
പത്തനംതിട്ട: തണ്ണിത്തോട് ടാപ്പിങ് തൊഴിലാളിയെ ആക്രമിച്ച് കൊന്ന കടുവയെ പിടിക്കാൻ വയനാട്ടിൽ നിന്ന് വിദഗ്ധസംഘം എത്തി. മയക്കുവെടി വിദഗ്ധൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള പതിനൊന്നംഗ സംഘമാണ് എത്തിയത്. കുങ്കി ആനയെയും എത്തിച്ചിട്ടുണ്ട്.
ടാപ്പിംഗ് തൊഴിലാളി വിനീഷ് മാത്യുവിനെ ആക്രമിച്ചതിന് സമീപത്ത് തന്നെ കടുവ ഉണ്ടെന്ന് വനംവകുപ്പിന്‍റെ ഡ്രോൺ നിരീക്ഷണത്തിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ രാത്രിയും കടുവ എസ്റ്റേറ്റിലെ വിവിധ ലയങ്ങൾക്ക് സമീപം എത്തി. വയനാട്ടിൽ നിന്ന് 11 അംഗ വിദഗ്ധ സംഘം സ്ഥലത്ത് എത്തി ക്യാംപ് ചെയ്യുന്നുണ്ട്.
ആറ് കൂടുകൾ സ്ഥാപിച്ചു. 20 ക്യാമറകളും നിരീക്ഷണത്തിന് സജ്ജമാക്കി. കൂടുകളിൽ അകപ്പെട്ടില്ലെങ്കിൽ കുങ്കി ആനയുടെ മുകളിൽ ഇരുന്ന് മയക്കുവെടി വെക്കാനാണ് വനംവകുപ്പിന്‍റെ നീക്കം. ആരോഗ്യമുള്ള കടുവയാണെന്നാണ് നിഗമനം. പരിശീലനം നൽകിയിട്ടുള്ള കുഞ്ചുവെന്ന കുങ്കി ആനയെ ആണ് മുത്തങ്ങയിൽ നിന്ന് എത്തിച്ചത്.
തണ്ണിത്തോട് പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. കടുവ ജനവാസ കേന്ദ്രം വിട്ടു പോകാത്തതിനാൽ ആശങ്കയിലാണ് പ്രദേശവാസികൾ. വനംവകുപ്പിന്‍റെ കൂടുതൽ റാപ്പിഡ് റെസ്പോൺസ് സംഘം മേഖലയിലുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam