SMA : എസ്എംഎ ചികിത്സയ്ക്ക് അഞ്ച് കോടി വേണം, സഹായം തേടി അണ്ടർ 12 ചെസ് രണ്ടാം നമ്പർ ചാമ്പ്യൻ

Published : Dec 20, 2021, 01:04 PM IST
SMA : എസ്എംഎ ചികിത്സയ്ക്ക് അഞ്ച് കോടി വേണം, സഹായം തേടി അണ്ടർ 12 ചെസ് രണ്ടാം നമ്പർ ചാമ്പ്യൻ

Synopsis

വലിയ സ്വപ്നങ്ങളാണ് ഈ പന്ത്രണ്ടുകാരിക്ക്. സ്വപ്നങ്ങൾക്കൊപ്പം പക്ഷേ ഷാരോണിന്‍റെ ശരീരമെത്തില്ല, ജനിച്ചിതേവരെ എഴുന്നേറ്റൊന്നിരിക്കാൻ അവൾക്കായിട്ടില്ല. ചെസ് കളത്തിലെ കരുക്കൾ നീക്കാനുള്ള കരുത്തുപോലുമില്ല. നീക്കങ്ങൾ പറഞ്ഞുകൊടുക്കും...

ചെന്നൈ: 12 വയസിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ തമിഴ്നാട്ടിലെ രണ്ടാം നമ്പർ ചെസ് താരമാണ് 12 വയസുകാരിയായ ഷാരോൺ. അപൂർവ രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച് ചക്രക്കസേരയിലാണ് ഷാരോണിന്‍റെ ജീവിതം. പരസഹായമില്ലാതെ ഒന്നിനും കഴിയാത്ത ഷാരോണിന്‍റെ ചലനശേഷി ദിവസം തോറും കുറഞ്ഞുവരികയാണ്. ചികിത്സക്കായുള്ള മരുന്നിന്‍റെ അഞ്ച് കോടി രൂപ. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനായ ഷാരോണിന്‍റെ അച്ഛന് ഈ തുക താങ്ങാനാകുന്നില്ല. മകളുടെ ചെസ് ബോ‍‍‍‍ഡിലെ സ്വപ്നങ്ങൾ കയ്യെത്തിപ്പിടിക്കാൻ പ്രേഷകരുടെ കനിവ് തേടുകയാണ് ഈ കുടുംബം.

വലിയ സ്വപ്നങ്ങളാണ് ഈ പന്ത്രണ്ടുകാരിക്ക്. രാജ്യത്തെ പ്രായം കുറഞ്ഞ ചെസ് ചാമ്പ്യനാകണം. ഗ്രാൻഡ്മാസ്റ്റർ കിരീടം നേടണം. പ്രൊഫഷണൽ ചെസ്സിൽ നിന്ന് വിരമിച്ച ശേഷം കമന്‍ററി പറയുന്ന സ്ട്രീമറായി പേരെടുക്കണം, പിന്നെ ഒരു ചെസ് അക്കാദമിയും തുടങ്ങണം.

സ്വപ്നങ്ങൾക്കൊപ്പം പക്ഷേ ഷാരോണിന്‍റെ ശരീരമെത്തില്ല, ജനിച്ചിതേവരെ എഴുന്നേറ്റൊന്നിരിക്കാൻ അവൾക്കായിട്ടില്ല. ചെസ് കളത്തിലെ കരുക്കൾ നീക്കാനുള്ള കരുത്തുപോലുമില്ല. നീക്കങ്ങൾ പറഞ്ഞുകൊടുക്കും, എതിരാളിയോ സഹായിയോ ഷാരോണിനായും കരുനീക്കും. പേശികളുടെ ശക്തി ക്ഷയിക്കുന്ന സ്പൈനൽ മസ്കുലർ അട്രോഫിയാണ് അവളുടെ രോഗം.

ഇങ്ങനെ കളിച്ച്, ശാരീരിക പ്രയാസങ്ങളില്ലാത്ത കുട്ടികൾക്കൊപ്പം മത്സരിച്ച് 12 വയസിൽ താഴെയുള്ള വിഭാഗത്തിൽ സംസ്ഥാന ചാമ്പ്യൻഷിപ്പ് വരെ ഷാരോൺ നേടി. വീട്ടിലുള്ള ട്രോഫികളെല്ലാം തളരാതെ വിധിയോട് പൊരുതി നേടിയ സമ്മാനങ്ങൾ. ഇനി ട്രോഫികൾ വയ്ക്കാനിടമില്ലാത്ത വിധം ഈ കൊച്ചുവീട് അവൾ നിറച്ചിരിക്കുന്നു.

ചികിത്സിച്ചില്ലെങ്കിൽ പോകപ്പോകെ ഷാരോണിന്‍റെ ശരീരം ഇനിയും ബലഹീനമാകും. റിസ്ഡിപ്ലാം എന്ന മരുന്നുപയോഗിച്ച് ചികിത്സ നൽകിയാൽ ചലനശേഷി കുറച്ചെല്ലാം തിരികെപ്പിടിക്കാമെന്ന് ഡോക്ടർമാർ ഉറപ്പ് നൽകിയിട്ടുണ്ട്. പക്ഷേ അച്ഛൻ എബിക്കും അമ്മ റോസ്‍ലിക്കും താങ്ങാവുന്നതിലപ്പുറമാണ് അതിനുവേണ്ട തുകയായ അ‍ഞ്ച് കോടി രൂപ.

വിശ്വനാൻ ആനന്ദിനെപ്പോലെ, ജൂഡിത് പോൾഗറെപ്പോലെ, അലക്സാന്ദ്രവിച്ച് നിപ്പോംനിഷിയെപ്പോലെ ചെസ് കളിക്കണം എന്ന് പറയുമ്പോൾ ഷാരോണിന്‍റെ കണ്ണുകളിൽ നക്ഷത്രങ്ങൾ തിളങ്ങും. അത് കെടാതെ കാക്കേണ്ടവർ നമ്മളാണ്. സുമനസുകൾ ഷാരോണിനെ സഹായിക്കണം.


Account വിവരങ്ങൾ

Name: Elizabeth Mammen

Ac. No: 24760100002261

Bank of Baroda

Thiruvottiyur Branch, TH Road

IFSC CODE: BARB0WIMNAG
 

PREV
click me!

Recommended Stories

വഞ്ചിയൂരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരും ബിജെപി പ്രവര്‍ത്തകരും തമ്മിലെ സംഘര്‍ഷം; മൂന്ന് കേസെടുത്ത് പൊലീസ്
സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ