കോഴിക്കോട് ജില്ലയില്‍ 130 പ്രവാസികള്‍ നിരീക്ഷണത്തില്‍; മാലെദ്വീപ് കപ്പലില്‍ 21 കോഴിക്കോട് സ്വദേശികള്‍

By Web TeamFirst Published May 10, 2020, 6:13 PM IST
Highlights

കോഴിക്കോട് ജില്ലയില്‍ കൊവിഡ് കെയര്‍ സെന്ററിലുള്ള പ്രവാസികളുടെ എണ്ണം 42-ഉം വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ 88 ഉം ആയി. 

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കൊവിഡ് കെയര്‍ സെന്ററിലുള്ള പ്രവാസികളുടെ എണ്ണം 42-ഉം വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ 88 ഉം ആയി. ഇതുവരെ ആകെ 130 പ്രവാസികളാണ് ജില്ലയില്‍ എത്തിയത്. ഇതില്‍ പുതുതായി വന്ന 15 പേര്‍ ഉള്‍പ്പെടെ 30 പേര്‍ ഗര്‍ഭിണികളാണ്.

മെയ് ഒമ്പതിന് കുവൈത്തില്‍ നിന്ന് ഒരാളും മസ്‌കറ്റില്‍ നിന്ന്  11 പേരും ഇന്ന് പുലര്‍ച്ചെ ദോഹയില്‍ നിന്ന് 29 പേരുമുള്‍പ്പെടെ 41 പ്രവാസികളാണ് കോഴിക്കോട് പുതുതായി എത്തിയത്. ദോഹയില്‍ നിന്നും വന്ന മൂന്നു പേരെയും മസ്‌കറ്റില്‍ നിന്നു വന്ന എട്ട് പേരെയും  ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയര്‍ സെന്ററില്‍ ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ള 30 പേരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി. 

ഇതുകൂടാതെ ക്വലാലംപൂരില്‍ നിന്ന് ഇന്ന് രാത്രി നെടുമ്പാശ്ശേരിയിലെത്തുന്ന വിമാനത്തില്‍ 10 പേര്‍ കോഴിക്കോട് സ്വദേശികളാണ്. ഇന്ന് കൊച്ചിയിലെത്തിയ മാലെദ്വീപില്‍ നിന്നുള്ള കപ്പലില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 21 കോഴിക്കോട് സ്വദേശികളുണ്ട്. എല്ലാവരെയും ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റും. അതത് ജില്ലാ ഭരണകൂടങ്ങള്‍ ഒരുക്കുന്ന വാഹനത്തിലാണ് ഇവരെ കോഴിക്കോട്ടേക്ക് എത്തിക്കുക.

ഇന്ന്  അവസാന നിമിഷം റദ്ദാക്കിയ ദോഹ- തിരുവനന്തപുരം വിമാനത്തില്‍ മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരുമടക്കം അഞ്ച് കോഴിക്കോട് സ്വദേശികളാണ് യാത്രയ്ക്ക് ഒരുങ്ങിയിരുന്നത്. ഇവരില്‍ അടിയന്തര ചികിത്സയ്ക്ക് എത്തുന്ന മൂന്ന് പേരും ഒരു കുട്ടിയുമുണ്ട്.

click me!