15ലക്ഷം ട്രേഡിങ് ബാലൻസ്, പിൻവലിക്കാൻ ടാക്സ് അടക്കാൻ നിർദ്ദേശം, തട്ടിയത് 10 ലക്ഷം, ഇടപാടിന് ബാങ്ക് അക്കൗണ്ട് നൽകിയ 29കാരൻ പിടിയിൽ

Published : Sep 25, 2025, 11:27 AM IST
online trading fraud Naseeb

Synopsis

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമായ ശേഷം ഇതിൽ നൽകിയ ലിങ്കിലൂടെയായിരുന്നു ഇടപാടുകൾ. 15 ലക്ഷം രൂപ ബാലന്‍സ് ഉള്ളതായി കാണിച്ചെങ്കിലും ഈ പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ കഴിഞ്ഞില്ല.

തൃശൂര്‍: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലൂടെ ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം എറണാംകുളം കുമ്പളങ്ങിയില്‍ നിന്നാണ് പ്രതിയായ ആലപ്പുഴ മണ്ണംഞ്ചേരി സ്വദേശി പനയില്‍ വീട്ടില്‍ നസീബ് (29) നെ പിടികൂടിയത്. നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. ഇരിങ്ങാലക്കുട കാരുകളങ്ങര സ്വദേശി കൊളക്കാട്ടില്‍ വീട്ടില്‍ രാഗേഷാണ് തട്ടിപ്പിനിരയായത്. വാട്‌സ് ആപ്പില്‍ ലഭിച്ച സന്ദേശം വിശ്വസിച്ച് കേസിലെ പ്രധാന പ്രതികള്‍ നല്‍കിയ ലിങ്കില്‍ ക്ലിക്ക് ചെയ്ത രാഗേഷ് ഒരു ടെലിഗ്രാം ഗ്രൂപ്പില്‍ അംഗമായി. ഈ ഗ്രൂപ്പിലൂടെ ലഭിച്ച നിര്‍ദേശങ്ങള്‍ അനുസരിച്ച് www.cybercrime.gov.in എന്ന വെബ്‌സൈറ്റില്‍ ട്രേഡിങ് നടത്തിയ രാഗേഷില്‍നിന്ന് 2025 ജനുവരി 19നും 21നും ഇടയിലായി പല തവണകളായി 1001780 രൂപയാണ് പ്രതികള്‍ കൈക്കലാക്കിയത്. ട്രേഡിങ് സൈറ്റില്‍ 15 ലക്ഷം രൂപ ബാലന്‍സ് ഉള്ളതായി കാണിച്ചെങ്കിലും ഈ പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ കഴിഞ്ഞില്ല.

ഇക്കാര്യം ടെലിഗ്രാം വഴി അറിയിച്ചപ്പോള്‍, പണം പിന്‍വലിക്കാന്‍ ടാക്‌സ് ഇനത്തില്‍ 6 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പാണെന്ന് രാഗേഷിന് മനസിലായത്. തുടര്‍ന്ന്, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള ദേശീയ ഹെല്‍പ്‌ലൈന്‍ നമ്പറായ 1930-ല്‍ വിളിച്ച് പരാതി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

തട്ടിപ്പ് പൊളിഞ്ഞത് ടാക്സ് നിർദ്ദേശത്തിന് പിന്നാലെ

ഇതിന്റെ അടിസ്ഥാനത്തില്‍ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനില്‍ കേസെടുത്തു. തട്ടിപ്പ് പണം കൈമാറ്റം ചെയ്യുന്നതിനായി സ്വന്തം ബാങ്ക് അക്കൗണ്ട് പ്രധാന പ്രതികള്‍ക്ക് നല്‍കി പതിനായിരം രൂപ കമ്മീഷന്‍ കൈപ്പറ്റി തട്ടിപ്പ് സംഘത്തില്‍ ഉള്‍പ്പെട്ടതിനാണ് നസീബിനെ ഈ കേസില്‍ പ്രതി ചേര്‍ത്തത്. നസീബിന്റെ ബാങ്ക് അക്കൗണ്ട് മുഖേന രാഗേഷില്‍ നിന്ന് തട്ടിയെടുത്ത പണത്തില്‍നിന്ന് അഞ്ച് ലക്ഷത്തി എണ്ണായിരത്തി അറുനൂറ് രൂപയാണ് കൈമാറ്റം ചെയ്തത്. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ .കെ.ജെ. ജിനേഷ്, ജി.എസ്.ഐ. എം.എ. മുഹമ്മദ് റാഷി, ജി.എ.എസ്.ഐ കെ.കെ. പ്രകാശന്‍, ജി.എസ്.സി.പി.ഒ എം.എസ്. സുജിത്ത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം
കണ്ണൂരിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം