
ആലപ്പുഴ: ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ വിദേശത്തേക്ക് കടന്ന പ്രതി ലുക്ക് ഔട്ട് സർക്കുലറിലൂടെ പിടിയിലായി. ഓൺലൈൻ ജോലിയുടെ പേരിൽ ആലപ്പുഴ നെടുമുടി സ്വദേശിയിൽ നിന്ന് 13 ലക്ഷത്തിൽപരം രൂപ തട്ടിയ കേസിൽ പാലക്കാട് തൃത്താല അങ്ങാടി പി ഒയിൽ മനക്കടവത്ത് വീട്ടിൽ ഷൗക്കത്തലിയുടെ മകൻ മുഹമ്മദ് സലീം (31) ആണ് ആലപ്പുഴ സൈബർ പൊലീസിന്റെ പിടിയിലായത്. ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വ്യാജ ടൂർ പാക്കേജ് കമ്പനിയുടെ പേരിൽ ആൾമാറാട്ടം നടത്തിയാണ് പ്രതി തട്ടിപ്പ് നടത്തിയത്. സമൂഹമാധ്യമം വഴി പരാതിക്കാരനെ ബന്ധപ്പെട്ട് വീട്ടിലിരുന്ന് ഓൺലൈൻ ജോലി ചെയ്ത് ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചു. തുടർന്ന് വ്യാജ വെബ്സൈറ്റ് ലിങ്ക് വഴി രജിസ്റ്റർ ചെയ്യിക്കുകയും റിവ്യൂ റേറ്റിങ് ജോലിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പരാതിക്കാരനിൽ നിന്നും പ്രതികളുടെ ഉപയോഗത്തിലുള്ള വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമയപ്പിച്ചു. ഓൺലൈൻ ജോലി ചെയ്തതിനുള്ള പ്രതിഫലമോ അയച്ചുകൊടുത്ത പണമോ പിൻവലിക്കാൻ കഴിയാതെ വന്നപ്പോഴും സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്ന പേരിൽ തട്ടിപ്പുകാർ വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് താൻ വഞ്ചിക്കപ്പെടുകയാണെന്ന് പരാതിക്കാരന് മനസിലായത്.
തുടർന്ന് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി നൽകുകയും 2024 നവംബറിൽ ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. നഷ്ടമായ പണം പ്രതി സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചുവാങ്ങിയതായും ചെക്ക് വഴി പിൻവലിച്ചു ഉപയോഗിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ മുൻ സ്റ്റേഷൻ ഹൗസ് ഓഫിസര്‍ ഏലിയാസ് പി ജോർജ്ജിന്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലയിലെത്തി പ്രതിയുടെ മേൽവിലാസം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. പ്രതി വിദേശത്തേക്ക് കടന്നതായി അറിഞ്ഞതോടെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു. രണ്ടു വർഷത്തോളം വിദേശത്തു കഴിഞ്ഞ പ്രതിയെ കഴിഞ്ഞ 20-ന് ഹൈദരാബാദ് വിമാനത്താവളത്തിൽ തടഞ്ഞുവെച്ചിട്ടുള്ളതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വിഷ്ണുപ്രതീപ് ടി കെ ഐ പി എസിന്റെ നിര്‍ദേശപ്രകാരം ആലപ്പുഴ ഡി സി ആർ ബി ഡിവൈഎസ്‌പി അനന്തലാലിന്റെ മേൽനോട്ടത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസര്‍ ഹണി കെ ദാസിന്റെ നേതൃത്വത്തിലുള്ള സംഘം ഹൈദരാബാദിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പ്രതിയുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച് കർണാടക, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും പരാതികൾ നിലവിലുണ്ട്. പ്രതിയെ സഹായിച്ച ഇയാളുടെ സഹോദരിയെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ഇതേ കേസിൽ മലപ്പുറം സ്വദേശിയായ മറ്റൊരു പ്രതിയെയും മുൻപ് അറസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഹണി കെ ദാസ്, സി പി ഒമാരായ റികാസ് കെ, ജേക്കബ് സേവ്യർ, മിഥുൻനാഥ് എം എന്നിവരടങ്ങുന്ന സംഘമാണ് ഹൈദരാബാദ് ഷംഷാബാദിലുള്ള രാജീവ് ഗാന്ധി അന്താരാഷ്ട്ര എയർപോർട്ട് പൊലീസ് ഔട്ട്പോസ്റ്റിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചും ബാങ്ക് അക്കൗണ്ടുകൾ നിരീക്ഷിച്ചും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam