ്പെട്ടവർക്കും വിദ്യാവെളിച്ചം നൽകണമെന്ന ലക്ഷ്യത്തോടെയായിരുന്നു തുടക്കം. തഴക്കര പഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല്, അഞ്ച് വാർഡുകളിലുള്ളവരായിരുന്നു സ്കൂളിലെ വിദ്യാർഥികളില്‍ ഏറിയ പങ്കും. പിന്നാക്ക, ദളിത് വിഭാഗങ്ങളിൽപ്പെട്ട ഒട്ടേറെ കുട്ടികൾ ഇവിടെനിന്നു പഠിച്ചിറങ്ങി. 

പ്രീഡിഗ്രിക്ക് കൂട്ടായി, ഒരേ സ്കൂളിൽ ഒരേ വിഷയം പഠിപ്പിക്കുന്ന അധ്യാപകരായി, ഒരേ ദിവസം യാത്രയയപ്പും

ഉയർന്ന സ്ഥലത്തുള്ള സ്കൂളിനെ മേലേപ്പള്ളിക്കൂടമെന്നും പൈനുംമൂടിന്റെയും വഴുവാടിയുടെയും അതിരുകൾ പങ്കിടുന്നതിനാൽ മൂലേപ്പള്ളിക്കൂടമെന്നും സ്കൂളിന് വിളിപ്പേരും വന്നു. ഓരോ ക്ലാസിനും രണ്ടും മൂന്നും ഡിവിഷൻവരെ ഉണ്ടായിരുന്ന കാലം മൂലേപ്പള്ളിക്കൂടത്തിലെ പൂർവ വിദ്യാർഥികളുടെ ഓർമ്മയിലുണ്ട്. കാലത്തിനനുസരിച്ച് അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ വ്യക്തിഗത മാനേജ്മെന്റിനു കഴിയാതെ വന്നതോടെ കുട്ടികളുടെ എണ്ണം കുറഞ്ഞു. ശോഷിച്ച് ശോഷിച്ച് അത് ഒറ്റക്കുട്ടിയായി. കഴിഞ്ഞ അധ്യയന വർഷം നാലാംതരത്തിൽ ഒരു വിദ്യാർഥിനിയും പ്രഥമാധ്യാപികയുമായാണ് സ്കൂൾ പ്രവർത്തിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു