അന്ധതയുടെ വെളിച്ചം മറ്റുള്ളവരിലേക്ക് പടർത്തി ഷാംജു

By Web TeamFirst Published Aug 6, 2018, 10:04 PM IST
Highlights

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ശമ്പളം നൽകി അന്ധനായ സംഗീതാധ്യാപകൻ മാതൃകയായി

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ശമ്പളം നൽകി അന്ധനായ സംഗീതാധ്യാപകൻ മാതൃകയായി. അവിടനല്ലൂർ ജിവിഎച്ച്എസ് സംഗീതാധ്യാപകൻ ടി.യു. ഷാംജു ഇന്ന് ഉച്ചയോടെ ആദ്യ ശമ്പളം  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.  

നന്മണ്ട ചീക്കിലോട് സ്വദേശിയായ ഷാംജുവിന് ജൂണിലാണ് ജോലി ലഭിച്ചത്. നൂറ് ശതമാനം അന്ധതയുള്ള ഷാംജുവിന് മുൻപ് താത്ക്കാലിക ജോലി ലഭിച്ചിരുന്നുവെങ്കിലും സ്ഥിരം ജോലി എന്ന സ്വപ്നം ഇപ്പോഴാണ് യാഥാർഥ്യ‌മായത്. ജീവിതത്തിൽ നിരവധി സുമനസുകളുടെ സഹായം ഉണ്ടായിട്ടുണ്ടെന്നും തന്നെക്കൊണ്ട് ആവുന്ന വിവിധത്തിൽ മറ്റുള്ളവരെ സഹായിക്കണം എന്ന ആഗ്രഹം കൊണ്ടാണ് ആദ്യ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നതെന്നും ഷാംജു പറയുന്നു. 

തിങ്കളാഴ്ച്ച ഉച്ചക്ക് 12.30 ഓടെ കോഴിക്കോട് കലക്റ്ററേറ്റിലെത്തി ജില്ലാ കലക്റ്റർ യു.വി. ജോസിനാണ് ഷാംജു ആദ്യ ശമ്പളത്തിന്‍റെ ചെക്ക് കൈമാറിയത്. ദുരിതാശ്വാസ നിധിയിലേക്ക് പലരും സഹായധനം  നൽകാറുണ്ടെങ്കിലും ഇത്തരത്തിൽ ആദ്യശമ്പളം മുഴുവനായും നൽകുന്നത് അപൂർവമാണ്.

click me!