തോല്‍പ്പെട്ടിയില്‍ 12 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

By Web TeamFirst Published Aug 6, 2018, 11:48 PM IST
Highlights

ഒരു മാസം മുന്‍പ് 32 കിലോ കഞ്ചാവ് പിടിച്ചതുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ മൂന്ന് പേരെ എക്‌സൈസിന്റെ ഉന്നതതല സംഘം പിടികൂടിയിട്ടുണ്ട്

വയനാട്: കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന 12 കിലോ കഞ്ചാവുമായി തോല്‍പ്പെട്ടി ചെക്‌പോസ്റ്റില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവ് പിടിയില്‍. എക്‌സൈസ് ചെക്‌പോസ്റ്റില്‍ വാഹന പരിശോധനക്കിടെയാണ് കുത്തുപറമ്പ് ദയരോത്ത് ഇലപറ്റ ചിറ ഫൈസല്‍ (37) നെ ഉദ്യോഗസ്ഥര്‍ പിടികൂടിയത് . 

ബംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് പോകുന്ന അശോക ബസില്‍ നടത്തിയ പരിശോധനക്കിടെയാണ് യുവാവില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസര്‍ കെ. വിഷാജ്‌മോന്‍, സി.കെ. രജഞിത്ത് എക്‌സൈസ് സിവില്‍ ഓഫീസര്‍മാരായ സനുപ്.എം.സി,അനുദാസ് ടി ടി അരുണ്‍,കൃഷ്ണന്‍ എന്നിവരാണ് പിടികൂടിയത് തുടര്‍ന്ന് മാനന്തവാടി എക്‌സൈസ് റേഞ്ച് സി.ഐ എ.ജെ. ഷാജിക്ക് കൈമാറുകയായിരുന്നു. 

കഞ്ചാവ് ബെംഗളൂരുവിൽ നിന്ന് കുത്ത് പറമ്പില്‍ എത്തിക്കുക മാത്രമായിരുന്നു തന്റെ ജോലിയെന്നാണ് ചോദ്യം ചെയ്യലില്‍ ഇയാള്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരിക്കുന്നത്. അതേ സമയം ഇടനിലക്കാരെയും ബെം​ഗളൂരിവിൽ വെച്ച് ഇയാള്‍ക്ക് കഞ്ചാവ് നല്‍കിയവരെ കുറിച്ചും കൂടുതല്‍ അന്വേഷണം നടത്താനുണ്ടെന്ന് എക്‌സൈസ് സി.ഐ പറഞ്ഞു. 

ഒരു മാസം മുന്‍പ് 32 കിലോ കഞ്ചാവ് പിടിച്ചതുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ മൂന്ന് പേരെ എക്‌സൈസിന്റെ ഉന്നതതല സംഘം പിടികൂടിയിട്ടുണ്ട് എല്ലാ അതിര്‍ത്തി ചെക്ക് പോസ്റ്റ് കളിലും കര്‍ശന പരിശോധന നടത്താന്‍ കുടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് വയനാട് എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ പി.കെ. സുരേഷ് പറഞ്ഞു.  കഴിഞ്ഞ ദിവസം വയനാട് എഞ്ചിനീയറിം​ഗ് കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികളെയും കഞ്ചാവുമായി പിടികൂടിയിരുന്നു. ജില്ലയില്‍ രാത്രിയാത്ര നിരോധനമില്ലാത്ത ഏകചെക്‌പോസ്റ്റാണ് തോല്‍പ്പെട്ടി. 

മൂന്നുമാസത്തിനിടെ പിടികൂടിയത് 50 കിലോ കഞ്ചാവ്

തോല്‍പ്പെട്ടി ചെക്‌പോസ്റ്റ് വഴി കഞ്ചാവ്, സ്വര്‍ണം എന്നിവയുടെ കടത്ത് വര്‍ധിച്ചുവരികയാണ്. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ സ്വര്‍ണവേട്ട തോല്‍പ്പെട്ടിയിലായിരുന്നു. കഴിഞ്ഞ മാസം നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 36 കിലോ സ്വര്‍ണമാണ് ഇവിടെ പിടികൂടിയത്. ജൂണില്‍ 32 കിലോ കഞ്ചാവുമായി കണ്ണൂര്‍ സ്വദേശിയെ അറസ്റ്റ് ചെയ്തതിന് ശേഷം ഉദ്യോഗസ്ഥര്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതോടെ മൂന്നുമാസം കൊണ്ട് 50 കിലോ കഞ്ചാവാണ് ചെക്‌പോസ്റ്റില്‍ പിടിച്ചെടുത്തത്. ലഹരിക്കടത്തിനായി ഉപയോഗിച്ച 15 ബൈക്കുകളും ആറ് കാറുകളും കസ്റ്റഡിയിലെടുത്തു. വിവിധ സമയങ്ങളിലായി നടത്തിയ പരിശോധനയില്‍ 13600 ലഹരിഗുളികകളും പിടികൂടിയിട്ടുണ്ട്.

click me!